ന്യൂദല്‍ഹി:കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്’ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. . 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മുന്നണിപ്പോരാളികളായ ഒരു ലക്ഷത്തോളം പേര്‍ക്ക് ഈ സംരംഭത്തില്‍ പരിശീലനം നല്‍കും.
കൊറോണയ്ക്കെതിരായ പോരാട്ടത്തിലെ അടുത്ത ഘട്ടമാണ് ഇതെന്ന് പരിപാടിയില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. വൈറസ് സജീവമാണെന്നും ജനിതക മാറ്റത്തിനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. വൈറസ് നമുക്കു സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് രണ്ടാം തരംഗം നമുക്കു കാട്ടിത്തന്നു. വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം തയ്യാറായിരിക്കേണ്ടതുണ്ടെന്നും ഒരു ലക്ഷത്തിലധികം മുന്നണിപ്പോരാളികളെ പരിശീലിപ്പിക്കുന്നത് ആ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ ഓരോ രാജ്യത്തിന്റെയും സ്ഥാപനത്തിന്റെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിയുടെയും കരുത്ത് മഹാമാരി പരീക്ഷിച്ചതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അതേസമയം, ശാസ്ത്രം, ഗവണ്മെന്റ്, സമൂഹം, സ്ഥാപനം അല്ലെങ്കില്‍ വ്യക്തികള്‍ ഏതുമാകട്ടെ, നമ്മുടെ ശേഷി വികസിപ്പിക്കേണ്ടതുണ്ട് എന്ന് ഇതു നമുക്കു മുന്നറിയിപ്പു നല്കി. ഈ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തു. വ്യക്തിഗത സുരക്ഷാകിറ്റുകള്‍, പരിശോധന, കോവിഡ് പരിരക്ഷ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ ഈ ശ്രമങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നു. വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വ്യാപകമായി ആശുപത്രികള്‍ക്കു നല്‍കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. 1500 ലധികം ഓക്സിജന്‍ പ്ലാന്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങള്‍ക്കിടയിലും, വിദഗ്ധ മനുഷ്യശക്തി നിര്‍ണായകമാണ്. ഇതിനുവേണ്ടിയും കൊറോണ പോരാളികളുടെ നിലവിലെ സേനയെ പിന്തുണയ്ക്കുന്നതിനുമായാണ് ഒരു ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്. രണ്ടു മൂന്നു മാസമായിരിക്കും ഈ പരിശീലനത്തിന്റെ കാലാവധിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഇന്ന് ആരംഭിച്ച ആറു പരിശീലന പരിപാടികള്‍ വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്തതാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആവശ്യപ്രകാരമാണ് ഇതിനു തുടക്കം കുറിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭവന സുരക്ഷാ പിന്തുണ, അടിസ്ഥാന സുരക്ഷാ പിന്തുണ, മുന്‍കൂര്‍ സുരക്ഷാ പിന്തുണ, അടിയന്തര സുരക്ഷാ പിന്തുണ, സാമ്പിള്‍ ശേഖരണ പിന്തുണ, ചികിത്സാ ഉപകരണ പിന്തുണ എന്നിങ്ങനെ ആറ് പ്രത്യേക ജോലികള്‍ക്കായി കോവിഡ് പോരാളികള്‍ക്ക് പരിശീലനം നല്‍കും. പുത്തന്‍ വൈദഗ്ധ്യവും ഈ തരത്തിലുള്ള ജോലികളില്‍ പരിശീലനം നേടുന്നവരുടെ അധിക വൈദഗ്ധ്യവും ഇതില്‍ ഉള്‍പ്പെടും. ഈ പരിപാടി ആരോഗ്യമേഖലയിലെ മുന്നണിപ്പോരാളികള്‍ക്ക് പുതിയ ഊര്‍ജം പകരും. ഒപ്പം നമ്മുടെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും പ്രാപ്തമാക്കും.
വൈദഗ്ധ്യം, പുതിയശേഷി, അധിക ശേഷി എന്നിവയുടെ സന്ദേശം എത്ര പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് കൊറാണക്കാലം വ്യക്തമാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി സ്കില്‍ ഇന്ത്യ മിഷന് പ്രത്യേകമായി ആരംഭിച്ചതായും നൈപുണ്യ വികസന മന്ത്രാലയം രൂപീകരിച്ചതായും പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് സ്കില്‍ ഇന്ത്യ മിഷന് ഓരോ വര്‍ഷവും ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ അന്നിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശീലനം നല്കാന് സഹായിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍, പകര്‍ച്ചവ്യാധിക്കിടയിലും, രാജ്യത്തൊട്ടാകെയുള്ള ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നൈപുണ്യ വികസന മന്ത്രാലയം പരിശീലനം നല്കി.
നമ്മുടെ ജനസംഖ്യയുടെ വലിപ്പം കണക്കിലെടുത്ത് ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ എയിംസ്, പുതിയ മെഡിക്കല്‍ കോളേജുകള്‍, പുതിയ നഴ്സിംഗ് കോളേജുകള്‍ എന്നിവ ആരംഭിക്കുന്നതിനായി കഴിഞ്ഞ 7 വര്‍ഷമായി കേന്ദ്രീകൃത സമീപനത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതുപോലെ, മെഡിക്കല്‍ വിദ്യാഭ്യാസത്തിലും അനുബന്ധ സ്ഥാപനങ്ങളിലും പരിഷ്കരണങ്ങളും പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യരംഗത്തെ വിദഗ്ധരെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ നല്കുന്ന കാര്യഗൗരവവും വേഗതയും അഭൂതപൂര്‍വമാണ്.
ആശാ തൊഴിലാളികളെയും ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരിക്കുന്ന എഎന്‍എം-അങ്കണവാടി-ആരോഗ്യപ്രവര്‍ത്തകരെയും പോലുള്ള ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നമ്മുടെ ആരോഗ്യമേഖലയുടെ ശക്തമായ സ്തംഭങ്ങളിലൊന്നാണെന്നും പലപ്പോഴും അവര്‍ നമ്മുടെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുപോകാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പു പരിപാടിക്ക് പിന്തുണ നല്‍കുന്നതിലൂടെ വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി അവര്‍ പ്രധാന പങ്ക് വഹിക്കുകയാണ്. ഓരോ പൗരന്റെയും സുരക്ഷയ്ക്കായി പ്രതികൂല സാഹചര്യങ്ങളിലെല്ലാം ഈ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും മലയോര-ഗോത്രമേഖലകളിലും അണുബാധ പടരാതിരിക്കുന്നതില്‍ അവരുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: