ബ്രസീലിയ: ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് ആദ്യ ജയം. ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ ഉറുഗ്വെയെ കീഴടക്കി. 13-ാം മിനിറ്റില്‍ ഗൈഡോ റോഡ്രിഗസാണ് വിജയ ഗോള്‍ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. മെസ്സിയുടെ ഓള്‍റൗണ്ട് മികവാണ് ടീമിന് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ടീം നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
കഴിഞ്ഞ മത്സരത്തില്‍ കളിച്ചതില്‍ നിന്നും നാല് മാറ്റങ്ങളുമായി 4-3-3 എന്ന ശൈലിയിലാണ് അര്‍ജന്റീന കളിച്ചത്. ആദ്യ മത്സരത്തിനിറങ്ങിയ ഉറുഗ്വെ 4-4-2 ശൈലിയിലാണ് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വേഗമേറിയ നീക്കങ്ങളിലൂടെ ഉറുഗ്വെ പ്രതിരോധത്തെ അര്‍ജന്റീന പരീക്ഷിച്ചു. മൂന്നാം മിനിട്ടില്‍ അര്‍ജന്റീനയുടെ റോഡ്രിഗസിന്റെ ലോങ്റേഞ്ചര്‍ ഉറുഗ്വെ ഗോളി മുസ്ലേര കൈയ്യിലൊതുക്കി. നാല് മിനിറ്റിനുശേഷം മെസ്സി പായിച്ച ലോങ്റേഞ്ചറും മുസ്ലേര തട്ടിയകറ്റി. 13-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് നേടി. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗൈഡോ റോഡ്രിഗസാണ് അര്‍ജന്റീനയ്ക്കായി ലീഡ് സമ്മാനിച്ചത്. സൂപ്പര്‍താരം മെസ്സിയുടെ ക്രോസില്‍ നിന്നുമാണ് ഗോള്‍ പിറന്നത്. റോഡ്രിഗസിന്റെ ഹെഡ്ഡര്‍ പോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. അര്‍ജന്റീനയ്ക്കായി താരം നേടുന്ന ആദ്യ ഗോളാണിത്.
ഗോള്‍ വഴങ്ങിയതോടെ ഉറുഗ്വെ ഉണര്‍ന്നുകളിച്ചെങ്കിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മറുവശത്ത് നായകന് ലയണല്‍ മെസ്സി പ്ലേ മേക്കറുടെ റോളില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 27-ാം മിനിറ്റില്‍ മെസ്സിയുടെ പാസ്സില്‍ മികച്ച അവസരം മോളിനയ്ക്ക് ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ മുസ്ലേര തട്ടിയകറ്റി. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പതിയെ ഉറുഗ്വെ മത്സരത്തില്‍ പിടിമുറുക്കി. അര്‍ജന്റീന ആക്രമണ ഫുട്ബോളിന് വിപരീതമായി രണ്ടാം പകുതിയില്‍ പ്രതിരോധ ഫുട്ബോളാണ് കാഴ്ചവെച്ചത്. 68-ാം മിനിറ്റില്‍ ഉറുഗ്വെ സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. 80-ാം മിനിറ്റില്‍ പന്തുമായി കുതിച്ച മെസ്സിയെ വീഴ്ത്തിയതിന്റെ ഫലമായി അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസ്സിക്ക് ലക്ഷ്യം പിഴച്ചു.
െബാളീവിയയെ വീഴ്ത്തി ചിലി
സൂയിയാബ: ബൊളീവിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ചിലി കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ജയം കരസ്ഥമാക്കി. കളിയുടെ 10-ാം മിനിറ്റില്‍ ബെന്‍ ബ്രെറെറ്റനാണ് വിജയഗോള്‍ നേടിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ചിലിയായിരുന്നു. എന്നാല്‍ െബാളീവിയന് ഗോളിയുടെ മികച്ച പ്രകടനം വന്‍ വിജയം നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞു നിര്‍ത്തി. ലക്ഷ്യത്തിലേക്ക് 11 ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ ചിലി താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും ഒരിക്കല്‍ മാത്രമാണ് ബൊളീവിയന്‍ ഗോളിയെ കീഴടക്കാന്‍ വര്‍ഗാസും വിദാലും ഉള്‍പ്പെട്ട ചിലി താരങ്ങള്‍ക്ക് കഴിഞ്ഞത്.
പത്താം മിനിറ്റില്‍ തന്നെ ചിലി ലീഡെടുത്തു. മുന്നേറ്റതാരം ബെന്‍ ബ്രെറെറ്റനാണ് ലക്ഷ്യം കണ്ടത്. ബൊളീവിയയുടെ മുന്നേറ്റം ഭേദിച്ച ചിലി പ്രതിരോധനിര പന്ത് വര്‍ഗാസിന് കൈമാറി. പന്തുമായി കുതിച്ച വര്‍ഗാസ് ബൊളീവിയന്‍ പ്രതിരോധത്തെ കബിളിപ്പിച്ച് പന്ത് ബ്രെറെറ്റണ് കൈമാറി. ബ്രെറെട്ടണ് ഗോള്‍കീപ്പറിന് ഒരു സാധ്യത പോലും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ബൊളീവിയ ഉണര്‍ന്നു കളിക്കാനാരംഭിച്ചു. ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരു ക്ലിനിക്കല്‍ ഫിനിഷറുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. 56-ാം മിനിട്ടില്‍ സാവേദ്രയുടെ ഗോളെന്നുറച്ച ഷോട്ട് ബ്രാവോ തട്ടിയകറ്റി. കളിയുടെ അവസാന മിനിറ്റുകളില്‍ ചിലിയുടെ വര്‍ഗാസ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: