തിരുവനന്തപുരം/വിളപ്പില്‍: വിളപ്പില്‍ശാല അമ്പാടി ഭവനിലെ ആണുങ്ങള് തലമുറകളായി ഉയരങ്ങളില്‍ ഇരിക്കുന്നവരാണ്. കാരണം ആന പാപ്പാന്മാരുടെ കുടുംബമാണിത്. കവടിയാര്‍ കൊട്ടാരം ലയത്തില്‍ തുടങ്ങി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകള്‍ക്കുവരെ ഇപ്പോഴും പാപ്പാന്മാര് ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്.
രാജകുടുംബം നൂറ്റാണ്ടു മുമ്പ് ലയത്തിലെ ആനകളില്‍ അഞ്ചെണ്ണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്കി. സുദര്‍ശന എന്ന ആനയെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. ലയത്തില്‍ ശേഷിച്ച പത്തിലധികം ആനകളെ പലര്‍ക്കായി കൈമാറ്റം ചെയ്തു. കുട്ടിക്കാലം മുതല്‍ കൊട്ടാരം ലയത്തില്‍ ജോലി ചെയ്തിരുന്ന അമ്പാടി ഭവനില്‍ കേശവപിള്ളയെ മഹാരാജാവ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് നല്കിയ സുദര്‍ശനയുടെ ഒന്നാം പാപ്പാനാക്കി. കേശവപിള്ളയുടെ മകന് വാസുദേവന്‍ പിള്ള(84)യും കുട്ടിക്കാലം മുതല്‍ ആനകളുടെ തോഴനായി കൊട്ടാരം ലയത്തില്‍ കൂടിയിരുന്നു. വാസുദേവന്‍ പിള്ള സുദര്‍ശനയുടെ രണ്ടാം പാപ്പാനായി. 45 വര്‍ഷം മുമ്പ് സുദര്‍ശന ചരിഞ്ഞു.
1976ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് വീണ്ടും 20 വയസ്സുള്ള ദര്‍ശിനി എന്ന ആനയെ വാങ്ങി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി. അമ്പാടിയിലെ കേശവന് നായര്‍ ദര്ശിനിയുടെ ആദ്യത്തെ പാപ്പാനായി. കേശവന് നായരുടെ മരണശേഷം വാസുദേവന്‍ നായരായി ദര്ശിനിയുടെ ഒന്നാം പാപ്പാന്. 2000ല്‍ വിരമിച്ച വാസുദേവന്‍ നായര്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. വാസുദേവന്‍ നായര്‍ വിരമിച്ചതോടെ മകന് വി. ഗോപാലകൃഷ്ണന് നായരായി ദര്ശിനിയുടെ തോഴന്. അച്ഛനൊപ്പം രണ്ടാം പാപ്പാനായും പിന്നീട് ഒന്നാം പാപ്പാനായും കഴിഞ്ഞ മാസം 29 ന് ദര്‍ശിനി ചരിയുന്നതുവരെ 30 വര്‍ഷം ഗോപാലകൃഷ്ണന് ഒന്നാം പാപ്പാനായിരുന്നു.
2014ല്‍ ലക്ഷദീപത്തിന് ഒരു ഭക്തന് നടയ്ക്കിരുത്തിയ സുദര്‍ശനയാണ് (ആദ്യം ചരിഞ്ഞ ആനയുടെ ഓര്‍മ്മയ്ക്കാണ് ക്ഷേത്ര അധികൃതര്‍ സുദര്‍ശന എന്ന പേരിട്ടത്) ഇപ്പോള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ഏക ആന. 28 കൊല്ലം ദര്ശിനിയുടെ രണ്ടാം പാപ്പാനായിരുന്ന വാസുദേവന്‍ പിള്ളയുടെ മകളുടെ ഭര്‍ത്താവ് അമ്പാടി ഭവനില്‍ സുരേഷാണ് ഇപ്പോള്‍ സുദര്‍ശനയുടെ ഒന്നാം പാപ്പാന്. ദര്‍ശിനി ചരിഞ്ഞതോടെ ഗോപാലകൃഷ്ണനും സുരേഷും ഒരുമിച്ചാണ് സുദര്‍ശനയെ ഇപ്പോള്‍ പരിചരിക്കുന്നത്.
ഇവരില്‍ തീരുന്നില്ല അമ്പാടി ഭവനിലെ ആനക്കാര്യം. കേശവപിള്ളയുടെ നാലാം തലമുറയില്‍പെട്ട സുരേഷിന്റെ മക്കളായ സ്വകാര്യബാങ്ക് ജീവനക്കാരന് നിതീഷും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി സുധീഷും ആനച്ചട്ടം പഠിച്ചവരാണ്. പാപ്പാന് ജോലി ഇരുവരും ജീവനോപാധിയായി സ്വീകരിച്ചിട്ടില്ലെന്ന് മാത്രം. ആനകളോടുള്ള ഇഷ്ടത്തില്‍ കുട്ടിക്കാലം മുതല്‍ തോട്ടിയും വടിയും കൊണ്ട് ആനയെ നിയന്ത്രിച്ചും ആനപ്പുറത്തേറിയും പരിചയമുള്ളവര്‍ തന്നെ അമ്പാടിയിലെ ഈ ഇളമുറക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: