കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനോട്(എന്‍എച്ച്ആര്‍സി) നിര്‍ദേശിച്ചുള്ള ഉത്തരവ് പിന്‍വലിക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി. കോടതിയുടെ നടപടി മമതാ ബാനര്‍ജി സര്‍ക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയായി. ജൂണ്‍ 18-നാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവാകശ ലംഘന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് കോടതി എന്‍എച്ച്ആര്‍സി ചെയര്‍പേഴ്സനോട് നിര്‍ദേശിച്ചത്. അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ചത്.
വീടുകളില്‍നിന്ന് കുടിയൊഴിപ്പിക്കല്‍, ശാരീരിക അതിക്രമം, സ്വത്തുക്കള്‍ നശിപ്പിക്കല്‍, കച്ചവടസ്ഥലങ്ങളിലെ കവര്‍ച്ച തുടങ്ങി തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യ ഹര്‍ജികളിലായിരുന്നു 18ന് എന്എച്ച്ആര്സിക്ക് നിര്‍ദേശം നല്‍കിയത്. പ്രതികള്‍, നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ, തെരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയെ തന്നെ സമീപിക്കുകയായിരുന്നു.
18-ലെ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശം നീക്കണമെന്നും ഹര്‍ജിയിലുന്നയിച്ചിരുന്നു. ജൂണ്‍ 10ന് ബംഗാള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ഹൈക്കോടതിക്ക് ലഭ്യമാക്കിയ 3,423 പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനസര്‍ക്കാരിന് അവസരം നല്‍കണമെന്ന് ആഭ്യന്തര സെക്രട്ടറി ബി പി ഗോപാലിക നല്കിയ അപേക്ഷയില്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പല പരാതികളിലും പൊലീസ് സൂപ്രണ്ടുമാര്‍ നടപടിയെടുത്തില്ലെന്ന പരാതി പരിശോധിക്കേണ്ടതുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: