ബുക്കാറസ്റ്റ്: യൂറോ 2020-ല്‍ ഉക്രെയ്ന് ആദ്യ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ മത്സരങ്ങളില്‍ ഉക്രെയ്ന് നെതര്‍ലന്‍ഡ്സിനോട് 3-2നും മാസിഡോണിയ 3-1ന് ആസ്ട്രിയയോടും തോറ്റിരുന്നു. ജയത്തോടെ രണ്ട് കളികളില്‍ നിന്ന് ഉക്രെയ്ന് മൂന്ന് പോയിന്റായി. ഉക്രെയ്നിനായി 29-ാം മിനിറ്റില്‍ യാര്മെലെങ്കോയും 34-ാം മിനിറ്റില്‍ റോമന്‍ യരെംചുക്കും ലക്ഷ്യം കണ്ടു. 57-ാം മിനിറ്റില്‍ അലിയോസ്കിയാണ് മാസിഡോണിയയുടെ ആശ്വാസ ഗോള്‍ നേടിയത്. കളിയില്‍ പെനാല്‍റ്റിയടക്കം രക്ഷപ്പെടുത്തി വടക്കന്‍ മാസിഡോണിയക്കായി മത്സരത്തിലുടനീളം ഗോള്‍കീപ്പര്‍ ദിമിത്രിയെവ്സ്കി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിനെ പരാജയത്തില്‍ നിന്ന് കരകയറ്റാനായില്ല. തുടര്‍ച്ചയായ രണ്ട് പരാജയത്തോടെ മാസിഡോണിയയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ മങ്ങി.
ഇന്നലെ ജയം മാത്രം ലക്ഷ്യമിട്ട് മൈതാനത്തിറങ്ങിയ ഉക്രെയ്ന് തുടക്കം മുതല്‍ എതിര് ബോക്സ് ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി. എട്ടാം മിനിറ്റില്‍ മലിനോവ്സ്കിയുടെ നല്ലൊരു ഷോട്ട് മാസിഡോണിയ ഗോളി ദിമിത്രിയെവ്സ്കി രക്ഷപ്പെടുത്തി. പിന്നീട് 11, 24 മിനിറ്റുകളില്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഉക്രെയ്നിനെ മാസിഡോണിയ ഗോള്‍കീപ്പര്‍ ദിമിത്രിയെവ്സ്കി തടഞ്ഞു. 29-ാം മിനിറ്റില്‍ ഉക്രെയ്ന് ലീഡ് നേടി. അവര്‍ക്ക് ലഭിച്ച കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഗോള്‍. ബോക്സിലേക്ക് താഴ്ന്നിറങ്ങിയ പന്ത് യാര്‍മെലെങ്കോ വലയിലെത്തിച്ചു. അഞ്ച് മിനിറ്റിനിടെ ഉക്രെയ്ന് ലീഡ് ഉയര്‍ത്തി. യാര്മെലെങ്കോയുടെ അളന്നുമുറിച്ച പാസില്‍ നിന്ന് റോമന്‍ യരെംചുക്കാണ് ഇത്തവണ ലക്ഷ്യം കണ്ടത്. 39-ാം മിനിറ്റില്‍ മാസിഡോണിയയുടെ ഗോരന്‍ പാണ്ഡെവ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഉക്രെയ്ന് 2-0ന് മുന്നില്‍.
ആദ്യപകുതിയില്‍ നിന്നും വ്യത്യസ്തമായി മികച്ച പ്രകടനമാണ് മാസിഡോണിയ രണ്ടാം പകുതിയില്‍ പുറത്തെടുത്തത്. ഗോള്‍ മടക്കണമെന്ന വാശിയില്‍ കളിച്ച അവര്‍ പലതവണ ഉക്രെയ്ന് പ്രതിരോധത്തെ പരീക്ഷിച്ചു.തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് അവര്‍ക്ക് ഫലമുണ്ടായി. 57-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ഗോരെന് പാണ്ഡെവിനെ കരവയെവ് ബോക്ള്സില് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത അലിയോസ്കിയുടെ ഷോട്ട് ഉക്രെയ്ന് ഗോളി ബുഷ്ചാന് തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്ത് അലിയോസ്കി തന്നെ വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും ദിമിത്രിയെവ്സ്കി മികച്ച സേവുകളുമായി കളംനിറഞ്ഞു. ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകളാണ് മാസിഡോണിയന്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടത്. 84-ാം മിനിറ്റില്‍ ഉക്രെയ്ന് ലഭിച്ച പെനാല്‍റ്റി കിക്കും ദിമിത്രിയെവ്സ്കി തടുത്തു. ജയത്തോടെ യുക്രൈന് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: