‘ചക്കവീണ് മുയലിനെ കിട്ടി’ എന്ന് പറയാറുണ്ടല്ലോ. അതുപോലെ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ വ്യക്തിയാണ് എ. വിജയരാഘവന്‍. കോടിയേരി ബാലകൃഷ്ണന്‍ രോഗബാധിതനായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ പാര്‍ട്ടി കോണ്‍ഗ്രസ് വഴി വിജയരാഘവന്‍ സെക്രട്ടറി സ്ഥാനത്ത് എത്തുമായിരുന്നില്ല.
വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി എന്ന് പ്രസ്താവിച്ചത് വിജയരാഘവന്റെ മുന്‍ഗാമിയാണല്ലോ. പോലീസ്‌സ്‌റ്റേഷനകത്തു വച്ചും ബോംബുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതും അദ്ദേഹം തന്നെ. കൊന്ന് കുഴിച്ചുമൂടുന്ന ബംഗാള്‍ ശൈലി അണികളെ പഠിപ്പിച്ച പാരമ്പര്യം ഇന്നത്തെ മുഖ്യമന്ത്രിക്കുമുണ്ട്. സിപിഎമ്മായിരിക്കെ കേട്ട് മനസ്സിലാക്കിയ അക്രമശൈലി എ.പി. അബ്ദുള്ളക്കുട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ യോഗ്യതയൊന്നും വിജയരാഘവനില്ല. എന്തിനാണാവോ ഇതൊക്കെ ഇപ്പോള്‍ പറയുന്നതെന്ന സംശയം തോന്നാം. വെറുതെ. വിജയരാഘവന്‍ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ഉപന്യാസം കണ്ടപ്പോള്‍ ഓര്‍മ്മിച്ചുപോയതാണ്.
‘ആരാണ് രാജ്യദ്രോഹികള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ ഉപന്യാസത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും പാരമ്പര്യവുമൊക്കെ വിജയരാഘവന്‍ തന്റെ കുടുസ്സായ മനസ്സില്‍ തെളിഞ്ഞത് വിവരിച്ചിരിക്കുകയാണ്. അദ്ദേഹം പറയുന്നു.”സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസോ ഹിന്ദുമഹാസഭയോ പങ്കെടുത്തിട്ടില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷുകാരെ സഹായിക്കുന്ന ജോലിയാണ് അവര്‍ ഭംഗിയായി ചെയ്തത്. ഹിന്ദുമുസ്ലിം സംഘര്‍ഷം സൃഷ്ടിക്കാനും അതിലൂടെ മുതലെടുപ്പ് നടത്താനുമുള്ള ഒരവസരവും ഈ ശക്തികള്‍ പാഴാക്കിയില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നത് ആപല്‍ക്കരവും പിന്തിരിപ്പനുമാണെന്ന നിലപാടാണ് സംഘപരിവാര്‍ പരസ്യമായി എടുത്തത്.
വാസ്തവത്തില്‍, ജനാധിപത്യത്തില്‍ത്തന്നെ സംഘപരിവാര്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യം ഒരു പാശ്ചാത്യ ഉല്‍പ്പന്നവും ഇടപെടലുമാണെന്ന് അവര്‍ കണക്കാക്കുന്നു. ഹിന്ദുത്വമാണ് അവരുടെ രാഷ്‌ട്രീയം, ഹിന്ദുരാഷ്‌ട്രമെന്നത് ലക്ഷ്യവും.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമായതും എല്ലാ ജാതിമത വിഭാഗത്തെയും സംസ്‌കാരധാരകളെയുംപോലെതന്നെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ദേശീയതയെത്തന്നെ ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല. മതദേശീയത അല്ലെങ്കില്‍ ഹിന്ദു ദേശീയതയാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യന്‍ ദേശീയതയുടെ മൂല്യങ്ങള്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലൂടെ ഉരുത്തിരിഞ്ഞ് വന്നതാണ്. ജനങ്ങളുടെ ഐക്യമാണ് ഇതില്‍ പ്രധാനം. ഇതിന് കടകവിരുദ്ധമായ തത്വസംഹിതയാണ് ആര്‍എസ്എസിനുള്ളത്. ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഭരണഘടന ആര്‍എസ്എസ് അംഗീകരിക്കാത്തതിന് മറ്റ് കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.”
പാര്‍ലമെന്റ് അംഗമായിരിക്കുകയും ഏറെക്കാലമായി ദേശീയരാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ചുപോരുകയും ചെയ്യുന്ന ഒരു വ്യക്തിയില്‍ നിന്ന് ഉയരേണ്ട വാദമാണോ ഇത്. അഞ്ജനമെന്നത് തനിക്കറിയാം. മഞ്ഞള്‍ പോലെ വെളുത്തത് എന്ന് പറയുംപോലെയാണിത്. ഹിന്ദുമഹാസഭ എന്ത് നിലപാടാണ് സ്വാതന്ത്ര്യസമരത്തിലെടുത്തത് എന്ന് വിജയരാഘവന് നിശ്ചയമുണ്ടാകാം. ആ സമയത്ത് ഹിന്ദുമഹാസഭയുടെ അധ്യക്ഷന്‍ സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പിതാവായിരുന്നല്ലോ. എന്നാല്‍ ആര്‍എസ്എസിന്റെ രാജ്യസ്‌നേഹവും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതസൗഹാര്‍ദ്ദത്തിനുമായുള്ള സമീപനം ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തതാണ്. ഇന്ത്യന്‍ ദേശീയതയുടെ മൂല്യങ്ങള്‍ സ്വാതന്ത്ര്യസമരത്തിലൂടെ ഉരുത്തിരിഞ്ഞുവന്നതാണെന്ന വിജയരാഘവന്റെ വിജ്ഞാന വിളംബരം അല്‍പ്പത്തരമാണെന്ന് പറഞ്ഞേപറ്റൂ. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമല്ലേ കമ്മ്യൂണിസ്റ്റുകാര്‍ക്ക്. ബ്രിട്ടീഷുകാരില്‍ നിന്ന് പാരിതോഷികം പറ്റിയ പാര്‍ട്ടിയും മറ്റൊന്നല്ലല്ലൊ.
സിപിഎം നേതൃത്വം കൂപ മണ്ഡൂകങ്ങള്‍ പോലെയാണെന്ന് പറഞ്ഞുനടക്കുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും ഒടുവിലത്തെ മറിമായങ്ങളാണ് ആശ്ചര്യകരം. കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ നിയോഗിക്കപ്പെട്ടത് മഹാസംഭവമാണെന്നാണ് മാധ്യമങ്ങളെല്ലാം പാടി പുകഴ്ത്തുന്നത്. ‘യുവത്വം തുളുമ്പുന്ന നേതൃത്വം’ എന്നും വിശേഷിപ്പിക്കുകയാണ്. വയസ് എഴുപത്തിമൂന്ന് എന്നത് കോണ്‍ഗ്രസിന്റെ പ്രായംവച്ചു നോക്കുമ്പോള്‍ യുവത്വം തന്നെ എന്നാശ്വസിക്കാം. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ സുധാകരനാവുമത്രെ. എങ്കില്‍ നല്ലത്. എന്തിനാണ് കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത്? അഴിമതി തുടരാനോ? വര്‍ഗീയ പ്രീണനം ശക്തിപ്പെടുത്താനോ? ഒരു പുതുമയും കോണ്‍ഗ്രസ് വഴി ഉണ്ടാക്കാന്‍ സുധാകരന് സാധിക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം. പിന്നെ ഗ്രൂപ്പ് രാഷ്‌ട്രീയം ഇല്ലാതാക്കുമെത്രെ. അതിനുവേണ്ടിയാണോ രമേശ് ചെന്നിത്തല ദല്‍ഹിയില്‍ തങ്ങുന്നത്.
രമേശ് അരമണിക്കൂര്‍ രാഹുലുമായി ചര്‍ച്ച നടത്തിയത്രെ. ആരാണാവോ രാഹുല്‍? കോണ്‍ഗ്രസ് അധ്യക്ഷനാണോ? രാഹുലിന് മുന്നില്‍ മുട്ടുകുത്തി സ്ഥാനം നേടുന്നത് ആത്മഹത്യാപരമെന്ന സന്ദേശമാണ് രമേശ് ട്വിറ്റര്‍ വഴി നല്‍കിയിട്ടുള്ളത്. ‘ഡൗണ്‍ മെമ്മറി ലെയ്ന്‍’ എന്ന ഹാഷ് ടാഗില്‍ ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ട് രമേശ് ചെന്നിത്തല പങ്കുവച്ച ട്വീറ്റുകള്‍ സജീവമായി ചര്‍ച്ച ചെയ്യുകയാണ്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായുള്ള ബന്ധമാണ് അവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതം പങ്കുവച്ച ട്വീറ്റില്‍ അദ്ദേഹം പറയുന്നത്.
1984ല്‍ നാഗ്പുരില്‍ നടന്ന എന്‍എസ്‌യുഐ ദേശീയ സമ്മേളനത്തില്‍ 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചെന്നിത്തലയുടെ ഹിന്ദി പ്രസംഗവും അതിനുള്ള ഇന്ദിരാ ഗാന്ധിയുടെ അഭിനന്ദനവുമാണ് ഒരു ട്വീറ്റ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു യുവ നേതാവ് മുണ്ടു ധരിച്ച് ഹിന്ദിയില്‍ നന്നായി സംസാരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഐക്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്ദിര ഗാന്ധി പറഞ്ഞത് ചെന്നിത്തല ട്വീറ്റില്‍ പങ്കുവയ്‌ക്കുന്നു.
‘1982ല്‍ രാജീവ് ഗാന്ധിയില്‍നിന്ന് ഒരു സന്ദേശം ലഭിച്ചു, അടുത്ത ദിവസം തന്നെ ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തെ കാണണമെന്ന്. വിമാന ടിക്കറ്റിനായി സഹപ്രവര്‍ത്തകര്‍ പണം നല്‍കി. അടുത്ത ദിവസം ഞാന്‍ രാജീവ്ജിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ എന്‍എസ്‌യുഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നുവെന്ന്’ ഇതെന്തിനാണിപ്പോള്‍ പറഞ്ഞത് എന്നറിഞ്ഞില്ലേ. സുധാകരനും സതീശനും എന്തിന് രാഹുലുപോലും അറിയാത്ത ചിന്തിക്കാത്ത സമയത്ത് ‘ഞാനാരാ മോന്‍’ എന്നറിയിക്കാന്‍. കാണാം നമുക്ക് കോണ്‍ഗ്രസിന്റെ ഭാവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: