ന്യൂദല്‍ഹി: ചൊവ്വാഴ്ച മുതല്‍ ദല്‍ഹിയിലുള്ള ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍, 48 മണിക്കൂറിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ധന്‍കര്‍ അമിത് ഷായോട് സംസ്ഥാനത്തെ ക്രമസമാധാന നില വിവരിച്ചുവെന്നാണ് കരുതുന്നത്. ‘ജനാധിപത്യത്തിലും ഭരണഘടനയിലും നിയമവാഴ്ചയിലും നമുക്ക് വിശ്വസിക്കാനുള്ള അവസരമാണിത്. പെരുമാറ്റച്ചട്ടത്തിന്റെയും നിയന്ത്രണങ്ങളുടെയും പരിധിക്കുള്ളില്‍ നില്ക്കാന് ഉദ്യോഗസ്ഥരോടും പൊലീസിനോടും ഞാന്‍ ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം മുതല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പിനുശേഷം അക്രമങ്ങള്‍ കണ്ടിട്ടില്ല.’- ജഗ്ദീപ് ധന്‍കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി പലകാര്യങ്ങളിലും അഭിപ്രായഭിന്നത തുടരുന്നതിനിടെയാണ് അമിത് ഷായുമായുള്ള ഗവര്‍ണറുടെ കൂടിക്കാഴ്ചകള്‍. കഴിഞ്ഞ കുറേ ആഴ്ചകളിലായി ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അക്രമങ്ങളെക്കുറിച്ച് ധന്‍കര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദല്‍ഹിയിലെത്തുന്നതിന് മുന്‍പായി മമതാ ബാനര്‍ജി അക്രമം കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ക്രമസമാധാനം നിയന്ത്രിച്ചിരുന്ന സമയത്തായിരുന്നു അക്രമങ്ങളെന്നും സത്യപ്രതിജ്ഞ കഴിഞ്ഞതോടെ സര്‍ക്കാര്‍ നില പുനഃസ്ഥാപിച്ചുവെന്നും ബാനര്‍ജി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ദല്‍ഹി സന്ദര്‍ശനത്തിനിടെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രഹ്ളാദ് ജോഷിയും പ്രഹ്ളാദ് സിംഗ് പട്ടേലും ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ 70-കാരനായ ധന്‍കര്‍ കണ്ടിരുന്നു.
പശ്ചിമബംഗാളിലെ, പ്രധാനമായും തെരഞ്ഞെടുപ്പിന് ശേഷമുള്ള, മനുഷ്യാവകാശ ലംഘന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സമിതി രൂപീകരിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്(എന്‍എച്ച്ആര്‍സി) ചെയര്‍പേഴ്സനോട് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വെള്ളിയാഴ്ച നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: