കോഴിക്കോട്: കുടുംബ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുമിഞ്ഞ് കൂടുന്നു. നിലവില്‍ രണ്ടു ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിലായി 28 കുടുംബ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേസുകളുടെ ബാഹുല്യം നോക്കിയാല്‍ ഇനിയും കോടതികള്‍ തുറക്കേണ്ട സ്ഥിതിയാണുള്ളത്. കേസുകള്‍ കുമിഞ്ഞ് കൂടിയതോടെ തീര്‍പ്പാക്കലുകള്‍ അനന്തമായി നീളുകയാണ്. വര്‍ഷങ്ങളായിട്ടും കേസുകള്‍ തീര്‍പ്പാക്കാനാവാതെ കക്ഷികളും ബുദ്ധിമുട്ടുകയാണ്.
കേസില്‍ തീര്‍പ്പു പ്രതീക്ഷിച്ച് കോടതി വരാന്തയിലും ചുറ്റുവട്ടത്തുമായി കാത്തുനില്ക്കുന്നവരുടെ വിഷാദമുഖങ്ങള്‍ എല്ലാവര്ക്കും വേദന നല്കുന്ന കാഴ്ചയാണ്. കുടുംബ കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ള കേസുകളില്‍ വേഗം തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒരു പരിധി വരെ കേസുകളുടെ ഗതിവേഗം വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ്. കേസുമായി ബന്ധപ്പെട്ട സര്‍വകാര്യങ്ങളും ജഡ്ജി തന്നെ നേരിട്ടു കൈകാര്യം ചെയ്യുന്ന ഇപ്പോഴത്തെ സമ്പ്രദായം മാറ്റണമെന്നതാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പ്രധാനം.
കേസുകളുടെ പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ചുമതല അതിനായി പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നാണു നിര്‍ദ്ദേശം. അതുപോലെ ദിവസേന എടുക്കേണ്ട കേസുകളുടെ പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പെടെയുള്ള ചുമതലയും ഈ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയും ലോക് ഡൗണ്‍ വരുകയും ചെയ്തതോടെയാണ് കേസുകള്‍ക്ക് അനക്കമില്ലാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: