തിരുവനന്തപുരം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു ഇയാള്‍.
വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ കിരണ്‍ വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പോലീസിന് നല്കിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. കേസ് പുറത്തുവന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് മന്ത്രി തേടിയിരുന്നു.
വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്‍ക്കെതിരെ മുന്‍ വിധിയില്ലാതെ കര്‍ശ്ശന നിയമ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ പഴുതടച്ചുകൊണ്ടുള്ള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ ഇനിയും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
വിസ്മയയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ കിരണ്‍ തിങ്കളാഴ്ച രാത്രിയോടെ ശൂരനാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ കണ്ടെത്തല്‍ അനുസരിച്ച് കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.
സംഭവത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരാണ് കേസിന്റെ അന്വേഷണച്ചുമതല. ഐജി നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. വിസ്മയയുടെ ബന്ധുക്കളേയും കണ്ട് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: