സെവിയ: പന്ത് കയ്യില്‍ വച്ച് കളിച്ച് വിജയം കൊയ്യുന്ന സ്പെയ്ന്‍ തന്ത്രം മങ്ങി തുടങ്ങി. കളി നിയന്ത്രിച്ചിട്ട് വിജയം നേടാനായില്ലെങ്കില്‍ പഴി സ്വയം പറയേണ്ട അവസ്ഥയിലാണ് സ്പെയ്ന്‍. ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ സമനിലയായത് വിമര്‍ശനത്തിന് ഇടനല്‍കിയിരുന്നു. ഗോള്‍ നേടുന്നതിലെ പോരായ്മ അകറ്റിയില്ലെങ്കില്‍ സ്പെയ്ന്‍ യൂറോ കപ്പില്‍ തിരിച്ചടി നേരിട്ടേക്കും.
പോളണ്ടിനെതിരായ മത്സരം സ്പെയ്ന്റെ ആക്രമണത്തെ ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെട്ടു. മധ്യ നിരയില്‍ കളി നിയന്ത്രിച്ച് മുന്നേറാന്‍ സാധിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഗോളടിയില്‍ പരാജയപ്പെട്ടു. പോളണ്ടിനെതിരെ സമനില അടുത്ത റൗണ്ടിലേയ്്ക്കുളള അവരുടെ പ്രവേശനത്തിന് മങ്ങലേല്‍പ്പിച്ചു. അടുത്ത കളിയില്‍ സ്ലോവാക്യക്കെതിരെ ജയിച്ചാല്‍ മാത്രം മുന്നോട്ട് പോകാം.
മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് സ്പെയ്നാണ്. 25-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയുടെ ഗോള്‍. ആദ്യ പകുതി പിരിയുമ്പോള്‍ സ്പെയ്ന്‍ ഒരു ഗോളിന്റെ ലീഡ്. രണ്ടാം പകുതിയില്‍ പോളണ്ട് ആക്രമണം നടത്തിയെങ്കിലും സ്പെയ്ന്‍ പിടിച്ചു നിന്നു. രണ്ടാം ഗോളിലേക്ക് സ്പെയ്ന്‍ എത്തുമെന്ന് തോന്നിച്ച നിമിഷങ്ങള്‍ ഏറെ. എന്നാല്‍ 54-ാം മിനിറ്റില്‍ റോബര്‍ട്ട് ലവന്‍ഡോസ്കി പോളണ്ടിനെ ഒപ്പമെത്തിച്ചു. ഹെഡറിലൂടെയായിരുന്നു ലെവന്‍ഡോസ്കിയുടെ ഗോള്‍.
നാല് മിനിറ്റ് ഇപ്പുറം ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് സ്പെയ്ന്‍ തിരിച്ചടിയായി. ജെറാദ് മൊറീനയുടെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി. വോയിചെക് സ്റ്റെന്‍സിയുടെ സേവുകളും പോളണ്ടിന് സഹായകമായി. സ്പെയ്ന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചതില്‍ ഗോളിയുടെ മികവ് ശ്രദ്ധേയമായിരുന്നു. പാസുകളിലൂടെ മുന്നോട്ടുപോകുന്ന സ്പെയ്ന്‍ തന്ത്രം ഗോളിലേക്കെത്തിയില്ലെങ്കില് ടീമിന് തിരിച്ചടിയുണ്ടാകും. മത്സരത്തില്‍ 76 ശതമാനമാണ് സ്പെയ്ന്‍ പന്ത് നിയന്ത്രിച്ചത്. അഞ്ച്് ഷോട്ടുകള്‍ പോസ്റ്റിന് നേരെ. മറുവശത്ത് രണ്ട് ഷോട്ടുകള്‍ മാത്രമാണ് പോളണ്ട് ഉതിര്‍ത്തത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സ്പെയ്ന്‍. നാല് പോയിന്റ് നേടിയ സ്വീഡനാണ് ഒന്നാമത്. മൂന്ന് പോയിന്റുമായി സ്ലോവാക്യ രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: