പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു. മലപ്പുറം പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ബാലചന്ദ്രന്-ദീപ ദമ്പതികളുടെ മകള്‍ ദൃശ്യ (21)ആണ് കൊല്ലപ്പെട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച പെരിന്തല്‍മണ്ണ പൊതുവയില്‍ മുട്ടുങ്ങല്‍ കൊണ്ടപറമ്പില് വിനീഷ് വിനോദി(21)നെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ചതും ഇയാളാണെന്ന് സൂചനയുണ്ട്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. വീടിന്റെ രണ്ടാംനിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യക്കൊപ്പം മുറിയിലുണ്ടായിരുന്ന സഹോദരി ദേവശ്രീയെയും ഇയാള്‍ കുത്തി.ദേവശ്രീ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.ദൃശ്യ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൊലപാതകം നടത്തിയത് ഇയാള്‍ തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു. കസ്റ്റഡിയിലുള്ള വിനീഷിനെ ചോദ്യം ചെയ്യുകയാണ്. പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്നു ദൃശ്യ.
ബുധനാഴ്ച രാത്രി ദൃശ്യയുടെ അച്ഛന് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സികെ സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ സംശയം. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ ആദ്യം സ്ഥാപനം നശിപ്പിച്ച പ്രതി, രാവിലെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: