ന്യൂദല്‍ഹി: പാര്‍ലമെന്റിലെ ഭക്ഷ്യ സബ്സിഡി നിര്‍ത്തിലാക്കിയതോടെ വാര്‍ഷിക ചെലവില്‍ കുറവുവരിക ഒന്‍പത് കോടി രൂപ. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ചില വിഭവങ്ങള്‍ക്ക് 80 ശതമാനംവരെ സബ്സിഡി കിട്ടിയിരുന്നു. ഒരു പ്ലേറ്റ് മട്ടന്‍ കട്ലെറ്റ്, മട്ടന്‍ കറി, മസാലദോശ എന്നിവയ്ക്ക് 18 രൂപ,20 രൂപ, ആറ് എന്നിങ്ങനെയായിരുന്നു വിലകള്‍. ചിപ്സിനൊപ്പം മീന്‍ വറുത്തതിന് 25 രൂപയായിരുന്നുവെങ്കില്‍ ഹൈദരാബാദി ചിക്കന്‍ ബിരിയാണിക്ക് 65 രൂപ നല്കിയാല് മതിയായിരുന്നു.
നിരവധി പാര്‍ലമെന്റ് അംഗങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ഭക്ഷണത്തിനുള്ള സബ്സിഡി നിര്‍ത്തലാക്കി. ഒപ്പം നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് നല്‍കിയിരുന്ന കാന്റീനിന്റെ നടത്തിപ്പു ചുമതല ഇന്ത്യന്‍ ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന്(ഐടിഡിസി) കൈമാറുകയും ചെയ്തു. 2015-ല്‍ ലഭിച്ച വിവരാവകാശ കണക്ക് അനുസരിച്ച് പ്രതിവര്‍ഷം 14 കോടി രൂപയായിരുന്നു കാന്റീനിലെ സബ്സിഡിക്കായി ചെലവട്ടിരുന്നത്.
ഇപ്പോള്‍ യഥാര്‍ഥ വിലയ്ക്കാണ് ഐടിഡിസി ഭക്ഷണം നല്‍കുന്നത്. പരിഷ്കരിച്ച വിലയനുസരിച്ച് മസാലദോശ 50 രൂപ, മട്ടന്‍ കറി 125, ചിപ്സിനൊപ്പം മീന്‍ വറുത്തത് 100 എന്നിങ്ങനെയാണ് നിരക്കെന്ന് ഹിന്ദു ബിസിനസ് ലൈന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനാവശ്യ ചെലവുകള്‍ കുറയ്ക്കാനെടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ വിശദീകരിക്കാനാണ് സ്പീക്കര്‍ ഓം ബിര്‍ല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ല രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: