ബ്രസീലിയ: രാജ്യാന്തര മത്സരങ്ങളില്‍ അര്‍ജന്റീനക്കായി ഒരു നേട്ടം സ്വന്തമാക്കി മെസ്സി. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡിനൊപ്പമാണ് ഇന്നലെ മെസ്സി എത്തിയത്. രാജ്യാന്തര ജഴ്സിയില്‍ 147-ാം മത്സരമായിരുന്നു ഇന്നലത്തേത്. അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ജാവിയര്‍ മഷറാനോയ്ക്ക് ഒപ്പമാണ് മുന്‍ ലോക ഫുട്ബോളറും ദേശീയ ടീം നായകനുമായ മെസ്സി എത്തിയത്. ഇന്നലെ കോപ അമേരിക്കയില്‍ പരാഗ്വെക്കെതിരെ കളിക്കാന്‍ ഇറങ്ങിയതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
2005-ല്‍ ഹംഗറിക്ക് എതിരെ 63-ാം മിനിറ്റില്‍ പകരക്കാരാനായി കളത്തില്‍ അരങ്ങേറിയ മെസ്സി അധികം വൈകാതെ ആ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോയി. നാല് ലോകകപ്പുകളിലും നിരവധി കോപ അമേരിക്ക ടൂര്‍ണമെന്റിലും മെസ്സി ടീമിനായി ബൂട്ട് കെട്ടി. ടീമിന്റെ നായക സ്ഥാനവും മെസ്സിയെ തേടിയെത്തി. 2014ലെ ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിച്ച മെസ്സി, 2007, 2015, 2016 കോപ്പ അമേരിക്കയില്‍ ടീമിനെ രണ്ടാമതും എത്തിച്ചു. 2008 ല്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേട്ടം ഒഴിച്ചാല്‍ രാജ്യത്തിനായി മറ്റൊരു കിരീടം നേടാന്‍ മെസ്സിക്കായിട്ടില്ല. 2016-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം തിരിച്ചെത്തിയ മെസ്സി തന്നെയാണ് 73 ഗോളുകളും ആയി അര്‍ജന്റീനയുടെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: