ബകു: വെയ്ല്‍സിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി വിളിച്ചോതി ഗാരത് ബെയ്ല്. ബെയ്ല് നിറഞ്ഞു നിന്ന പോരാട്ടത്തില്‍ തുര്‍ക്കിയെ തോല്‍പ്പിച്ച് വെയ്ല്‍സ് നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. പെനാല്‍റ്റി നഷ്ടപ്പെട്ടാല്‍ അതിലും മികച്ചത് ഗ്രൗണ്ടില്‍ നേടുമെന്നതിന്റെ ഉദ്ദാഹരണമായിരുന്നു ഇന്നലത്തെ പോരാട്ടം. 60-ാം മിനിറ്റിലായിരുന്നു ആരാധകരെ അത്ഭുതപ്പെടുത്തിയ പെനാല്‍റ്റി.
തുര്‍ക്കി ബോക്സിലേക്ക് പാഞ്ഞടുത്ത ബെയ്ലിനെ സെകി ചെലിക് വീഴ്ത്തുന്നു. തുടര്‍ന്ന് പെനാല്‍റ്റി. ഗോളന്നുറപ്പിച്ച ബെയ്ലിന്റെ പെനാല്‍റ്റി ഗോള്‍ വല കുലുക്കാതെ പോയപ്പോള്‍ ഒരു നിമിഷം ആരാധകര്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകും. എന്നാല്‍ പെനാല്‍റ്റിയിലെ പോരായ്മ ഒഴിച്ചാല്‍ ബെയ്ല് മികച്ച പ്രകടനമാണ് തുര്‍ക്കിക്കെതിരെ നടത്തിയത്. തുടക്കം മുതല്‍ ബെയ്ലിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തുകയായിരുന്നു വെയ്ല്‍സ്. തുര്‍ക്കിയുടെ ബോക്സിലേക്ക് പല തവണ നിറയൊഴിച്ചു. എന്നാല്‍ ആദ്യ ഗോള്‍ വീണത് 42-ാം മിനിറ്റില്‍. ബെയ്ലിന്റെ ലോങ് ബോള്‍ കൃത്യമായി വാങ്ങിയ ആരോണ്‍ റാംസെ ഗോള്‍ നേടി. പിന്നീട് പല തവണ വെയ്ല്‍സ് കടുത്ത ആക്രമണം നടത്തിയെങ്കിലും ഗോളെത്തിയില്ല. ഒടുവില്‍ കളി തീരാന്‍ ഇഞ്ചുറി ടൈം ബാക്കി നില്‍ക്കെ ബെയ്ലിന്റെ മറ്റൊരു മുന്നേറ്റം ഗോളിലെത്തി. ബെയ്ല് നല്കിയ ക്രോസ് കോണര്‍ റോബര്‍ട്സ് ഗോള്‍ വലയിലേക്ക് തട്ടിയിട്ടു. ഇതോടെ തുര്‍ക്കി രണ്ട് മത്സരങ്ങളും തോറ്റ് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: