ഒരിക്കല്‍ സമര്‍ത്ഥ രാമദാസ് ശിഷ്യന്മാരോടു കൂടി തന്റെ ശിഷ്യനായ ശിവാജി മഹാരാജിനെ കാണാന്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്കു പോവുകയായിരുന്നു. കുന്നുകളും താഴ്‌വരകളും താണ്ടി ഏറെ ദൂരം നടന്നപ്പോള്‍ ശിഷ്യര്‍ക്ക് അത്യന്തം വിശപ്പും ദാഹവും അനുഭവപ്പെട്ടു. അപ്പോള്‍ സുമധുരമായ ഒരു കരിമ്പിന്‍തോട്ടം അവരുടെ കണ്ണില്‍പെട്ടു. ഗുരുവിന്റെ സമ്മതം ഉണ്ടാകുമെന്ന നിഗമനത്താല്‍, അവര്‍ ആ കരിമ്പിന്‍തോട്ടത്തില്‍ കടന്ന് കരിമ്പിന്‍ ചാര്‍ കുടിക്കാന്‍ തുടങ്ങി. ഗുരുവാകട്ടെ കുറച്ചകലെ ഒരു പാറപ്പുറത്ത് ധ്യാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു സമയംകഴിഞ്ഞപ്പോള്‍ ആരോ തോട്ടത്തില്‍ അതിക്രമിച്ചു കടന്നിരിക്കുന്നു എന്ന് മനസ്സിലാക്കി തോട്ടം സൂക്ഷിപ്പുകാരന്‍ അവരെ പിടികൂടാനായി വന്നു. പക്ഷേ ശിഷ്യന്മാര്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. അകലെ പാറപ്പുറത്ത് ഒരാള്‍ ഇരിക്കുന്നതു കണ്ട് അയാളായിരിക്കും കള്ളന്‍ എന്നു തെറ്റിദ്ധരിച്ച് സൂക്ഷിപ്പുകാരന്‍ രാമദാസിനെ അതികഠിനമായി മര്‍ദ്ദിച്ചു.
സംന്യാസിവര്യനായ രാമദാസ് ക്ഷമയുടെ പ്രതിരൂപമായിരുന്നു. അതിനിടക്കു ചില ശിഷ്യന്മാര്‍ കൊട്ടാരത്തിലേക്ക് ഓടിച്ചെന്ന് വിവരം മഹാരാജാവിനെ അറിയിച്ചു. അതുകേട്ട് ക്ഷുഭിതനും ദുഃഖിതനുമായ മഹാരാജാവ് ഗുരുവിന്റെ സമീപത്തേക്കു ധൃതിയില്‍ വന്നു. തോട്ടം സൂക്ഷിപ്പുകാരനേയും തോട്ടത്തിന്റെ ഉടമസ്ഥനേയും ശിക്ഷിക്കാനായി കല്‍പന കൊടുക്കുകയും ചെയ്തു.
ഗുരുദേവന്റെ പാദങ്ങളില്‍ വീണ് ഗുരുഭക്തരില്‍ ഉത്തമനായ മഹാരാജാവ് തീവ്രവേദനയോടെ അപേക്ഷിച്ചു, ”ഗുരുദേവാ, ഞാന്‍ അങ്ങയെ ദേഹോപദ്രവം ഏല്‍പിച്ചവര്‍ക്ക് ശിക്ഷനല്‍കുവാന്‍ കല്പിച്ചിട്ടുണ്ട്. ഒരു രാജാവെന്ന നിലക്ക് ഈ രാജ്യത്തു നടക്കുന്നതിനെല്ലാം ഞാന്‍ ഉത്തരവാദിയാണ്. അതുകൊണ്ട് ഞാനാണ് കുറ്റക്കാരന്‍. അതുകൊണ്ട്, അങ്ങ് എനിക്ക് ഉചിതമായ ശിക്ഷ നല്‍കിയാലും”
ശിഷ്യന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് കരുണാവാരിധിയായ ആ സംന്യാസിശ്രേഷ്ഠന്‍ പറഞ്ഞു, ”ശിവോബാ, തെളിഞ്ഞമനസ്സോടെ ഇതു കേള്‍ക്കുക. അങ്ങയെയല്ല കുറ്റപ്പെടുത്തേണ്ടത്. ഈ ശിഷ്യന്മാര്‍ ഉപദേശദീക്ഷ ലഭിച്ചവരാണ്. അവര്‍ക്കു ഞാന്‍ അന്തര്‍മാര്‍ഗ്ഗം കാണിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ക്ക് ബ്രഹ്മവിദ്യ ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ക്കു അവരില്‍ തീരെ നിയന്ത്രണമില്ലാതെ എന്റെ നിര്‍ദ്ദേശങ്ങള്‍ വിസ്മരിച്ചുകൊണ്ട്, അവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതു ചെയ്തു. എന്നാല്‍ അവരുടെ ഗുരു എന്നനിലക്ക് അവരുടെ ഈ കൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ സ്വയം ഏറ്റു വാങ്ങിയതാണ്. വിഡ്ഢികള്‍ക്കു പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍ പഠിച്ച വിഡ്ഢികള്‍ക്ക് അതു പ്രയാസമുള്ള കാര്യമാണ്.”
ശിവജി മഹാരാജാവ് ഗുരുവിന്റെ മഹത്ത്വമോര്‍ത്ത് അദ്ദേഹത്തെ വീണ്ടും വീണ്ടും നമസ്‌ക്കരിച്ചു. ശിഷ്യന്മാര്‍ തങ്ങളുടെ തെറ്റായ പ്രവൃത്തിമൂലം ഗുരുവിന് ഏല്‍ക്കേണ്ടി വന്ന യാതന ഓര്‍ത്ത് ദുഃഖിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: