ശ്രീനഗര്‍: ജമ്മു കാശ്മീര്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 24ന് കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ഗുപ്കര്‍ സഖ്യം എന്നറിയപ്പെടുന്ന പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍(പിഎജിഡി) തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ ഗുപ്കര്‍ റോഡ് വസതിയില്‍ പിഎജിഡി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയശേഷമാണ് പ്രഖ്യപനം വന്നത്.
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) പ്രസിഡന്റ് മെഹ്ബൂബ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്കൊപ്പം താനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ക്ഷണം ലഭിച്ച സഖ്യത്തിന്റെ ഭാഗമായുള്ള നേതാക്കളും യോഗത്തിനെത്തുമെന്ന് കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ക്ക് പറയാനുള്ളത് പ്രധാനമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’വെന്ന് അബ്ദുള്ള പറഞ്ഞു. ചര്‍ച്ചയ്‌ക്കായുള്ള അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കി കേന്ദ്രഭരണ പ്രദേശങ്ങളായി 2019 ഓഗസ്റ്റില്‍ വിഭജിച്ചശേഷം നടക്കുന്ന ആദ്യ സര്‍വകക്ഷി യോഗമാണിത്. ജമ്മു കാശ്മീരില്‍നിന്നുള്ള 14 നേതാക്കളെയാണ് വ്യാഴാഴ്ച ദല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഉന്നതല യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്, സിപിഎം തുടങ്ങി ആറു കക്ഷികളുടെ കൂട്ടായ്മയാണ് ഗുപ്കര്‍ സഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: