കോഴിക്കോട്: പിഎസ്സി ശുപാര്‍ശ ലഭിച്ചവര്‍ക്ക് നിയമനമില്ല. താത്ക്കാലിക സ്ഥാനക്കയറ്റം നേടിയവര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായി തുടരുന്നു. വകുപ്പുതല പരീക്ഷയിലൂടെ പിഎസ്സി തയ്യാറാക്കിയ റാങ്ക്പട്ടികയിലെ 54 പേര്‍ക്കാണ് ഇനിയും നിയമന ഉത്തരവ് ലഭിക്കാത്തത്.
2016ലെ വിജ്ഞാപനമനുസരിച്ച് എഴുത്തുപരീക്ഷ, കായികപരീക്ഷ, അഭിമുഖം എന്നിവ നടത്തി 2021 ഫെബ്രുവരി 24ന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഈ പട്ടികയില്‍ നിന്ന് 54 പേര്‍ക്ക് നിയമന ശുപാര്‍ശ നല്കി. റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു മാസം അല്ലെങ്കില്‍ ട്രെയിനിങ് തുടങ്ങുന്ന ദിവസം വരെയാണ്. എന്നാല്‍, അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും വകുപ്പില്‍ നിന്ന് ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയിട്ടില്ല. 18 മാസത്തെ ട്രെയിനിങ്ങിനും പ്രൊബേഷണറി റെയ്ഞ്ച് ഓഫീസറായി ഒരുവര്‍ഷത്തെ വകുപ്പുതല പരിശീലനത്തിനുമാണ് നിയോഗിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫോറസ്റ്റ് അക്കാദമിക്ക് കീഴിലെ റെയിഞ്ചേഴ്സ് ട്രെയിനിങ് കോളേജുകള്‍ അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍തന്നെ പിഎസ്സി വഴി തെരഞ്ഞെടുക്കപ്പെട്ടവരെ പരിശീലനത്തിന് അയയ്ക്കാന്‍ സാധിക്കുന്നില്ല. ഇതിനു പരിഹാരമെന്ന നിലയില്‍ ആദ്യം പ്രൊബേഷണറി റെയ്ഞ്ച് ഓഫീസറായി ഇവരെ നിയമിക്കാനും പിന്നീട് പരിശീലനം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ശുപാര്‍ശ വനംമന്ത്രിയുടെ ഓഫീസിലേക്ക് സര്‍ക്കാര്‍ ഉത്തരവിനായി അയച്ചിരിക്കുകയാണ്. എന്നാല്‍, പ്രൊബേഷണറി നിയമനത്തെ സ്ഥിരം നിയമനമെന്നു വ്യാഖ്യാനിച്ച് ഈ ശുപാര്‍ശ നടപ്പാക്കാതിരിക്കാനുള്ള നീക്കം വകുപ്പിലെ ഉന്നതതലത്തില്‍ നടക്കുന്നു. വകുപ്പില്‍ മൂന്നു വര്‍ഷത്തിനിടയിലുണ്ടായ വിജിലന്‍സ് കേസുകളിലെ പ്രതികളില്‍ ഭൂരിപക്ഷവും താത്ക്കാലിക നിയമനം നേടിയ റെയ്ഞ്ചര്മാരാണെന്നുള്ള ആക്ഷേപവും നിലനില്ക്കുന്നു.
സംസ്ഥാനത്താകെ 205 ഫോറസ്റ്റ് റെയ്ഞ്ചര്‍ തസ്തികയാണുള്ളത്. 51 തസ്തിക സ്ഥാനക്കയറ്റത്തിനായി മാറ്റി. 154 തസ്തികയും പിഎസ്സി വഴി നേരിട്ടുള്ള നിയമനത്തിന് നല്കിയിരിക്കുന്നു. ഇതില്‍ 93 പേര് മാത്രമാണ് പിഎസ്സി വഴി നിയമനം ലഭിച്ചവര്‍. സ്ഥാനക്കയറ്റത്തിന് നീക്കിയിട്ടുള്ള 51ന് പുറമെ 61 പേര് താത്ക്കാലിക സ്ഥാനക്കയറ്റത്തിലൂടെ റെയ്ഞ്ച് ഓഫീസര്‍മാരായി തുടരുന്നു. പിഎസ്സി വഴി നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും വകുപ്പില്‍ പത്തു വര്‍ഷത്തിലേറെ സര്‍വീസുള്ളവരാണ്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് പത്തും പതിനഞ്ചും വര്‍ഷ സര്‍വീസ് മാത്രമേ ലഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: