ന്യൂദല്‍ഹി: ജമ്മു കാശ്മീർ സംബന്ധിച്ച ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയില്‍ മുഖ്യപങ്കു വഹിച്ചശേഷം, കേന്ദ്രസര്‍ക്കാര്‍ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ രാഷ്‌ട്രീപാര്‍ട്ടികളെ ഒരുമേശയ്‌ക്ക് ചുറ്റുമിരുത്താന്‍ ഒരിക്കല്‍കൂടി നിര്‍ണായക ഇടപെടലുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ജൂണ്‍ 24ന് ദല്‍ഹിയിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ യോഗം നടക്കുക. പ്രത്യേക പദവി നീക്കി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചശേഷം നടക്കുന്ന ആദ്യ സര്‍വകക്ഷി യോഗം ജമ്മു കാശ്മീരിന്റെ ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്കായി മാസങ്ങളായി താഴ്‌വരയിലെ പ്രാദേശിക നേതാക്കളുമായി അജിത് ഡോവല്‍ സംസാരിച്ചുവരികയാണ്. താഴ്‌വരയിലെ ജനങ്ങളുടെ വികാരമറിയാന്‍ താഴെത്തട്ടിലുള്ള നേതാക്കളുമായി ഡോവല്‍ സമ്പര്‍ക്കത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളയാനുള്ള കേന്ദ്രത്തിന്റെ നടപടിയിലും അജിത് ഡോവല്‍ ഭാഗമായിരുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനായി മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതും ഡോവല്‍ തന്നെ. സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ന്യൂസ് 18 പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ബിജെപി, കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള 14 നേതാക്കള്‍ക്ക് സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: