ഡോ. രാജ് വേദം. ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേര്‍സ് ബിരുദം നേടിയശേഷം, അമേരിക്കയിലെ ഓറെഗന് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും Ph.D നേടി. ഇന്ത്യന്‍ ചരിത്രം, പുരാവസ്തു ശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയില്‍ അവഗാഹം നേടിയ രാജ് വേദം ഇന്ത്യയിലും അമേരിക്കയിലുമായി ഈ വിഷയങ്ങളെ അധികരിച്ച് നൂറില്‍പ്പരം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഹിസ്റ്ററി അവേര്‍നെസ് ആന്‍ഡ് റിസര്‍ച്ച്, യുഎസ്എ എന്ന തിങ്ക് ടാങ്കിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് ഡോ രാജ് വേദം.
പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ രൂപപ്പെട്ടു വന്ന ആര്യവംശ സങ്കല്‍പ്പത്തെ ആധാരമാക്കി ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ മോര്‍ട്ടിമെര്‍ വീലര്‍ എന്ന ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റാണ് ആര്യന് അധിനിവേശ സിദ്ധാന്തം അവതരിപ്പിച്ചത്. ഭാരതത്തിലെ തനതു നാഗരികതയെ ഏതാണ്ട് 1500 BCE യില്‍ മദ്ധ്യേഷ്യയില്‍ നിന്നു തള്ളിക്കയറിയ ആര്യന്മാര് നശിപ്പിച്ച് തങ്ങളുടെ അധീശത്വം സ്ഥാപിച്ചു എന്നതാണ് ഈ സിദ്ധാന്തം. സിന്ധു നദീതടത്തില്‍ നിന്നുള്‍പ്പെടെ കണ്ടെത്തപ്പെട്ട നാഗരികതയുടെ അന്ത്യം കുറിച്ചത് ഈ അധിനിവേശം ആയിരുന്നു എന്നും അവര്‍ സിദ്ധാന്തിയ്ക്കുന്നു. മോര്‍ട്ടിമെര്‍ വീലര്‍ തന്നെ പില്ക്കാലത്തെ പ്രസിദ്ധീകരണത്തില്‍ (The Indus Civilization) തന്റെ ഈ സിദ്ധാന്തത്തിന്റെ കൃത്യതയെ സംശയിക്കുന്നുണ്ട്. ‘ഇത് (ആര്യന് അധിനിവേശം) ഒരു സാദ്ധ്യതയാണ്. എന്നാല്‍ അത് തെളിയിക്കാന്‍ കഴിയില്ല. അത് തെറ്റാവാനും മതി’ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടു മുതലേ മിഷണറിമാര്‍ ബീജാവാപം ചെയ്ത് വളര്‍ത്തിക്കൊണ്ടു വന്ന ആര്യദ്രാവിഡ വംശീയ ദ്വന്ദങ്ങള്‍ എന്ന ആശയത്തെ, ആര്യന് അധിനിവേശ സിദ്ധാന്തത്തിന്റെ വരവോടുകൂടി ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് പണ്ഡിതന്മാര് സര്‍വ്വത്മനാ ഏറ്റെടുക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അക്കാദമിക കൗണ്‍സിലുകളുടെയും, പാഠപുസ്തക സമിതികളുടേയും, സര്‍വ്വകലാശാലാ സിണ്ടിക്കേറ്റുകളുടെയും നിയന്ത്രണം ലഭിച്ച അവര്‍ അക്കാദമിക സിലബസ്സുകളിലൂടെ ഈ ആശയത്തെ സമൂഹത്തിലെമ്പാടും വ്യാപിപ്പിക്കുന്നതില്‍ വിജയിച്ചു. മോഹഞ്ജെദാരോ ഖനനത്തിനു ശേഷം ഈ ദിശയില്‍ വളരെയേറെ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ട്.
പുതിയ ശാസ്ത്രശാഖകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് പഴയ അനുമാനങ്ങള്‍ പലതും പൊളിച്ചെഴുതേണ്ടി വന്നുവെങ്കിലും, ഇന്നും സ്കൂള്‍ കോളേജ് സിലബസ്സുകളില്‍ ഈ കാലഹരണപ്പെട്ട സിദ്ധാന്തം മാറ്റമില്ലാതെ തുടരുന്നു. അക്കാദമിക, ശാസ്ത്ര വീക്ഷണങ്ങളേക്കാള്‍ രാഷ്ട്രീയ നിലപാടുകളാണ് ഇന്നത്തെ ദു:സ്ഥിതിയ്ക്ക് കാരണം. തെളിവുകളുടെ അഭാവത്തില്‍ എപ്രകാരമാണ് പഴയ ആര്യന് അധിനിവേശ സിദ്ധാന്തം, ആര്യന് കുടിയേറ്റം എന്ന നിലയിലേക്ക് മയപ്പെടുത്തപ്പെട്ടതെന്നും, ഇപ്പോഴും അതിനെതിരായി എത്ര ശക്തമായ തെളിവുകളും വസ്തുതകളുമാണ് നിലനില്‍ക്കുന്നതെന്നും ഡോ രാജ് വേദം ചൂണ്ടിക്കാണിയ്ക്കുന്നു. ഫെസ്റ്റിവല്‍ ഓഫ് ഭാരതിന്റെ അവതാരിക ദിവ്യാന്‍ശി ശാര്ദയോട് നടത്തിയ ചര്‍ച്ചയുടെ ഒരു ഭാഗമാണ് ഇവിടെ കൊടുക്കുന്നത്.
ദിവ്യാന്‍ശി: എന്റെ ചോദ്യം ഒരുപക്ഷേ കേള്‍വിക്കാരില്‍ പലരുടേയും മനസ്സിലുള്ളതായിരിയ്ക്കും. ഭാഷകളിലെ സാമ്യത്തെ കുറിച്ച് ധാരാളം ഊഹോപോഹങ്ങള്‍ ഉണ്ട്. ആര്യന് അധിനിവേശ / ആര്യന് കുടിയേറ്റ സിദ്ധാന്തത്തെ ചോദ്യം ചെയ്യുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ ? താങ്കളുടെ ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാമോ ?
രാജ് വേദം: വളരെ നന്നായി. അതെ, ഇത്തരം സിദ്ധാന്തങ്ങള്‍ വന്നപ്പോള്‍, ധാരാളം പേര് ഇവയുടെ തെളിവുകളെ പറ്റി അന്വേഷണം നടത്തിയിട്ടുണ്ട്. ഭാഷാ ശാസ്ത്രത്തിന്റെ കാര്യത്തില്‍ ധാരാളം പേര് പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോളനിവാഴ്ചക്കാലം നോക്കിയാല്‍, പാര്ജിറ്റര് (F. E. Pargiter) എന്നൊരു ഗവേഷകന് ഉണ്ടായിരുന്നു. അദ്ദേഹം നിരവധി ഭാരതീയ ഗ്രന്ഥങ്ങള്‍ പരിശോധിച്ചു. ഋഗ്വേദത്തെ കുറിച്ച് അദ്ദേഹം കണ്ടെത്തിയ ഒരു കാര്യം ഒന്നുമുതല്‍ പത്തുവരെയുള്ള മണ്ഡലങ്ങള്‍ അവയുടെ പഴക്കത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അങ്ങനെ ക്രമീകരിച്ചിരിയ്ക്കുന്നത് എന്നാണ്. അവയില്‍ ചിലത് വളരെ പഴയതും, മറ്റു ചിലവ പില്ക്കാലത്ത് ഉണ്ടായവയുമാണ്. അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ഋഗ്വേദത്തിലെ പ്രാചീന മന്ത്രങ്ങളെ നോക്കിയാല്‍ അവയെല്ലാം സരസ്വതി നദിയുടെ കിഴക്കുള്ള ഭൂപ്രദേശങ്ങളെ കുറിച്ചാണ് പറയുന്നത്, പില്ക്കാലത്തുണ്ടായ മണ്ഡലങ്ങളാണ് നദിയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളെക്കുറിച്ച് പറയുന്നത്. അദ്ദേഹം മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള പുണ്യസ്ഥലങ്ങളെ കുറിച്ച് യാതൊരു തെളിവുകളും അവയിലില്ല. അതേസമയം വാരണാസി, ബെനാറസ് തുടങ്ങിയ സ്ഥലങ്ങള്‍ സാംസ്കാരികമായി വളരെ പ്രധാന്യമുള്ളവയായി കാണപ്പെടുന്നുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്വന്തം രാജ്യക്കാര്‍ പറയുന്നതിന് വിരുദ്ധമായി പടിഞ്ഞാറു നിന്ന് കിഴക്കോട്ടേയ്ക്കല്ല, മറിച്ച് കിഴക്കുനിന്ന് പടിഞ്ഞാറേയ്ക്കാണ് ഇവിടെ കുടിയേറ്റം നടന്നിരിയ്ക്കുന്നത് എന്നദ്ദേഹം വാദിച്ചു.
നമ്മുടെ കാലത്ത് ശ്രീകാന്ത് തലഗേരിയെ (Shrikant G Talageri) പോലുള്ളവര്‍ ഈ ദിശയില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധ ഋഗ്വേദ മണ്ഡലങ്ങളുടെ പഴക്കങ്ങളിലെ ഈ വ്യത്യാസം അദ്ദേഹവും ശ്രദ്ധിച്ചിട്ടുണ്ട്. പഴയ മണ്ഡലങ്ങള്‍ കിഴക്കുള്ള നദികളെ കുറിച്ച് വര്‍ണ്ണിയ്ക്കുമ്പോള്‍, പുതിയ മന്ത്രങ്ങള്‍ പടിഞ്ഞാറുള്ള നദികളെ കുറിച്ചാണ് പറയുന്നത്. ജനങ്ങള്‍ വടക്ക് പടിഞ്ഞാറു നിന്നാണ് വന്നതെങ്കില്‍, അവര്‍ ആദ്യം പടിഞ്ഞാറുള്ള നദികളെയാണ് കണ്ടുമുട്ടേണ്ടത്. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് കാണുന്നത്. അതുപോലെ ഇന്ത്യന്‍, പേര്‍ഷ്യന്‍ ജനങ്ങളെ കുറിച്ചുള്ള പരമര്ശങ്ങളിലും ഈ കാലവ്യത്യാസം കാണാം. പില്ക്കാലത്തെ മന്ത്രങ്ങളിലാണ് പേര്‍ഷ്യക്കാരെ കുറിച്ചും ചക്രങ്ങളെ കുറിച്ചും അതുപോലുള്ള മറ്റു കാര്യങ്ങളും പറയുന്നത്. ഇതും വിരല്‍ ചൂണ്ടുന്നത് കിഴക്കു നിന്നും പടിഞ്ഞാറേക്കുള്ള കുടിയേറ്റത്തെയാണ്. അതുപോലെ വാക്കുകള്‍ക്ക് വരുന്ന മാറ്റങ്ങളെ കുറിച്ചും ശ്രീകാന്ത് തലഗേരി പറയുന്നു. ഉദാഹരണത്തിന് മുട്ടാണിലെ രാജാക്കന്മാരുടെ പേരുകള്‍ തുടങ്ങിയവയില്‍ വരുന്ന മാറ്റങ്ങള്‍. ചില പേരുകള്‍ ചില കാലഘട്ടത്തില്‍ ഫാഷന്‍ ആയിരിയ്ക്കും, മറ്റുചില പേരുകള്‍ ഔട്ട് ഓഫ് ഫാഷന്‍ ആവും. ഫാഷനും ഔട്ട് ഓഫ് ഫാഷനും ആയ അന്നത്തെ പേരുകളോട് ബന്ധപ്പെടുത്തി കാലഘട്ടത്തിന്റെ പഴക്കം നോക്കുമ്പോള്‍ പല പ്രചാരമുള്ള സിദ്ധാന്തങ്ങളേയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഇവിടെ പരാമശിക്കപ്പെടുന്ന ജനതയുടെ ജന്മദേശം വടക്കു പടിഞ്ഞാറന്‍ ഭാരതമാണ് എന്നാണെങ്കില്‍, ചെറിയ ചില വിമര്‍ശനങ്ങള്‍ ഒഴിച്ചാല്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഭാഷാശാസ്ത്ര മാതൃകയോട് ഏറെക്കുറേ യോജിയ്ക്കാന്‍ ശ്രീകാന്ത് തലഗേരി തയ്യാറാണ്. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള കുടിയേറ്റം എന്നത് ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിശദീകരിയ്ക്കാന്‍ പറ്റും. എന്നാല്‍ അവരുടെ ജന്മദേശം ഒരിയ്ക്കലും മദ്ധ്യേഷ്യ ആകാന്‍ കഴിയില്ല. ഇതാണ് തലഗേരിയുടെ സിദ്ധാന്തത്തിന്റെ കാതല്‍.
മറ്റൊരു ഗവേഷകനായ നിക്കോളാസ് കന്‍സാസ്, പഠനം നടത്തിയത് ഈ ദേശങ്ങളിലെ കഥകളെ കുറിച്ചാണ്. യൂറോപ്പിലേയും ഇന്ത്യയിലേയും കഥകളെ താരതമ്യം ചെയ്ത് അവയില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ കിട്ടുമോ എന്നദ്ദേഹം പഠനം നടത്തി. അദ്ദേഹം പറയുന്നത്, ഒരു പ്രാഗ് ഇന്തോ യൂറോപ്യന്‍ ഭാഷ (proto-indo-european language) ഉണ്ടെങ്കില്‍ തന്നെ അതിനെ പുനരാവിഷ്ക്കരിയ്ക്കാനുള്ള യാതൊരു മാര്‍ഗ്ഗവും ഇപ്പോഴില്ല. അതിനെ പുനര്‍നിര്‍മ്മിക്കാനുള്ള വിവരങ്ങള്‍ ഇന്നത്തെ ഒരു ഭാഷയിലും ലഭ്യമല്ല, കാരണം അത് അത്രമാത്രം പഴയതാണ്. അതുകൊണ്ട് ഈ പ്രാഗ് ഭാഷയെ ആധാരമാക്കിയുള്ള എല്ലാ പ്രബന്ധങ്ങളും വെറും അസംബന്ധം മാത്രമാണ് എന്നദ്ദേഹം പറയുന്നു. അത് കസനാസില് നിന്ന് കിട്ടുന്ന വളരെ ശക്തമായ ഒരു തീര്‍പ്പാണ്. അപ്പോള്‍ ഭാഷാശാസ്ത്ര മാതൃകയെ പിന്തുടര്ന്നാല് ഇക്കാര്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.
ഇനി ആര്‍ക്കിയോളജി നോക്കാം. പുരാവസ്തു ശാസ്ത്രമാണ് ആര്യന് അധിനിവേശ സിദ്ധാന്തം മുന്നോട്ട് വച്ചത്. ഹാരപ്പ എങ്ങനെയാണ് കണ്ടെത്തിയത് ആരൊക്കെയാണ് ആദ്യം അവിടെ പ്രവര്‍ത്തിച്ചിരുന്നത് എന്ന് പരിശോധിച്ചാല്‍ അത് മാര്‍ഷല്‍ ആയിരുന്നു എന്ന് കാണാന്‍ കഴിയും. മോഹഞ്ചെദാരോ, ഹാരപ്പാ നാഗരികതകളെ കുറിച്ചുള്ള കണ്ടെത്തലുകള്‍ അദ്ദേഹം മുന്നോട്ട് വച്ചപ്പോള്‍ പറഞ്ഞത് അവിടത്തെ നാഗരികത 3500 BCE ല്‍ തുടങ്ങി 2700 BCE യില്‍ അവസാനിച്ചതിന് തെളിവുകള്‍ ഉണ്ട് എന്നായിരുന്നു. ഇത് ആര്യന്മാര് ഇന്ത്യയിലേക്ക് വന്നു എന്ന് പറയുന്നതിന് ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അദ്ദേഹത്തിന് ശേഷം വന്ന, മോട്ടിമെര് വീലര്‍ എന്ന മറ്റൊരു ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞനാണ് 2700 BCE എന്ന കാലയളവിനെ മാറ്റി 1500 BCE എന്ന ഡേറ്റിലേക്ക് മുന്നോട്ടാക്കിയത്. ആര്യന് അധിനിവേശ സിദ്ധാന്തം കടന്നു വരുന്നതിനുള്ള സൗകര്യത്തിനായി ആദ്യം പറഞ്ഞിരുന്ന ഡേറ്റ് തിരുത്തി !
അതേ സമയത്ത് തന്നെയാണ് ഋഗ്വേദത്തിലെ ‘തങ്ങള്‍ക്ക്’ സൗകര്യപ്രദമായ അര്‍ത്ഥങ്ങള്‍ തേടിയുള്ള വായനയും ആരംഭിച്ചത്. ദസ്യുക്കളുടെ മേല്‍ ഇന്ദ്രനും സൈന്യവും നടത്തിയ ആക്രമണങ്ങളും മറ്റും അവര്‍ ഇതിനോട് ബന്ധിപ്പിക്കാന്‍ തുടങ്ങി. പുരന്ദരന്‍ അഥവാ കോട്ടകളെ തകര്‍ക്കുന്നവന്‍ (ഇന്ദ്രന്) വന്ന് ഹാരപ്പന്‍ ജനവാസ കേന്ദ്രങ്ങളെ നശിപ്പിയ്ക്കുന്ന കഥകളും മറ്റും ഈ ആര്യന് അധിനിവേശത്തിന് തെളിവുകളായി നിരത്തി. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ ഇതില്‍ പൊടിപ്പും തൊങ്ങലുകളും ചേര്‍ക്കാന്‍ തുടങ്ങി. അധിനിവേശത്തിന്റെ തെളിവായി അസ്ഥികൂടങ്ങളും, കത്തിയെരിഞ്ഞ നഗരങ്ങളും ഉണ്ടെന്ന് പോലും അവകാശപ്പെട്ടു. ഉദാഹരണത്തിന്, ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് ചരിത്രവീക്ഷണത്തിന്റെ പിതാവായ കൊസാംബിയെ പോലുള്ളവര്‍ വന്ന് വികസിതമായ ഒരു നാഗരികതയെ, വേറൊരു പ്രാകൃത സംസ്കാരം നശിപ്പിച്ചതിന്റെ തെളിവുകള്‍ ആണിതൊക്കെ എന്ന് വാദിയ്ക്കാന് തുടങ്ങി. അങ്ങനെ ഒരു സംഘര്‍ഷ മാതൃക ഉരുത്തിരിഞ്ഞു വരികയായിരുന്നു.
ഇതെല്ലാം അക്കാലത്തു തന്നെ കൃത്യമായി ഖണ്ഡിക്കപ്പെട്ടിരുന്നു എന്നതാണ് വസ്തുത. ഉദാഹരണത്തിന് പി. വി. കാനെ പറഞ്ഞത് അത്തരം ഒരു നശീകരണത്തിന്റെയും തെളിവുകള്‍ ഇല്ല എന്നാണ്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന അസ്ഥികൂടങ്ങള്‍ കാണപ്പെട്ടത് പലസ്ഥലത്തായി ഭൂമിയിലെ പല അടരുകളിലായിട്ടാണ്. അല്ലാതെ 1500 BCE കാലത്ത് നടന്ന ഏതെങ്കിലും പ്രത്യേക സംഭവവുമായി ബന്ധപ്പെട്ടതല്ല എന്ന് മറ്റു പലരും ചൂണ്ടിക്കാണിച്ചു. അതാണ് ആദ്യത്തെ തെളിവ്. ഡേലും മറ്റു ചില ഗവേഷകരും പറഞ്ഞത് അവിടെ വലിയ തോതിലുള്ള തീപിടുത്തത്തിന്റെ തെളിവുകള്‍ ഒന്നുമില്ല എന്നാണ്. അസ്ഥി വിദഗ്ദനായ കെന്നെത്ത് കെന്നഡി പറഞ്ഞത് കണ്ടെത്തിയ അസ്ഥികളില്‍ പരിക്കുകളുടെ അടയാളങ്ങള്‍ ഉണ്ടെങ്കിലും ചിലവ പിന്നീട് കൂടിച്ചേര്ന്നിരുന്നതായും കാണപ്പെട്ടു. അതിനര്‍ത്ഥം ആ മനുഷ്യര്‍ പ്രസ്തുത സംഭവത്തില്‍ മരിച്ചിരുന്നില്ല. ഇതെല്ലാം കാണിയ്ക്കുന്നത് അത്തരം ഒരു അധിനിവേശം ഉണ്ടായിട്ടില്ല എന്നാണ്. അതുകൊണ്ടാണ് ഈ കഥ പിന്നീട് ആര്യന് അധിനിവേശത്തില്‍ നിന്ന് ആര്യന് കുടിയേറ്റം ആയി പരിവര്‍ത്തനപ്പെട്ടത്.
അങ്ങനെ നമ്മള് ഭാഷ ശാസ്ത്രവും പുരാവസ്തു ശാസ്ത്രവും കണ്ടു. ഇതിന്റെ തെളിവുകളെ കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ വേറെയും ധാരാളം കാര്യങ്ങളെ കുറിച്ച് സംസാരിയ്ക്കാനുണ്ട്. ഉദാഹരണത്തിന് ജനിതകശാസ്ത്രം. ഇന്ന് ധാരാളം പേര് ജനിതകശാസ്ത്രത്തെ പറ്റി പറയുന്നു. ധാരാളം ആളുകള്‍ തട്ടിക്കളിച്ചു കൊണ്ട് നടക്കുന്ന ഒന്നാണ് ജനിതകശാസ്ത്രം. എന്താണ് ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ ഒക്കെ സിദ്ധാന്തിക്കാന്‍ ശ്രമിയ്ക്കുന്നത് എന്ന് വളരെ പേര്‍ക്കൊന്നും മനസ്സിലാകുന്നില്ല. കാരണം ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു മേഖലയാണ്. വസ്തുതാപരമായ തെളിവുകള്‍ക്കുപരി അവകാശവാദങ്ങള്‍ ആണ് ഉയര്‍ത്തി കാണിയ്ക്കുന്നത്. ഹാര്വാര്ഡിലെയോ മറ്റോ ഒരാള്‍ വന്ന് ഈ പ്രബന്ധം പറയുന്നത് ഇതാണ് എന്ന് അവകാശപ്പെട്ടാല്‍ കഴിഞ്ഞു. മാദ്ധ്യമങ്ങളും മറ്റുള്ളവരും വലിയ കോലാഹലത്തോടെ അതിന് പ്രചാരം കൊടുക്കുന്നു. ആരും ഗവേഷണഫലത്തെ നമുക്കുള്ള മറ്റുകാര്യങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്താന്‍ തയ്യാറാകുന്നില്ല. ജനിതകശാസ്ത്രത്തെ കുറിച്ചും അതിലെ സമ്പ്രദായങ്ങളെ കുറിച്ചും അവയെ എങ്ങനെ വിലയിരുത്തണം എന്നതിനെ കുറിച്ചുമെല്ലാം ഞാനെന്റെ പ്രഭാഷണങ്ങളില്‍ ധാരാളം സംസാരിച്ചു കഴിഞ്ഞു. അതുകൊണ്ട് അവയെല്ലാം വീണ്ടും ഇവിടെ ആവര്‍ത്തിക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല.
ഇവയ്ക്ക് പുറമേ നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്ന വലിയൊരു വസ്തുതയാണ് സരസ്വതി നദി. ഹിമാലയത്തില്‍ നിന്നാരംഭിച്ച് സമുദ്രത്തിലേക്ക് ഒഴുകുന്ന വളരെ വലിയ ഒരു നദിയായിട്ടാണ് സരസ്വതി നദി ഋഗ്വേദത്തില്‍ പറയപ്പെട്ടിരിയ്ക്കുന്നത്. അപ്പോള്‍ ആര്യന്മാര് 1500 BCE കാലത്ത് വന്ന് സരസ്വതി നദിയെ കണ്ടിട്ട് ഇതെഴുതി എന്നു പറഞ്ഞാല്‍ അതില്‍ വളരെ വലിയൊരു പ്രശ്നമുണ്ട്. കാരണം നമ്മുടെ ജലശാസ്ത്ര മാതൃകകള്‍ പറയുന്നത് ഭൂപാളികളിലെ ചലനമോ അതുപോലുള്ള മറ്റെന്തോ കാരണം കൊണ്ട് 1900 BCE യില്‍ തന്നെ ഈ നദി വറ്റിപ്പോയി എന്നാണ്. ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് ഈ നദികളുടെ ധാതുഘടനയും ഒഴുക്കും പഠനം നടത്തിയ നമ്മുടെ ഒരു ഐഐടിയില്‍ നിന്ന് ഇറങ്ങിയ പ്രബന്ധം പറയുന്നത് രണ്ട് വറ്റാത്ത ഘട്ടങ്ങള്‍ സരസ്വതി നദിയില്‍ ഉണ്ടായിരുന്നു എന്നാണ്. വറ്റാത്ത എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത് വര്‍ഷം മുഴുവനും ഒഴുകുന്നത്. ആദ്യഘട്ടം ഏകദേശം 80,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ഘട്ടം 9000 വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ 4000 വര്‍ഷങ്ങള്‍ക്കു മുമ്പു വരെ നിലനിന്നിരുന്നു. അതായത് ഈ നദിയ്ക്ക് 9000 വര്‍ഷത്തിനും 4000 വര്‍ഷത്തിനും ഇടയില്‍ വര്‍ഷം മുഴുവന്‍ ഒഴുകിയിരുന്ന ഒരു പ്രവാഹം ഉണ്ടായിരുന്നു. അതിനു ശേഷം അത് വറ്റിപ്പോയി. അപ്പോള്‍ ചോദ്യമിതാണ്. BCE 1500 ല്‍ കുടിയേറി വന്നു എന്നു പറയപ്പെടുന്ന ആര്യന്മാര് എങ്ങനെയാണ് അന്ന് ഇല്ലാത്ത ഒരു നദിയെ കണ്ടു എന്ന് രേഖപ്പെടുത്തി വച്ചിരിയ്ക്കുന്നത് ? അത് അസാദ്ധ്യമാണ്. സരസ്വതി ഈ സിദ്ധാന്തങ്ങളെ വെല്ലുവിളിയ്ക്കുന്ന ഉദാഹരണമാണ്.
എന്നാല്‍ തീര്‍ച്ചയായും ഇവിടെയും അധിനിവേശവാദികള്ക്കും കുടിയേറ്റവാദികള്ക്കും പറയാന്‍ കഥകളുണ്ട്. അതില്‍ ഒരു കഥ, എന്‍സിഇആര്‍ടി പറയുന്നതു പോലെ സരസ്വതി ഒരു ഇതിഹാസ നദിയാണ് എന്നതാണ്. അതായത് വെറും ഭാവനയില്‍ വിരിഞ്ഞ ഒരു നദീ സങ്കല്‍പ്പം. എന്‍സിഇആര്‍ടി ഈ നദിയെപ്പറ്റി പേരെടുത്ത് പോലും പറയാന്‍ തയ്യാറല്ല. നിങ്ങള്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ പരിശോധിച്ചു നോക്കൂ. ഒരിടത്തും ഈ നദിയെപ്പറ്റി പറയാന്‍ പോലും അവര്‍ ധൈര്യപ്പെടുന്നില്ല. പറയുമ്പോള്‍ അതിനെ ഒരു സാങ്കല്‍പ്പിക നദിയായിട്ടാണ് വിശേഷിപ്പിയ്ക്കുന്നത്. വേറൊരു കഥ, അഫ്ഗാനിസ്ഥാന് വഴി ഇന്ത്യയിലേക്കുള്ള കുടിയേറ്റ പാതയില്‍ അവര്‍ വേറെ പല നദികളും കണ്ടു. ഹരസ്വതി എന്ന് പേരുള്ള നദിയെ സരസ്വതി എന്ന് പേര് വിളിച്ചതായിരിക്കാം എന്നിങ്ങനെ പോകുന്നു. ആഭ്യന്തരമായി കിട്ടുന്ന ഏതെങ്കിലും തെളിവുകള്‍ അവര്ക്കെതിരാവുമ്പോള് ഇങ്ങനെയാണ് പുതിയ വിവരണങ്ങളും അസത്യങ്ങളും വച്ചുകെട്ടുന്നത്.
നമ്മള് ഇതുവരെ ഭാഷാശാസ്ത്രം, പുരാവസ്തുശാസ്ത്രം, ജനിതകശാസ്ത്രം, ജലശാസ്ത്രം എന്നിവയെ പറ്റി സംസാരിച്ചു. ഇനി ആഭ്യന്തര തെളിവുകളും ഉണ്ട്. എല്ലാ ഭാരതീയ ഗ്രന്ഥങ്ങളും വലിയ പ്രാചീനത ഉള്ളവയാണ്. ആര്യന് കുടിയേറ്റത്തെ കുറിച്ചുള്ള ഈ ചര്‍ച്ചയില്‍ നമ്മുടെ ഗ്രന്ഥങ്ങള്‍ അപ്രസക്തമാണ് എന്ന ഒരു നിലപാടിലാണോ നമ്മള് നില്‍ക്കുന്നത് ? ഇത് മാക്സ് മുള്ളറും കൂട്ടരും ഉണ്ടാക്കിയെടുത്ത ഒരു മാനസിക നിലയാണ്. അവരുടെ മാതൃകകള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ഭാരതീയ ഗ്രന്ഥങ്ങള്‍ ഒന്നും വിശ്വസിക്കാവുന്നതോ അതുകൊണ്ടു തന്നെ പ്രസക്തമോ അല്ലെന്നുള്ള ഒരു നിലപാട് അവര്‍ സ്വീകരിയ്ക്കുകയായിരുന്നു. ഈയൊരു ചിന്ത അന്നുമുതല്‍ ഇന്നോളം സമൂഹത്തില്‍ പരന്നിരിയ്ക്കുന്നു. നമുക്ക് ചരിത്ര വസ്തുതകള്‍ തരാന്‍ കഴിയുന്ന വളരെ വലിയൊരു ഗ്രന്ഥസമുച്ചയം തന്നെയുണ്ടെങ്കിലും നമ്മള് ബോധപൂര്‍വ്വം അവയെ അവഗണിയ്ക്കുകയാണ്.
നമ്മള് മതേതര സമൂഹമാണ്. അതുകൊണ്ട് നമ്മള് നമ്മുടെ സ്വന്തം ജനങ്ങളുടെ ചരിത്രം എഴുതി വച്ചിരിയ്ക്കുന്ന ഗ്രന്ഥങ്ങളില്‍ നിന്നും അത് കാണുകയില്ല. ഋഷിമാര്‍ ഉണ്ടെങ്കിലും, അഥവാ അവരുടെ കൃതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നമ്മള് ആ ഗ്രന്ഥ കര്‍ത്താക്കളെ പറ്റിയോ അവരുടെ കൃതികളെ പറ്റിയോ സംസാരിയ്ക്കുക പോലും ചെയ്യില്ല. ഇത് നമ്മള് ഇന്ന് എത്തിച്ചേര്‍ന്നിരിയ്ക്കുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ്. നമ്മുടെ കഴിഞ്ഞകാല മനീഷികളുടെ കൃതികളെ നമ്മള് വിലകുറച്ചു കാണുന്നു. എന്നാല്‍ ആര്യന് അധിനിവേശം പോലുള്ള സിദ്ധാന്തങ്ങളെ വെല്ലുവിളിയ്ക്കാന്‍ പര്യാപ്തമായ ധാരാളം വിവരങ്ങളും തെളിവുകളും അവയിലുണ്ട്.
ഞാന്‍ ബി. ബി. ലാലിന്റെ നിരീക്ഷണം കൂടി പറഞ്ഞ് അവസാനിപ്പിയ്ക്കാം. ബി. ബി. ലാല്‍ വളരെക്കാലം ഇന്ത്യയിലെ ഏറ്റവും അറിയപ്പെട്ട പുരാവസ്തു ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു. തുടക്കത്തില്‍ അദ്ദേഹം വീലറോടൊപ്പം ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം ഹാരപ്പന്‍ പുരാവസ്തു പഠനത്തിലും മറ്റും വ്യാപൃതനായിരുന്നു. ചായം തേച്ച മണ്‍പാത്രങ്ങളും കളിമണ്‍ ശില്‍പ്പങ്ങളും ഒക്കെ പഠിച്ച ശേഷം അദ്ദേഹം പറഞ്ഞത് കുരുക്ഷേത്രത്തില്‍ ഒരു യുദ്ധം നടന്നു എന്നതിന് യാതൊരു തെളിവുകളും ഇല്ല എന്നാണ്. കളിമണ്‍ ശില്പങ്ങളിലെ തെളിവുകള്‍ കുറഞ്ഞൊരു കാലഘട്ടത്തിലേക്ക് മാത്രമേ നമ്മെ എത്തിയ്ക്കുന്നുള്ളൂ.
ഇതൊക്കെ പറഞ്ഞപ്പോള്‍ ആദ്യ കാലഘട്ടത്തില്‍ അദ്ദേഹം മാര്‍ക്സിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. എന്നാല്‍ നീണ്ട കാലത്തെ സേവനത്തിനു ശേഷം അദ്ദേഹം തന്റെ നിലപാടുകള്‍ മാറ്റി. ഇന്ത്യന്‍ ചരിത്രത്തെ കാലഘട്ടങ്ങളായി തിരിയ്ക്കാന്‍ കഴിയില്ല എന്നദ്ദേഹം പറഞ്ഞു. ഹാരപ്പന്‍ കാലഘട്ടം, അതിനു ശേഷം വേദകാലഘട്ടം എന്നിങ്ങനെ ചരിത്രത്തെ വിഭജിയ്ക്കാന്‍ ശ്രമിച്ചാല്‍ അത് വെറും ഭോഷ്ക്കാണ്. കാരണം ഇവയെല്ലാം പരസ്പരം പൂര്‍ണ്ണമായും കെട്ടു പിണഞ്ഞാണ് കിടക്കുന്നത് എന്നതിന് എല്ലാ തെളിവുകളും ഉണ്ട്. ഇവ തമ്മില്‍ ഒരു വേര്‍തിരിവ് അദ്ദേഹം കാണുന്നില്ല. ഇന്ത്യന്‍ സംസ്കൃതിയില്‍ നൈരന്തര്യമാണ് അദ്ദേഹം കാണുന്നത്. ഇക്കാര്യം ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹം സാംസ്കാരിക നൈരന്തര്യത്തെ കാണിയ്ക്കുന്ന പല ആശയങ്ങളും മുന്നോട്ടു വച്ചു. ഉദാഹരണത്തിന് നമസ്തേ സ്ഥിതി. ഇത് ഹാരപ്പയിലെ കളിമണ്‍ ശില്പങ്ങളില് തന്നെ നമുക്ക് കാണാനാകും. ചില തരം കായിക വിനോദങ്ങള്‍, ചില കൃഷികള്‍ തുടങ്ങി നമുക്ക് ഹാരപ്പാ കാലഘട്ടം മുതല്‍ വൈദികം എന്ന് പറയപ്പെടുന്ന കാലഘട്ടത്തിലൂടെ ഇന്നോളം ഒരു സാംസ്കാരിക തുടര്‍ച്ച ഉണ്ടായിരുന്നു. ഈ നിരീക്ഷണത്തെ പിന്തുണയ്ക്കുന്ന അനവധി കാര്യങ്ങള്‍ ഉണ്ട്. ഇവയെല്ലാം ഇന്നത്തെ കാലഘട്ട വിഭജന സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യുന്നവയാണ്.
ദിവ്യാന്ശീ, പല മേഖലകളില്‍ നിന്നും ഇതുപോലെ ധാരാളം തെളിവുകള്‍ ഉണ്ട്. ഓരോന്നിലൂടെയും വിശദമായി കടന്നു പോകാന്‍ വളരെ സമയമെടുക്കും. നമ്മളിവിടെ അവയില്‍ കുറച്ചെണ്ണത്തിലൂടെ ഒന്നോടിച്ചു പോവുകയാണ് ചെയ്തത്.
ദിവ്യാന്‍ശി: വളരെ നന്ദി സര്. താങ്കളുടെ പ്രഭാഷണം കേള്‍ക്കുന്നവര്‍ നേടുന്ന അറിവ് വിലമതിയ്ക്കാനാവാത്തതാണ്. ഇതൊന്നും സ്കൂളുകളില്‍ നമ്മളെ പഠിപ്പിയ്ക്കുന്നില്ല. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ഞാന്‍ ഈ വര്‍ഷം ബിരുദം പൂര്‍ത്തിയാക്കും. എന്നാല്‍ താങ്കള്‍ ഈ പറഞ്ഞതില്‍ ഒന്നുപോലും എന്നോട് ഇതുവരെ പറയപ്പെട്ടിട്ടില്ല. നമ്മളോട് പറയപ്പെട്ടത് മിക്കതും കളവുകളായിരുന്നു. സരസ്വതി നദിയുടെ കാര്യത്തിലെന്ന പോലെ തങ്ങള്‍ക്ക് തെളിയിക്കാനോ അംഗീകരിയ്ക്കാനോ കഴിയാത്തതിനെയൊക്കെ ഇതിഹാസവല്ക്കരിച്ചത് കാണുമ്പോള്‍ അവര്‍ ഇതുവരെ പഠിപ്പിച്ചതിനെയൊക്കെ ചോദ്യം ചെയ്യേണ്ടി വരുന്നു. നമുക്ക് വേണ്ടി ഒരു പുതിയ ചരിത്രം തന്നെ അവര്‍ ഉണ്ടാക്കിയെടുത്തു കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: