കഠോപനിഷത്തില്‍ കര്‍മഫലഭോക്താക്കളായ രണ്ടാത്മാക്കള് നിഴലും വെയിലുംപോലെ ഹൃദയത്തിന്റെ ഗുഹയില്‍ കഴിയുന്നുവെന്നുപറയുന്നു. (1:3:1). മുണ്ഡകത്തിലെ ഈ മന്ത്രം ശ്വേതാശ്വതരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
അംഗിരസ്സ് ഉപദേശം തുടരുന്നു:
‘സത്യേന ലഭ്യസ്തപസാ ഹ്യേഷ ആത്മാ
സമൃഗ്ജ്ഞാനേന ബ്രഹ്മചര്യേണ നിത്യം
അന്തഃശരീരേ ജ്യോതിര്മ്മയോഹിശുഭ്രോ
യം പശ്യന്തി യതയഃ ക്ഷീണദോഷാഃ (3:1:5)അര്‍ത്ഥം: ദോഷങ്ങള്‍ ക്ഷയിച്ചിട്ടുള്ള സന്ന്യാസിമാര്‍ ശരീരാന്തര്‍ഭാഗത്ത് യാതൊരുവനെ കാണുന്നുവോ ജ്യോതിസ്വരൂപ
നും ശുദ്ധനുമായ ഈ ആത്മാവ് എല്ലായ്പോഴും സത്യംകൊണ്ടും തപസ്സുകൊണ്ടും യഥാര്ത്ഥജ്ഞാനംകൊണ്ടും ബ്രഹ്മചര്യംകൊണ്ടും ലഭിക്കപ്പെടാവുന്നവനാകുന്നു.
ഹൃദയാകാശത്തില്‍ ജ്യോതിസ്വരൂപനായ ആത്മാവിനെ സാക്ഷാത്ക്കരിക്കണം. ആത്മദര്‍ശനം ലഭിക്കണമെങ്കില്‍ നാലുസാധനകള് ദീക്ഷിക്കണം. അവ ഇങ്ങനെ: സത്യം, തപസ്സ്, ജ്ഞാനം, ബ്രഹ്മചര്യം.
ഉപനിഷത്തുകള്‍ ജ്ഞാനമാര്ഗത്തിനാണ് ഏറെ പ്രാധാന്യം നല്‍കുന്നത്. കര്‍മമാര്‍ഗത്തെ അധഃകരിക്കുന്നുവെന്നു ധരിക്കരുത്. നിഷ്കാമകര്മാനുഷ്ഠാനങ്ങളുടെ ഫലമായി ലഭിക്കുന്ന സ്വര്‍ഗാദിലോകങ്ങളെ ഇവിടെ യഥാവിധി വിവരിക്കുന്നുണ്ട്. എന്നിട്ട് അവസാനം അവയാകവേ നശ്വരമാണെന്ന് ഓര്‍മപ്പെടുത്തുന്നു. കര്‍മംകൊണ്ട് ഒരിക്കലും സംസാരസാഗരം നീന്തിക്കടക്കാനാവില്ല. ബ്രഹ്മപദം
പ്രാപിക്കുവാന്‍ സാധകന് ഉത്തമനായ ഗുരുവിനെ സമീപിച്ച് സാധനകളനുഷ്ഠിക്കണം. മേല്‍ച്ചൊന്ന നാലുസാധനകളിലൂടെ ബ്രഹ്മജ്ഞാനം നേടാനാവുമെന്ന് അംഗിരസ്സ് ശൗനകന് ഉപദേശിച്ചുകൊടുക്കുന്നു.
(തുടരും)
പ്രൊഫ. കെ. ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: