ചണ്ഡിഗഡ്: ഹരിയാനയിൽ സീനിയർ മരങ്ങൾക്ക് പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 75 വയസിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപ ലഭിക്കുന്ന പ്രാണവായു ദേവത പെൻഷൻ പദ്ധതി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. ഈ മരങ്ങൾക്ക് പൈതൃകപദവിയും നൽകും.
ആരുടെ ഭൂമിയിലാണോ മരം നിൽക്കുന്നത് അവർക്കായിരിക്കും പെൻഷൻ കിട്ടുക. മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെൻഷൻ തുകയും വർദ്ധിപ്പിക്കും. മരത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയ ബോർഡ് സ്ഥാപിക്കാനും തണലിൽ ഇരിപ്പിടങ്ങൾ ഉണ്ടാക്കാനും രോഗബാധ തടയാനുള്ള മരുന്നുകൾക്കും ഈ തുക വിനിയോഗിക്കാം.
മരം പഞ്ചായത്ത് വക ഭൂമിയിലാണെങ്കിൽ പഞ്ചായത്ത് പ്രസിഡന്റിനും സ്കൂൾ വകയാണെങ്കിൽ പ്രിന്‍സിപ്പലിനും, സ്വകാര്യ സ്ഥലത്താണെങ്കിൽ അതിന്റെ ഉടമയ്ക്കും തുക ലഭിക്കും. പൈതൃക പദവി ലഭിച്ച മരങ്ങൾ വെട്ടുകയോ കേടുവരുത്തുകയോ ചെയ്താൽ ഒരു മാസം തടവും 500 രൂപ പിഴയും ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: