കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക് നാം ശ്രവിച്ച ഏറ്റവും പ്രിയപ്പെട്ട പത്തോ പതിനഞ്ചോ പാട്ടുകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചാല്‍, ആരുടെ തെരഞ്ഞെടുപ്പിലും പൂവ്വച്ചല്‍ ഖാദറിന്റെ ഒരുപാട്ടെങ്കിലും ഇടം പിടിക്കും. എസ്. ജാനകിയുടെ മധുരശബ്ദത്തില്‍ കേള്‍ക്കാനായ ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…’ എന്ന പാട്ടാകും ഒരുപക്ഷേ അത്. എസ്. ജാനകിയുടെ തന്നെ ‘മൗനമേ നിറയും മൗനമേ…’ എന്നപാട്ടുമാകാം. ‘എതോ ജന്മകല്പ്പനയില് ഏതോ ജന്മവീഥികളില്‍…’, ‘നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…’, ‘ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍ എത്തിടാമോ പെണ്ണേ…’, ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കൈയ്യില്‍ വാര്‍മതിയേ…’, ‘പൂ മാനമേ ഒരു രാഗമേഘം താ…’ തുടങ്ങിയ പാട്ടുകളും ആ പട്ടികയില്‍ ഇടംപിടിക്കും. വയലാറിനും പി. ഭാസ്കരനും ഒഎന്‍വിക്കും ശ്രീകുമാരന്‍തമ്പിക്കും ശേഷം ഏറ്റവും കൂടുതല്‍ നല്ല ഗാനങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരനാണ് പൂവ്വച്ചല്‍ ഖാദര്‍. ചലച്ചിത്രഗാനാസ്വാദകര്‍ ഹൃദയത്തില്‍ മുത്തുപോലെ സൂക്ഷിച്ചുവയ്ക്കുന്ന അനവധി ഗാനങ്ങള്‍. പ്രണയത്തിന്റെ കാല്പനികഭാവത്തെ ഏറെ വൈകാരികതയോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
നമ്മുടെ സിനിമാസങ്കല്പങ്ങളും പാട്ടുശൈലിയും മാറിവന്ന എഴുപതു കാലത്താണ് പൂവ്വച്ചല്‍ ഖാദറെന്ന സാധാരണക്കാരന് പാട്ടെഴുത്തില്‍ എത്തുന്നത്. സംഗീതസംവിധായകര്‍ നല്കുന്ന ഈണത്തിനൊപ്പിച്ച് പാട്ടെഴുതുന്ന ശൈലി പ്രചാരം നേടിയതും അക്കാലത്താണ്. ഈണം നല്കിയാല് വേഗത്തില്‍ പാട്ടെഴുതി നല്കുന്നയാള് എന്ന ഖ്യാതി പൂവച്ചലിനുണ്ടായിരുന്നു. എന്നാല്‍ പാട്ടിലെ സാഹിത്യവും കവിതയും ഒട്ടും ചോര്‍ന്നുപോകാതെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്.
മലയാളത്തില്‍ ഉണ്ടായ ഏറ്റവും അര്‍ഥസമ്പുഷ്ടവും മാധുര്യമുള്ള പ്രാര്‍ഥനാഗാനമാണ് ‘നീയെന്റെ പ്രാര്‍ഥന കേട്ടു ദേവാ നീയെന്റെ മാനസം കണ്ടു…’ എന്നത്. പീറ്റര്‍ റൂബിന് ഈണം നല്കി മേരി ഷൈല പാടിയ ഈ പാട്ട് കേള്‍ക്കാത്തവരുണ്ടാകില്ല. പാട്ടു പ്രശസ്തമായെങ്കിലും അതെഴുതിയ കവിയെ പലരും മറന്നുപോയി. പൂവച്ചല്‍ ഖാദറിന് അത്തരത്തില്‍ ചില യോഗങ്ങളുണ്ടായിട്ടുണ്ട്. പല നല്ല പാട്ടുകളും എഴുതിയത് അദ്ദേഹമാണെന്ന് പലര്‍ക്കും അറിയില്ല. റേഡിയോയിലെ ലളിതഗാനങ്ങള്‍ക്ക് വളരെയധികം ആസ്വാദകരുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അക്കാലത്തെ പ്രശസ്തമായ റേഡിയോ ലളിതഗാനങ്ങളായിരുന്നു ”ജയദേവ കവിയുടെ ഗീതികള്‍….’, ‘രാമയണക്കിളി ശാരികപ്പൈങ്കിളി…’ എന്നിവ. അതെഴുതിയത് ഖാദറാണെന്ന് പലര്‍ക്കും അറിയില്ല. ഖാദറിന് അതില്‍ ഒട്ടും പരിഭവവുമുണ്ടായിട്ടില്ല. കാരണം, പാട്ടുകള്‍ക്ക് അങ്ങനെയൊരു യോഗമുണ്ട്. പാടിക്കഴിഞ്ഞാല്‍ പിന്നീട് അവിടെ എഴുത്തുകാരനും സംഗീതസംവിധായകനുമൊന്നുമില്ല. പാട്ടു മാത്രമേയുള്ളു എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ സ്വദേശിയായ ഖാദര്‍ എഞ്ചിനീയറുടെ കുപ്പായം അഴിച്ചുവച്ചാണ് പാട്ടെഴുത്തില്‍ സജീവമാകുന്നത്. ഉദ്യോഗത്തില്‍ ആദ്യനിയമനം കോഴിക്കോട്ടായിരുന്നു. കോഴിക്കോടു ജീവിതമാണ് ഖാദറിലെ കവിയെ സിനിമാഗാനങ്ങളിലേക്ക് അടുപ്പിച്ചത്. സര്‍ഗപ്രതിഭകളുടെ താവളമായിരുന്നു അന്ന് കോഴിക്കോട്. എംടിയും എന്‍പിയും തിക്കോടിയനും കക്കാടും അടങ്ങുന്ന മുതിര്‍ന്ന എഴുത്തുകാരുടെ കൂട്ടം. അവരുടെ ആരാധകരായി യുവാക്കളും. ആ കൂട്ടത്തിലേക്ക് പൂവച്ചല്‍ ഖാദറും എത്തപ്പെട്ടു. എം.എന്‍. കാരശ്ശേരി, യു.കെ. കുമാരന്, കാനേഷ് പൂനൂര്, ഐ.വി. ശശി തുടങ്ങിയവരുടെ കൂട്ടായ്മയായിരുന്നു അത്. ചിത്രകാരന് കൂടിയായിരുന്നു ഐ.വി. ശശി. ഉള്ളുനിറയെ സിനിമാ സംവിധാനമോഹമായിരുന്നു ശശിക്ക്. സംവിധായകനായാല്‍ പൂവച്ചല്‍ ഖാദറിനെക്കൊണ്ട് പാട്ടെഴുതിക്കാമെന്ന് ശശി പറഞ്ഞു.
തെലുങ്കു ചലച്ചിത്രനടി വിജയനിര്‍മല കവിത എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍ അതിന്റെ ആര്‍ട്ട് ഡയറക്ടറായി ശശിയെ നിശ്ചയിച്ചു. ആ പടത്തില്‍ പൂവച്ചല്‍ ഖാദര്‍ ഒരു കവിതയെഴുതി. എന്നാല്‍ പടം പുറത്തുവന്നപ്പോള്‍ പൂവച്ചലിന്റെ കവിതകള്‍ അതിലുണ്ടായിരുന്നില്ല. കാറ്റുവിതച്ചവന്‍ എന്ന സിനിമയിലാണ് ഖാദര്‍ ആദ്യമായി പാട്ടെഴുതിയത്. ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു….’, ‘സൗന്ദര്യപൂജയ്ക്ക്…’, ‘സ്വര്‍ഗത്തിലല്ലോ വിവാഹം… തുടങ്ങിയ കാറ്റുവിതച്ചവനിലെ ഗാനങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രതികരണമാണ് ലഭിച്ചത്. സലാം കാരശ്ശേരിയുടെ ചുഴിയാണ് ഖാദര്‍ വീണ്ടും പാട്ടെഴുതിയ സിനിമ. ഖാദറിനെ സലാമിന് പരിചയപ്പെടുത്തിയത് എം.എന്‍. കാരശ്ശേരിയാണ്. ബാബുരാജായിരുന്നു സംഗീതസംവിധായകന്. ‘ഹൃദയത്തില്‍ നിറയുന്ന മിഴിനീരില്‍ ഞാന്‍ തൃക്കാല്‍ കഴുകുന്നു നാഥാ…, അക്കല്ദാമയില്…, കാട്ടിലെ മന്ത്രി കൈക്കൂലി വാങ്ങുവാന്‍…’ തുടങ്ങിയ ഗാനങ്ങളാണ് ബാബുരാജിന്റെ ഊണത്തില്‍ പുറത്തുവന്നത്. കാട്ടിലെ മന്ത്രിയെന്ന പാട്ട് വിവാദത്തിലുമായി. അന്നത്തെ വനംമന്ത്രി അഴിമതിയാരോപണത്തില്‍പ്പെട്ട് രാജിക്കൊരുങ്ങി നില്‍ക്കുകയായിരുന്നു. ഐ.വി. ശശിയുടെ ആദ്യ സംവിധാനസംരംഭമായ ‘ഉത്സവം’ എന്ന ചലച്ചിത്രം പുറത്തുവന്നപ്പോള്‍ ഖാദറിന്റെ പാട്ട് അതിലുണ്ടായിരുന്നു. മലയാളികള്‍ എന്നും ഓര്‍മിക്കുന്ന പ്രണയഗാനം. ‘ആദ്യ സമാഗമ ലജ്ജയില്‍ ആതിരാതാരകം കണ്ണടയ്ക്കുമ്പോള്‍…’ കാമുക ഹൃദയങ്ങളില്‍ ആദ്യാനുരാഗത്തിന്റെ അനുഭൂതി നിറച്ച ഗാനം. എ.ടി. ഉമ്മറായിരുന്നു സംഗീതസംവിധായകന്.
കെ.എസ്. ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘കായലുംകയറും’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് പൂവച്ചല്‍ ഖാദറിനെ ഏറെ പ്രശസ്തനാക്കിയത്. മോഹനും ജയഭാരതിയും അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണം ചിറയിന്‍കീഴായിരുന്നു. ഖാദറിന്റെ ഭാര്യയുടെ നാട്. ‘ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍ എത്തിടാമോ പെണ്ണെ, ചിറയിന്‍കീഴിലെ…’ എന്ന പാട്ട് ഭാര്യ ആമിനയുടെ മുഖം മനസ്സിലോര്‍ത്ത് എഴുതിയതാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതേ ചിത്രത്തിലെ ‘ശരറാന്തല്‍ തിരിതാണു മുകിലിന് കുടിലില്‍…” എന്ന ഗാനം മലയാളിയുടെ ഗൃഹാതുര സ്വപ്നങ്ങളെ ഇന്നും സമ്പന്നമാക്കുന്നു. സംഗീതസംവിധാനം കെ.വി. മഹാദേവനായിരുന്നു.
സംഗീതസംവിധായകന് രവീന്ദ്രനുമൊന്നിച്ച് നിരവധി ഹിറ്റുകള്‍ ഖാദര്‍ സൃഷ്ടിച്ചു. ആട്ടക്കലാശത്തിലെ ‘മലരും കിളിയും ഒരു കുടുംബം…’, ‘നാണമാവുന്നോ മേനി നോവുന്നോ…’, തമ്മില്‍ തമ്മില്‍ എന്ന ചിത്രത്തിലെ ‘ഇത്തിരി നാണം പെണ്ണിന് കവിളില്‍, ബെല്‍റ്റ് മത്തായിയിലെ ‘രാജീവം വിടരും…’ എന്നിവ ഏറെ പ്രശസ്തങ്ങളാണ്.
എസ്. ജാനകി ഏറെനേരമെടുത്ത് പാടിയ പാട്ടാണ് ‘നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍…’. ഗാനത്തിന്റെ റിക്കോര്‍ഡിംഗ് നടക്കുമ്പോള്‍ സംഗീതസംവിധായകന് എം.ജി. രാധാകൃഷ്ണന് തൃപ്തിയറിയിച്ചിട്ടും തൃപ്തയാകാതെ അവര്‍ വീണ്ടും വീണ്ടും പാടി. ‘മൗനമേ…നിറയും മൗനമേ…’ എന്ന പാട്ടും ഇങ്ങനെ പിറന്നതാണ്. ഭരതനുമായുണ്ടായിരുന്ന ആത്മബന്ധത്തിലാണ് ഈ രണ്ടു പാട്ടുകളും പിറന്നത്. ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ജാനകിക്കു നേടിക്കൊടുത്തത് ”മൗനമേ…” എന്ന ഗാനമാണ്. ഭരതന്റെ ചാമരത്തിലായിരുന്നു ”നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍…’ എന്ന ഗാനം. അതിനും ജാനകിക്ക് പുരസ്കാരം ലഭിച്ചു.
ജോണ്സണ്-ഖാദര്‍ കൂട്ടുകെട്ടിലും നിരവധി നല്ല സിനിമാഗാനങ്ങള്‍
പിറന്നു. പാളങ്ങളിലെ ‘ഏതോ ജന്മകല്പനയില്…’, സന്ദര്‍ഭത്തിലെ ‘പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം…’, അക്കച്ചീടെ കുഞ്ഞുവാവയിലെ ‘കരളിലെ കിളി
പാടി…’, ദശരഥത്തിലെ ‘മന്ദാരച്ചെപ്പുണ്ടോ…’ എന്നിവ ആ കൂട്ടുകെട്ടില്‍
പിറന്നവയാണ്. കെ. രാഘവന്, ദേവരാജന്‍, എം.എസ്. വിശ്വനാഥന്, എം.കെ. അര്ജുനന്, ഗംഗൈഅമരന് തുടങ്ങിയവരെല്ലാം പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ഈണമിട്ടിട്ടുണ്ട്.
മദ്രാസില്‍ 15 വര്‍ഷത്തോളം ഖാദര്‍ കുടുംബമായി താമസിച്ചാണ് പാട്ടെഴുത്തില്‍ സജീവമായത്. എണ്‍പതുകളുടെ അവസാനത്തോടെ സിനിമാപ്പാട്ടില്‍ പുതിയ ശൈലിയും എഴുത്തുകാരും വന്നു. ഒരേ സമയം ആറുസിനിമയ്ക്ക് വരെ പാട്ടെഴുതിയ കാലം ഖാദറിനുണ്ടായിരുന്നു. അത്രയ്ക്ക് തിരക്ക്. ഒരു സ്റ്റുഡിയോയില്‍
പോയി പല്ലവിയെഴുതിക്കൊടുത്തശേഷം അടുത്ത സ്റ്റുഡിയോയിലെത്തി ചരണം എഴുതി നല്കിയ സന്ദര്‍ഭം വരെയുണ്ട്. എന്നാല്‍ തിരക്കൊഴിഞ്ഞപ്പോള്‍ അത് അദ്ദേഹത്തെ തളര്‍ത്തിയില്ല. കാരണം എന്നും ലളിതജീവിതമായിരുന്നു ഖാദറിന്. പ്രശസ്തിയില്‍ ഒട്ടും ഊറ്റംകൊണ്ടില്ല. സനിമാക്കാരുടെ ആര്‍ഭാടത്തിലും ഗൗരവത്തിലും അദ്ദേഹം ജീവിച്ചിട്ടില്ല. പാട്ടുകുറഞ്ഞപ്പോള്‍ മടങ്ങി നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ തിരികെ ചേര്‍ന്നു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമാഗാനങ്ങളെഴുതിയ കവിയാണ് പൂവച്ചല്‍ ഖാദര്‍. മലയാളിയുടെ ജീവചരിത്രമാണ് ചലച്ചിത്രഗാനങ്ങള്‍. ഓരോ ചലച്ചിത്രഗാനത്തിനും അത് സൃഷ്ടിക്കപ്പെട്ട കാലത്തിന്റെ കഥപറയാനുണ്ട്. അതിനാല്‍തന്നെ പൂവ്വച്ചല്‍ ഖാദറെന്ന വലിയ എഴുത്തുകാരന് എന്നും ജീവിക്കും.
പൂവച്ചലില്‍ വിരിഞ്ഞ പുലരി
തിരുവനന്തപുരത്ത് പൂവച്ചലില്‍ 1948 ഡിസംബര്‍ 25 നായിരുന്നു ഖാദറിന്റെ ജനനം. അബൂബക്കര്‍ പിള്ളയും റബിയത്തുല്‍ അദബിയാബീവിയുമായിരുന്നു മാതാപിതാക്കള്‍. ആര്യനാട് സര്‍ക്കാര്‍ ഹൈസ്കൂളില്‍ പഠനം. തുടര്‍ന്ന് തൃശൂര്‍ വലപ്പാട് പോളിടെക്നിക്കില്‍ ചേര്‍ന്നു. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ തുടര്‍ പഠനം. പിന്നീട് ജലസേചന വകുപ്പില്‍ ഉദ്യോഗസ്ഥനായി. ഭാര്യ: അമീന. മക്കള്‍: തുഷാര, പ്രസൂന.
350 ലേറെ സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു്. കവിത, ചുഴി, കടല്‍ക്കാക്കകള്‍, ഇനി അവള് ഉറങ്ങട്ടെ,തകര, തുറമുഖം, ഇനി യാത്ര, ഒറ്റപ്പെട്ടവര്‍,ആദിപാപം,ചാമരം, ഉത്സവം,മലങ്കാറ്റ്, ആരോഹണം,ഇതാ ഒരു ധിക്കാരി,അട്ടിമറി, വിഷം, കരിമ്പൂച്ച, ഊതിക്കാച്ചിയ പൊന്ന്്, വേഷങ്ങള്‍, മഴു, ആരംഭം, കയം,എതിരാളികള്‍, ശരവര്‍ഷം, ജംബുലിംഗം, ചൂള, രതി,ന്യൂ ഇയര്‍,ദശരഥം, വേരുകള്‍ തേടി, അബ്ക്കാരി, ചെപ്പ്, പടയണി,ബീഡിക്കുഞ്ഞമ്മ, പൂവിരിയും പുലരി, നവംബറിന്റെ നഷ്ടം, മരുപ്പച്ച,പാലം,ധീര,ആട്ടക്കളം,ചക്കരയുമ്മ, ഇണക്കിളി,മോര്‍ച്ചറി, താളവട്ടം തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍പ്പെടും.
ഇതില്‍തന്നെ ഹിറ്റ്് ചിത്രങ്ങള്‍ പലതുമുണ്ട്. ആരംഭം, സന്ദര്‍ഭം, ധീര,നവംബറിന്റെ നഷ്ടം,തകര,ചാമരം, തുറമുഖം എന്നിങ്ങനെ.79 മുതല്‍ 2000വരെ ഓരോവര്‍ഷവും നിരവധി ചിത്രങ്ങള്‍ക്കാണ് പാട്ടെഴുതിയത്. 1982 ല്‍25 ചിത്രങ്ങള്‍ക്കുവരെ ഗാനങ്ങളെഴുതി.
ജി. ദേവരാജന്‍, കെ.രാഘവന്, ബാബുരാജ്, എം.എസ്.വിശ്വനാഥന്, എം.കെ.അര്ജുനന്, എ.ടി. ഉമ്മര്‍, ഇളയരാജ, രവീന്ദ്രന്, രഘുകുമാര്‍, ജോണ്സണ്, അലക്സ്പോള്‍, കണ്ണൂര്‍ രാജന്, എസ്.പി. വെങ്കിടേഷ്, ഗുണ സിംഗ്്, ശ്യാം, ജറി അമല്‍ദേവ്, രാജാമണി, അനുമാലിക്, ശങ്കര്‍ ഗണേഷ്, ദര്ശന് രാമന്, എം.ജയചന്ദ്രന്, തേജ് മെര്വിന്, അരുണ്‍സിദ്ധാര്‍ഥ്, ജയേഷ് സ്റ്റീഫന്‍, നവാസ് റഹ്മാന്, ദാമോദര്‍ നാരായണന് തുടങ്ങി അന്നത്തെ പ്രമുഖരും അല്ലാത്തവരും ഖാദറിന്റെ പാട്ടുകള്‍ക്ക് ഈണം നല്കി. എ.ടി.ഉമ്മര്‍, എം.കെ.അര്ജുനന്, ശ്യാം തുടങ്ങിയവരാണ് കൂടുതല്‍ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത്.
യേശുദാസ്, മാധുരി, സുശീല, വാണി ജയറാം, പി.ജയചന്ദ്രന്, അമ്പിളി, എല്‍.ആര്.ഈശ്വരി, മേരി ഷൈല, എസ്.പി.ഷൈലജ, ജോളി എബ്രഹാം, ലതിക തുടങ്ങിയവരുടെ ശബ്ദം ഖാദറിന്റെ വരികള്‍ അനശ്വരമാക്കി.
ചാമരത്തിലെ ഗാനത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്( 2006), ഓള് കേരള മാപ്പിള സംഗീത അക്കാദമിയുടെ പി.ഭാസ്കരന് പുരസ്കാരം( 2008) എന്നിവ ലഭിച്ചിട്ടുണ്ട്.കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: