ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ രാജ്യത്തിനായി പൊരുതാനിറങ്ങിയ പോരാളിയായിരുന്നില്ല അയാള്‍. ബാല്യത്തിലെ നിസ്സഹായത ഇതിഹാസത്തെ വാര്‍ത്തെടുക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന മണല്‍ തരികളിലൂടെയുള്ള യാത്രയാണ് ആദ്യമായി അയാളെ ഒടാന്‍ പ്രേരിപ്പിച്ചതെന്ന കഥ കായിക ലോകത്ത് പ്രശസ്തമാണ്. അത്ഭുതങ്ങളും ആശ്ചര്യങ്ങളും നിറഞ്ഞ ജീവിതം ഓര്‍മ്മയാക്കി ഇന്ത്യയുടെ പറക്കും സിങ് മായുമ്പോള്‍ കായിക ലോകത്തിന് മാത്രമല്ല, രാഷ്ട്രത്തിനാകെ തീരാ നഷ്ടമാകുന്നു.
കൊറോണയ്ക്കെതിരെയുള്ള പോരാട്ടമായിരുന്നു അവസാനത്തേത്. രാജ്യത്തിന്റെ അഭിമാനമായ മില്‍ഖ സിങ് 91-ാം വയസില്‍ അവിടെ പരാജിതനായി. 1960 റോം ഒളിമ്പിക്സിലെ നഷ്ട ദിനം പോലെ. നൂറില്‍ ഒരു തവണ മാത്രം പറ്റുന്ന അബദ്ധമായിരുന്നു അന്ന് മില്‍ഖയെ അവിസ്മരണീയ നേട്ടത്തില്‍ നിന്ന് തള്ളിയിട്ടത്. മെഡല്‍ ഉറപ്പിച്ചുള്ള യാത്ര. ഹീറ്റ്സുകള്‍ അനായാസം. ഫൈനലിലെത്തുമ്പോള്‍ മെഡല്‍ സാധ്യതയില്‍ മില്‍ഖയുടെ പേരും നിരീക്ഷകര്‍ കൂട്ടിചേര്‍ത്തു.
വെടിയൊച്ച മുഴങ്ങിയത് മുതല്‍ മില്‍ഖ കുതിപ്പ് തുടങ്ങി. നൂറ് മീറ്റര്‍ കഴിഞ്ഞു, ഇരുന്നൂറ് മീറ്റര്‍ കഴിഞ്ഞു, മില്‍ഖ സ്വര്‍ണത്തിലേക്കെന്ന് തോന്നും വിതം ഒന്നാമത്. എന്നാല്‍ വേഗം കുറച്ച് അവസാനം കുതിപ്പ് തുടരാമെന്ന സെക്കന്‍ഡുകളുടെ തീരുമാനം തീരാ നഷ്ടത്തിലേക്കെത്തിച്ചു. പിന്നിലുണ്ടായിരുന്ന രണ്ട് പേര് ഒന്നിച്ച് മുന്നിലെത്തി.
ഫിനീഷിങ് ലൈന്‍ പിന്നിടുമ്പോള്‍ അമേരിക്കയുടെ ഓട്ടിസ് ഡേവിസ് ഒന്നാമത്. ജര്‍മനിയുടെ കാള്‍ കാഫ്മാന് രണ്ടാം സ്ഥാനം. മില്‍ഖയുടെ മൂന്നാം സ്ഥാനം ഫോട്ടോഫിനീഷിലെത്തി. അല്‍പ്പ സമയത്തിനകം ഫലം പ്രഖ്യാപിച്ചു, ദക്ഷിണാഫ്രിക്കയുടെ മാര്‍ക് സ്പെന്‍സര്‍ മൂന്നാമത്. പത്തില്‍ ഒരു ശതമാനത്തിന്റെ വ്യത്യാസത്തില്‍ മില്‍ഖ നാലാമതാകുന്നു. ബാല്യത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വീണ്ടും കരഞ്ഞ നിമിഷമായിരുന്നു അതെന്ന് മില്‍ഖ തന്നെ പറഞ്ഞിട്ടുണ്ട്.
പാക്കിസ്ഥാനില്‍ ജനിച്ച മില്‍ഖ വിഭജനകാലത്താണ് ഇന്ത്യയിലെത്തുന്നത്. ലഹള കടുത്തപ്പോള്‍ സഹോദരങ്ങളും മാതാപിതാക്കളും കൊല്ലപ്പെട്ടു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് ഇന്ത്യയിലെത്തി. സഹോദരിയുടെ അടുത്ത് അഭയം തേടിയെങ്കിലും വൈകാതെ അവിടെയും അധികപറ്റായി. പിന്നീടുള്ള അലച്ചില്‍ പല തവണ മാധ്യമങ്ങളില്‍ മില്‍ഖ വിവരിച്ചിട്ടുണ്ട്. ആഹാരത്തിനും പണത്തിനുമായാണ് സൈന്യത്തിലെത്തുന്നത്. ചില കാലം മാറ്റത്തിന്റേതാകുമെന്ന് പറയുന്നത് പോലെ, മില്‍ഖയുടെ ജീവിതം മാറിമറിയുകയായിരുന്നു. മില്‍ഖയിലെ കായിക താരത്തെ തിരിച്ചറിയുകയും ട്രയിനിങ് നല്കി വാര്‍ത്തെടുക്കുകയും ചെയ്തത് അതിവേഗം. പട്ടാളക്കാരുടെ മീറ്റുകളില്‍ തുടരെ ജയം, ഒടുവില്‍ മെല്‍ബണ്‍ ഒളിമ്പിക്സിലേക്ക്.
പാക്കിസ്ഥാനിലേക്ക് രാജാവിനെപോലെയുള്ള യാത്ര മറ്റൊരു അവിസ്മരണീയ ഏട്. പ്രമുഖ അത്ലറ്റായ അബ്ദുള്‍ അലീഖുമായി മത്സരിക്കാനാണ് പാക്കിസ്ഥാനിലെത്തിയത്. അദ്ദേഹത്തെ കീഴടക്കി വിജയക്കൊടി നാട്ടുമ്പോള്‍ മറ്റൊരു വിളിപ്പേര് കളിക്കളത്തില്‍ ഉയര്‍ന്നു. പറക്കും സിങ്. അന്നത്തെ പാക്കിസ്ഥാന് പ്രസിഡന്റ് അയൂബ് ഖാന്റെ വകയായിരുന്നു ആ വിളിപ്പേര്. മില്‍ഖ സിങ്ങിനൊപ്പം പറക്കും സിങ് എന്ന വാചകവും ചരിത്ര താളുകളില്‍ രേഖപ്പെടുത്തി.
400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടുന്ന ഏക ഇന്ത്യക്കാരനായി. ഇതിനിടയില്‍ വിവാഹവും പ്രണയവുമെല്ലാം ജീവിതം പോലെ ആകാംക്ഷ നിറഞ്ഞതായി. ഇന്ത്യന്‍ വനിതാ വോളിമ്പോള്‍ ടീം ക്യാപ്റ്റനുമായി 1964ലായിരുന്നു വിവാഹം. രഹസ്യമാക്കിയ പ്രണയം ഒരപകടത്തിലൂടെ പരസ്യമായി. പിന്നീട് വിവാഹത്തിലേക്കെത്തി. 1958 മുതല്‍ 1962 വരെ മില്‍ഖ സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണ മെഡലുകള്‍. 1958 ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണം. കോമണ്‍വെല്‍ത്തില്‍ 400 മീറ്ററില്‍ സ്വര്‍ണം. 1962 ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും 4ഃ400 മീറ്റര്‍ റിലെയ്ലും സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: