തൃശൂര്‍: മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നോ വനഭൂമിയില്‍ നിന്നോ. അന്വേഷണ സംഘത്തിന് ഇതറിയണമെങ്കില്‍ വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയും സ്കെച്ചും പഌനും പരിശോധിക്കണം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കാകട്ടെ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര അറിവുമില്ല.
മിക്ക പട്ടയ ഭൂമികളോടും ചേര്‍ന്ന് വനം കൈയേറ്റം നടന്നിട്ടുണ്ട്. മരം മുറിച്ചിട്ടുമുണ്ട്. പക്ഷേ തെളിവുകളും രേഖകളും ശേഖരിച്ച് കേസെടുക്കണമെങ്കില്‍ മാപ്പ് പരിശോധിച്ച് പട്ടയഭൂമിയും വനഭൂമിയും ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കണം.
അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍മാര്‍ പറയുന്നത് വിശ്വാസത്തിലെടുക്കണം. പല കേസുകളിലും റവന്യൂ ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലിലാണ്. അന്വേഷണത്തിന് അവരുടെ അടുത്ത് തന്നെ സഹായം തേടേണ്ട അവസ്ഥയിലാണ് ക്രൈംബ്രാഞ്ച്. ഇതാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റവന്യൂ വകുപ്പിലെ മിക്ക ഉദ്യോഗസ്ഥരും സഹകരിക്കാന്‍ തയ്യാറാകുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ട്.
തൃശൂര്‍ ജില്ലയില്‍ എളനാട് വില്ലേജിലാണ് ഏറ്റവുമധികം മരങ്ങള്‍ നഷ്ടമായിട്ടുള്ളത്. തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എളനാട് വില്ലേജില്‍ സര്‍വ്വേ രേഖകള്‍ പ്രകാരം പകുതിയോളം വനഭൂമിയാണ്. 1957-62 കാലത്ത് തലപ്പിള്ളി താലൂക്കിലെ ഏതാണ്ട് 900 ചതുരശ്ര കിലോ മീറ്റര്‍ വനഭൂമി റവന്യൂ ഭൂമിയാക്കിയതായാണ് രേഖകള്‍. എളനാട് വില്ലേജിലാണ് ഇതിലേറെയും. ഈ ഭൂമി മുഴുവന്‍ പതിച്ചു നല്കിയിയിട്ടുമുണ്ട്. ഇവിടെ പട്ടയം ലഭിച്ച പലരും അടുത്തുള്ള വനഭൂമിയില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് കൃത്യമായി വേര്‍തിരിച്ചറിയണമെങ്കില്‍ റവന്യൂ രേഖകള്‍ പരിശോധിക്കണം.
പലരും വ്യാജ പട്ടയങ്ങള്‍ വരെ തയാറാക്കിയിട്ടുമുണ്ട്. പട്ടയത്തിലെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണം, നാലതിരുകള്‍ എന്നിവ ശരിയാണോയെന്ന് കണ്ടെത്തണമെങ്കില്‍ സര്‍വ്വേ രേഖകള്‍ പരിശോധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ റവന്യൂ, സര്‍വ്വേ വകുപ്പ് ജീവനക്കാരുടെ സഹകരണം ലഭിക്കുകയെന്ന പ്രായോഗിക ബുദ്ധിമുട്ടാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: