Categories: Kerala

ഇന്ന് വായനാ ദിനം: മാറുന്ന കാലത്ത് വായനയും മാറുന്നു; വായനയുടെ പുതിയ ലോകം മാനവരാശിക്ക് മുമ്പില്‍ തുറന്നിട്ട് ഇന്റര്‍നെറ്റ്

നേരിട്ട് പ്രതികരണം ലഭിക്കുന്നു. ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച ലേഖനങ്ങളും കഥകളുമെല്ലാം പിന്നീട് അച്ചടിക്കപ്പെടുകയും ചെയ്യുന്നു. ഇ- ബുക്ക് വായനയ്ക്കും കൂടുതല്‍ പ്രചാരം കൈവരുന്നു.

Published by

കോട്ടയം: മാറുന്ന കാലത്ത് വായനയും മാറുന്നു, മലയാളിയുടെ വായനാശീലങ്ങളും. പുതിയ കടലാസിന്റെയും അച്ചടിമഷിയുടെയും മണം തുളുമ്പുന്ന പുസ്തകങ്ങള്‍, പ്രകാശനം ചെയ്യുന്ന അന്നു തന്നെ എഴുത്തുകാരന്റെ കയ്യൊപ്പിട്ട് വാങ്ങി വായിച്ചു തീര്‍ത്ത കാലം മാറുകയാണ്. കഥകളും നോവലുകളും വായിക്കുന്നതിനൊപ്പം തന്നെ ഏറ്റവും പുതിയ അറിവുകളും സൈബര്‍ ലോകത്ത് തേടുകയാണ് മലയാളികള്‍.  

വായനയുടെ പുതിയ ലോകമാണ് ഇന്റര്‍നെറ്റ് മാനവരാശിക്ക് മുന്നില്‍ തുറന്നിട്ടത്. തുറന്നു പിടിച്ചിരുന്ന പുസ്തകത്താളുകളില്‍ നിന്ന് കമ്പ്യൂട്ടറുകളിലേക്കും മൊബൈല്‍ ഫോണിലേക്കും ഇ-ബുക്ക് റീഡറുകളിലേക്കും വായനമാറുന്നു. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളും വായനയുടെ ലോകമാണ് സമ്മാനിച്ചത്. വായിക്കേണ്ടത് എന്തെന്ന് തീരുമാനിക്കേണ്ട ആവശ്യമേ ഉള്ളൂ.  

ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ബ്ലോഗുകളും എഴുത്തുകാരനും വായനക്കാരനും തമ്മില്‍ നേരിട്ടുള്ള ആശയ വിനിമയത്തിനും വേദിയൊരുക്കുന്നു. വായനക്കാരനെക്കാള്‍ കൂടുതല്‍ സംതൃപ്തി ഇവിടെ ലഭിക്കുന്നത് എഴുത്തുകാര്‍ക്കാണ്. നേരിട്ട് പ്രതികരണം ലഭിക്കുന്നു, എന്നത് തന്നെ പ്രധാനം. ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച ലേഖനങ്ങളും കഥകളുമെല്ലാം പിന്നീട് അച്ചടിക്കപ്പെടുകയും ചെയ്യുന്നു. ഇ – ബുക്ക് വായനക്കും കൂടുതല്‍ പ്രചാരം കൈവരുന്നു. പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ അതിന്റെ ഇ-ബുക്ക് പതിപ്പുകളുമെത്തിക്കാന്‍ പ്രസാധകര്‍ ശ്രദ്ധിപുലര്‍ത്തുന്നു. പുസ്തകത്തേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുമെന്നതിനാല്‍ വായനക്കാര്‍ക്കും ഇ-ബുക്കിനോട് താല്പര്യമേറുന്നു.  

കൊവിഡ് കാലത്ത് നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയപ്പോഴും വായനയായിരുന്നു മിക്കവര്‍ക്കും കൂട്ടായത്. അതില്‍ ചിലരെങ്കിലും ഇ വായനയുടെ ലോകത്തായിരുന്നു. വിരലൊന്നമര്‍ത്തിയാല്‍ ഏത് പ്രസാധകരുടെയും പുസ്തകങ്ങള്‍ ഇ വായനയ്‌ക്ക് ലഭ്യമാണ്. മാറുന്ന തലമുറയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ് പ്രസാധകരും.  

ലൈബ്രറികളും മാറുകയാണ്. മര അലമാരയില്‍ സ്ഥാനം പിടി ച്ചിരുന്ന പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് അംഗങ്ങള്‍ക്ക് ലഭ്യമാക്കുകയാണിപ്പോള്‍. ഗ്രാമപ്രദേശങ്ങളിലെ ലൈബ്രറികളില്‍ വരെ  ഈ മാറ്റം പ്രകടമാണ്. കാലപ്പഴക്കം കൊണ്ട് പുസ്തകങ്ങള്‍ കേടുവന്നുപോകുമെന്ന പേടിയുമില്ല. പുസ്തകങ്ങള്‍ വായിക്കുന്നതിനും ചര്‍ച്ച നടത്തുന്നതിനുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമുണ്ട്.  

ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞുകിടന്ന സ്‌കൂള്‍ ലൈബ്രറികളും ഗ്രാമീണ വായന ശാലകളുമെല്ലാം സജീവമായത് പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കിയാണ്. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലിരുന്നവര്‍ക്കുംവരെ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കി. മാറുന്ന കാലത്തും വായനയെ ചേര്‍ത്ത് പിടിക്കുകയാണ് ഈ വായനാദിനത്തിലും മലയാളികളും ലോകവും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എന്‍. പണിക്കരുടെ ചരമദിന മാണ് വായനാദിനമായി ആചരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by