തിരുവനന്തപുരം: മികച്ച ആരോഗ്യ സംവിധാനങ്ങള്‍ക്ക് മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുള്ള കേരളത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെന്നാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും വര്‍ദ്ധിച്ച് വരികയാണ്.
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതുള്‍പ്പടെ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് അരങ്ങേറിയത്. ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്. ആശുപത്രി സംരക്ഷണ നിയമം നിലവിലുണ്ടായിട്ടും അക്രമികള്‍ക്കെതിരെ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടും കുറ്റക്കാരെ മാതൃകാപരമായ ശിക്ഷ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാവേലിക്കരയിലേത്.
ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഡോക്ടറെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ തെളിവുകള്‍ സഹിതം, ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി എഫ്ഐആര്‍ ഫയല്‍ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് നടന്നില്ല. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ആരോഗ്യരംഗത്തെ വിവിധ സംഘടനകള്‍ പരിഹാരമായി മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രതിഷേധദിനം ആചരിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ, കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആചരിക്കുന്ന പ്രതിഷേധ ദിനത്തില്‍ പങ്കുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: