Categories: Article

വായനയോടൊപ്പം ജീവിക്കുന്ന പി.എന്‍.പണിക്കര്‍

കമ്മ്യൂണിസ്റ്റ് ശത്രുത ഏറ്റുവാങ്ങുന്നവരെ ശിക്ഷിക്കാന്‍ പാര്‍ട്ടിയ്ക്ക് അധികാരമുണ്ടല്ലോ. തായാട്ടു ശങ്കരന്‍ എന്ന സഖാവിനെ മുന്‍നിര്‍ത്തി പണിക്കര്‍സാറിനെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പട്ടിയെ പേപ്പട്ടിയാക്കി, അതിനെ തല്ലിക്കൊല്ലുന്ന തരംതാണ സ്റ്റാലിനിസ്റ്റ് രാഷ്ട്രീയം മഹാനായ ഗ്രന്ഥശാലാപ്രസ്ഥാന സ്ഥാപകനെ പടിയടച്ചു പിണ്ഡം വച്ചു. എന്നാല്‍ അതിലൊന്നിലും അടങ്ങിയിരിക്കാന്‍ ആ കര്‍മ്മയോഗിക്കായില്ല.

തന്റെ പതിനേഴാമത്തെ വയസ്സില്‍ സ്വന്തം ഗ്രാമമായ നീലമ്പേരൂരില്‍  ‘സനാതന ധര്‍മ്മം’  വായനശാല തുടങ്ങിക്കൊണ്ടാണ് പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍ ഗ്രന്ഥശാലാ രംഗത്തേക്ക് കടന്നു വരുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മഹാത്മജിയുടെ ആഹ്വാനപ്രകാരം ഭാരതമെമ്പാടും ഹിന്ദി പഠനവും വായനശാലകളും ആരംഭിച്ചിരുന്നു. കാരൂര്‍ നീലകണ്ഠപിള്ളയും വൈലോപ്പിള്ളിയും നേതൃത്വം കൊടുത്ത സാഹിത്യ പ്രവര്‍ത്തല സഹകരണസംഘവും പി.ടി.ചാക്കോ, പി.വി.വര്‍ക്കി,  ഡി.സി.കിഴക്കേമുറി തുടങ്ങിയ  സ്വാതന്ത്ര്യ സമരസേനാനികളുടെ നേതൃത്വത്തില്‍ കോട്ടയത്ത് ആരംഭിച്ച നാഷണല്‍ ബുക്ക്സ്റ്റാളും (എന്‍ബിഎസ്)  ഹിന്ദി പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനു തുടങ്ങിയ ഇന്ത്യപ്രസ്സും ഇത്തരുണത്തില്‍ സ്മരണീയമാണ്. പില്‍ക്കാലത്ത് ഉദ്ദേശലക്ഷ്യങ്ങള്‍ മറന്നതോടെ നാഷണല്‍ ബുക്ക്സ്റ്റാള്‍ വലിയ സാമ്പത്തിക പരാധീനതയിലേക്ക് കൂപ്പുകുത്തി. സ്വാതന്ത്ര്യസമരത്തിന്റെ സാക്ഷ്യപത്രമായി നിലനിന്ന ഇന്ത്യാപ്രസ് വില്‍ക്കാനും അക്കാലത്തെ ഭരണാധികാരികള്‍ തീരുമാനിച്ചു. ഏറെ കാലത്തെ അനിശ്ചിതത്വത്തിനുശേഷം ഇന്ത്യാപ്രസ് മ്യൂസിയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യലൈബ്രറി 1829 ല്‍ സ്വാതിതിരുനാള്‍ തുടക്കം കുറിച്ച ട്രിവാന്‍ഡ്രം  പബ്ലിക് ലൈബ്രറിയാണ്. തുടര്‍ന്ന്  കൊച്ചിയിലും മലബാറിലും പല ഗ്രാമപ്രദേശങ്ങളിലും ഗ്രാമീണവായനശാലകള്‍ ആരംഭിച്ചു. 1931 ല്‍ തൃശ്ശൂരില്‍ പുത്തേഴത്ത്  രാമന്‍ മേനോനും ചേലനാട്ട് അച്യുതമേനോനും എം.കെ.രാജയും  ആരംഭിച്ച കേരള പുസ്തകാലയസമിതിയാണ് ഗ്രന്ഥശാലാപ്രസ്ഥാനമെന്ന ആശയം മുന്നോട്ടുവച്ചത്. മലബാറില്‍ കേളപ്പജിയും കെ. ദാമോദരനും അടങ്ങുന്നവരുടെ നേതൃത്വത്തില്‍ മലബാര്‍ വായനശാലാ സംഘം തുടങ്ങി.  ഇത്തരത്തില്‍ ആരംഭിച്ച വായനശാലകളുടെ കൂട്ടായ്മ സംഘടിപ്പിച്ചത് പി.എന്‍.പണിക്കരാണ്. 1945 ല്‍ അമ്പലപ്പുഴയില്‍ ആരംഭിച്ച പി.കെ. മെമ്മോറിയല്‍ ലൈബ്രറി ചരിത്രസംഭവമായി മാറിയ  ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായി. 47 ഗ്രന്ഥശാലകള്‍ പങ്കെടുത്ത സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു.   പുതുതായി എന്താരംഭിച്ചാലും എതിര്‍ക്കുന്ന ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റുകള്‍  അന്നും ഇതിന് എതിരായിരുന്നു. കമ്മ്യൂണിസ്റ്റ് ബന്ധമുള്ള ചില ഗ്രന്ഥശാലകള്‍ ഈ കൂട്ടായ്മയില്‍ നിന്നു വിട്ടു നിന്നു.  

എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഗ്രന്ഥശാലപ്രസ്ഥാനം ആരംഭിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാര്് ഗ്രന്ഥശാലാ സംഘത്തെ അംഗീകരിക്കുകയും 1946 മുതല്‍ 240 രൂപ പ്രതിവര്‍ഷം ഗ്രാന്റും പ്രതിമാസചെലവിന് 250 രൂപയും അനുവദിച്ചു. മാത്രമല്ല മൂന്നുമേഖലകളായി പ്രവര്‍ത്തനം വിപുലീകരിച്ചു. അധ്യാപകനായ പി.എന്‍. പണിക്കരുടെ സേവനം ഗ്രന്ഥശാലാപ്രസ്ഥാനത്തിനു വിട്ടു കൊടുത്തു. നാട്ടില്‍ ചിതറിക്കിടക്കുന്ന വായനശാലകളെയും ചെറു ഗ്രന്ഥശാലകളേയും ഒരു കുടക്കീഴിലാക്കുക എന്ന ഭഗീരഥയജ്ഞമായിരുന്നു  അമ്പലപ്പുഴ ഗവ. എല്‍.പി.സ്‌കൂളിലെ അധ്യാപകനായ പണിക്കര്‍ സാര്‍ ഏറ്റെടുത്തത്. പി.എന്‍.പണിക്കര്‍ എന്ന മഹാമനീഷിക്കു ഗ്രന്ഥശാല തന്റെ  ജീവിതഭാഗമായിരുന്നു. കേരളത്തിലെ ഏതാണ്ടെല്ലാ ഗ്രാമീണ വായനശാലകളിലും ഗ്രന്ഥശാലകളിലും അദ്ദേഹം കയറിയിറങ്ങി. കേരളത്തിലങ്ങോളമിങ്ങോളം ഏഴായിരത്തോളം ഗ്രാമീണ വായനശാലകള്‍ ഉയര്‍ന്നു വന്നു.  ഇതോടെ ലോകത്തിനു തന്നെ മാതൃകയായ ഗ്രന്ഥശാലാപ്രസ്ഥാനം രൂപംകൊണ്ടു. ‘നല്ല കുട്ടിയ്‌ക്കു അച്ഛന്മാര്‍ കൂടും’ എന്ന ചൊല്ലു അന്വര്‍ത്ഥമാക്കിക്കൊണ്ട്  1977 ല്‍ ഗ്രന്ഥശാലാപ്രസ്ഥാനം കേരളസര്‍ക്കാര്‍ ഏറ്റെടുത്തു.  

കമ്മ്യൂണിസ്റ്റ് ശത്രുത ഏറ്റുവാങ്ങുന്നവരെ ശിക്ഷിക്കാന്‍ പാര്‍ട്ടിയ്‌ക്ക് അധികാരമുണ്ടല്ലോ. തായാട്ടു ശങ്കരന്‍ എന്ന സഖാവിനെ മുന്‍നിര്‍ത്തി പണിക്കര്‍സാറിനെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പട്ടിയെ പേപ്പട്ടിയാക്കി, അതിനെ തല്ലിക്കൊല്ലുന്ന തരംതാണ സ്റ്റാലിനിസ്റ്റ് രാഷ്‌ട്രീയം മഹാനായ ഗ്രന്ഥശാലാപ്രസ്ഥാന സ്ഥാപകനെ പടിയടച്ചു പിണ്ഡം വച്ചു. എന്നാല്‍ അതിലൊന്നിലും അടങ്ങിയിരിക്കാന്‍ ആ കര്‍മ്മയോഗിക്കായില്ല.  

മലയാളിയ്‌ക്ക് എക്കാലവും ഒരു വായനാസംസ്‌ക്കാരമുണ്ട്. അതിനു നാം കടപ്പെട്ടിരിക്കുന്നത് ഭക്തിപ്രസ്ഥാനത്തോടാണ്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനോടും പൂന്താനം നമ്പൂതിരിയോടും മേല്പ്പാത്തൂര്‍ നാരായണ ഭട്ടതിരിയോടുമാണ്. ലോകപുസ്തകദിനം യു.എന്‍. അംഗീകരിച്ചത് 1995 ലാണ്. എന്നാല്‍ ഇതിനൊക്കെ ദശാബ്ദങ്ങള്‍ക്കു മുമ്പേ മലയാളക്കരയില്‍ കര്‍ക്കിടക മാസത്തില്‍ രാമായണപാരായണം ആരംഭിച്ചിരുന്നു. 1982 മുതല്‍ക്കതിന് ഔദ്യോഗികമാനവും കൈവന്നു.  

അത്ഭുതമായി തോന്നാവുന്ന ഒരു സത്യം കേരളത്തില്‍ എക്കാലത്തും ‘ബെസ്റ്റ് സെല്ലര്‍’ എഴുത്തച്ഛനാണ് എന്നുള്ളതാണ്. ഏറ്റവും വലിയ എഴുത്തുകാരന്റെ പുസ്തകം പ്രതിവര്‍ഷം അയ്യായിരം കോപ്പി വിറ്റഴിയുമ്പോള്‍ എഴുത്തച്ഛന്റെ  രാമായണം ചുരുങ്ങിയത് അമ്പതിനായിരം കോപ്പിയാണ് വായനക്കാരന്റെ കയ്യിലെത്തുന്നത്.  

കേരള അനൗപചാരിക  വിദ്യാഭ്യാസ സമിതി

‘മലകളിളകിലും മഹാജനനാം മനമിളകാ’ എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. ജന്മനാ മഹത്വമുള്ളവരെയും സ്ഥിരോത്സാഹികളേയും എതിര്‍പ്പുകള്‍ തളര്‍ത്തില്ല. അതവരെ കൂടുതല്‍ കരുത്തരാക്കും. പണിക്കര്‍സാര്‍ കേരള അനൗപചാരിക വിദ്യാഭ്യാസസമിതി രൂപീകരിച്ചു. കേരളമെമ്പാടും യാത്ര ചെയ്തു.  കാന്‍ഫെഡിന്റെ സ്ഥാപകനായി. 100% സാക്ഷരത കൈവരിച്ചു എന്നവകാശപ്പെടാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക്് അവസരം ഒരുക്കിയത് ഇതിലൂടെയാണ്. അന്യായമായ എതിര്‍പ്പുകളെ കൂസാതെ നിര്‍ഭയം മുന്നോട്ടു പോയാല്‍ സമൂഹം അംഗീകരിക്കും എന്ന അനുഭവമാകാം പണിക്കരെ മുന്നോട്ട് നയിച്ചത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ആക്ഷേപിച്ച് പുറത്താക്കിയവര്‍ തന്നെ അദ്ദേഹത്തിന്റെ വിയോഗദിനം ജൂണ്‍ 19 വായനാദിനമായും അന്നു മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായും ആചരിക്കാന്‍ നിശ്ചയിച്ചത് ഒരു നിമിത്തമാകാം.  

മൂന്നു വര്‍ഷം മുമ്പ് എറണാകുളത്ത് വച്ചു നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വായനാമാസത്തിനു ആഹ്വാനം ചെയ്തു. ‘ബൊക്കെക്കു പകരം ബുക്ക്’ എന്ന ആശയം നരേന്ദ്രമോദി അവതരിപ്പിച്ചത് ആ സമ്മേളനത്തിലാണ്. ഈ വര്‍ഷം ചരിത്ര പ്രധാനമായ ഒരു പ്രഖ്യാപനമാണ് പ്രധാനമന്ത്രി ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെി 75-ാം വര്‍ഷം പ്രമാണിച്ച് ‘ഏക്  ഭാരത് ശ്രേഷ്ട് ഭാരത്’ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണിത് നടപ്പാക്കുക. മുപ്പതു വയസ്സില്‍ താഴെയുള്ള 75 എഴുത്തുകാരെ കണ്ടെത്തി അവര്‍ക്ക്് പ്രതിമാസം അമ്പതിനായിരം രൂപ സ്റ്റൈപ്പെന്റ് നല്‍കുന്ന പദ്ധതിയാണിത്. 2021 ആഗസ്റ്റ് 15നു ഇവരെ പ്രഖ്യാപിക്കും. 2022 ജനുവരിയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. വായനയും അതിലൂടെ വിജ്ഞാനവുമാണ്  ഭാരതീയ സംസ്‌കാരത്തിന്റെ അടിവേര് എന്ന തിരിച്ചറിവിലൂന്നിയ മഹായജ്ഞത്തിനാണ് തുടക്കം കുറിയ്‌ക്കുന്നത്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക