തൃശൂര്‍: മരംകൊള്ള കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ കടമ്പകളേറെ. സംസ്ഥാനത്ത് ഏറ്റവും സംഘടിതമായും സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ചും നടക്കുന്ന മോഷണമാണ് വനംകൊള്ള. പഞ്ചായത്ത് അംഗം മുതല്‍ ഭരണതലത്തിലെ ഉന്നതര്‍ വരെ, വില്ലേജ് ഓഫീസര്‍ മുതല്‍ ഗവ. സെക്രട്ടറി വരെ, വനംകൊള്ളയുടെ വേരുകള്‍ നീണ്ടുകിടക്കുകയാണ്.
വനഭൂമി കയ്യേറ്റം മുതല്‍ തടി മോഷണം വരെ പരമ്പരയായി നീണ്ടുകിടക്കുന്ന കുറ്റകൃത്യങ്ങളാണ് പരിശോധിക്കപ്പെടേണ്ടത്. രേഖകള്‍ പരിശോധിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു നൂറ്റാണ്ടിലെയെങ്കിലും റവന്യൂ രേഖകളും വനരേഖകളും പരിശോധിക്കേണ്ടി വരും. പട്ടയഭൂമിയില്‍ നിന്ന് മാത്രമല്ല വനഭൂമിയില്‍ നിന്നും വലിയതോതില്‍ മരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന് കോടികളാണ് നഷ്ടം സംഭവിച്ചിട്ടുള്ളതെന്നും ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും എഫ്ഐആറിലുണ്ട്. പക്ഷേ തുടര്‍ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് ആശയക്കുഴപ്പമുണ്ട്.
വനഭൂമി കയ്യേറ്റവും വനവിഭവങ്ങളുടെ കൊള്ളയും പോലെ ഇത്രയും ആസൂത്രിതമായി നടക്കുന്ന മോഷണം സംസ്ഥാനത്ത് വേറെയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. റവന്യൂ, സര്‍വ്വേ, രജിസ്ട്രേഷന്, വനം, പോലീസ് വകുപ്പുകളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രിമാര്‍ വരെ നീളുന്ന രാഷ്ട്രീയക്കാര്‍, സംഘടിത മത നേതൃത്വം ഇവരുടെയെല്ലാം സഹായത്തോടെയാണ് കൊള്ളയും കയ്യേറ്റവും നടക്കുന്നത്. വനഭൂമി കയ്യേറ്റം, കോടികള്‍ വിലമതിക്കുന്ന തടി മോഷണം, പാറ ഖനനം ഇതെല്ലാം ആസൂത്രിതമായാണ് നടക്കുന്നത്. വന്‍ സാമ്പത്തിക നഷ്ടം മാത്രമല്ല ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രകൃതി സമ്പത്തിന്റെയും പരിസ്ഥിതിയുടേയും നാശം കൂടിയാണിതു വഴി സംഭവിക്കുന്നത്.
ഇപ്പോള്‍ മുറിച്ചുമാറ്റിയ ഈട്ടിത്തടികളില്‍ പലതിനും നൂറു വര്‍ഷത്തിലേറെ പ്രായം കണക്കാക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചുരുങ്ങിയത് എണ്‍പത് വര്‍ഷമെങ്കിലും വേണം ഒരു ഈട്ടിമരം വളര്‍ച്ചയെത്താന്‍. മരങ്ങളുടെ വാര്‍ഷിക വലയങ്ങള്‍ പരിശോധിച്ച തങ്ങള്‍ അത്ഭുതപ്പെട്ടുപോയി. 120ലേറെ വര്‍ഷം പ്രായമുള്ള മരങ്ങളും മുറിച്ചിട്ടുണ്ട്. പട്ടയ ഉടമകളായ കര്‍ഷകര്‍ക്ക് നാമമാത്രമായ തുകയാണ് നല്‍കിയിട്ടുള്ളതെന്നും വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ പിടികൂടിയ അമ്പത്തഞ്ച് ലക്ഷം വിലമതിക്കുന്ന മരത്തിന് പട്ടയ ഉടമയായ കര്ഷകന് നല്‍കിയിട്ടുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. വയനാട്ടിലും മറ്റും സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ക്ക് പത്തിലൊന്ന് വില പോലും പട്ടയ ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്്ട്രീയ നേതൃത്വത്തിനും വലിയ പങ്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പക്ഷേ അന്വേഷണസംഘത്തിന് അവരിലേക്കെത്തണമെങ്കില്‍ കടമ്പകളേറെയാണ്. പോലീസുകാരും വനംവകുപ്പുകാരും മാത്രമടങ്ങുന്ന സംഘത്തിന് അതിനാകില്ല. ഭൂമിയുടെ രേഖകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളുണ്ട്. ഇതെല്ലാം കൃത്യമായി ചെയ്താലേ യഥാര്‍ത്ഥ പ്രതികളെ പൂര്‍ണമായും കണ്ടെത്താനാകൂ. നിലവില്‍ അന്വേഷണം തടി മുറിച്ച ചിലരില്‍ മാത്രമായൊതുങ്ങുമെന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: