തിരുവല്ല: കോട്ടാങ്ങലില്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പുറത്താക്കിയത് എസ്ഡിപിഐയുടെ ആവശ്യപ്രകാരമെന്ന് സൂചന. അവരുമായി ചേര്‍ന്ന് സിപിഎം അധികാരം പങ്കിടുന്ന പഞ്ചായത്താണ് പത്തനംതിട്ടയിലെ കോട്ടാങ്ങല്‍.
അന്താരാഷ്ട്ര ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിനെതിരെ സംസാരിച്ച പ്രവര്ത്തകന് പി.ആര്. രാഹുലിനെയാണ് ഡിവൈഎഫ്ഐ കോട്ടാങ്ങല്‍ മേഖലാ കമ്മറ്റി പുറത്താക്കിയത്. നിമിഷാ ഫാത്തിമ അടക്കം ഐഎസില്‍ ചേര്‍ന്ന യുവതികളെ തിരികെ നാട്ടില്ലെത്തിക്കില്ലെന്നും അവര്‍ അഫ്ഗാനിസ്ഥാനിലെ നിയമ പ്രകാരം അവിടെ വിചാരണ നേരിടട്ടെയെന്നുമുള്ള കേന്ദ്ര തീരുമാനത്തെ അനുകൂലിച്ച് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
‘സാധാരണ അമ്മമാര്‍ കരയുന്നത് കാണുമ്പോള്‍ സഹതാപവും ഒരു തുള്ളി കണ്ണുനീരെങ്കിലും അറിയാതെയെങ്കിലും വരും. എന്നാ, ദേശദ്രോഹികള്‍ക്ക് വേണ്ടി കരയുന്ന അമ്മമാരോട് സഹതാപമില്ല. യുഎന്‍ സമാധാനസേനയില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനില്‍ എത്തപ്പെട്ടതല്ല നിമിഷ. ആ ദേശദ്രോഹിക്ക് വേണ്ടി കരയുന്ന അമ്മയോടും സഹതാപമില്ല. കേന്ദ്ര സര്‍ക്കാരിനൊപ്പം ആ തീരുമാനങ്ങള്‍ക്ക് ഒപ്പം.. ഐ ലൗ മൈ ഇന്ത്യ എന്നാണ് മറ്റൊരു പോസ്റ്റ്. ഇവയുടെ പേരിലാണ് നടപടി.
രാഹുല്‍.പി.ആര് എന്നയാളിനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മതനിരപേക്ഷ സമൂഹത്തിനു ചേരാത്ത നിലയിലുമുള്ള നവ മാധ്യമ രംഗത്തെ നിരന്തര ഇടപെടലുകള്‍ക്കും പുറത്താക്കിയെന്നാണ് ഡിവൈഎഫ്ഐ അറിയിപ്പ്. നടപടിയെടുത്താലും ഐഎസിനെതിരായ പോസ്റ്റുകള്‍ നീക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: