കൊല്ലം: പോലീസ് കസ്റ്റഡിയിലെടുത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് പോലീസ് സ്റ്റേഷനുള്ളില്‍ അക്രമം നടത്തിയതായി ആരോപണം. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് അക്രമം നടത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയുടെ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും വഴി തടസ്സപ്പെടുത്തിയതിനുമാണ് ക്ലീറ്റസിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ക്ലീറ്റസ് സിഐയുടെ റൂമിലെ രണ്ട് കസേരകളും ടോര്‍ച്ച് ലൈറ്റും അടിച്ചുതകര്‍ത്തു.
കഴിഞ്ഞദിവസം ക്ലീറ്റസിന്റെ നേതൃത്വത്തില്‍ പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചിറ്റുമല പെട്രോള്‍ പമ്പില്‍ മുന്‍വശം പ്രതിഷേധ സമരം നടത്തിയിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലത്ത് സമരം നടത്തിയതിനെതിരെ ക്ലീറ്റസ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്കെതിരെ കിഴക്കേകല്ലട പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരെ കേസെടുത്തത് സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഗംഗാധരന്തമ്പി ആണെന്ന് പറഞ്ഞ് ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും കാറ് കുറുകെ യിട്ട് വഴി തടയുകയും ചെയ്തു.
സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ഗംഗാധരന് തമ്പി കിഴക്കേകല്ലട പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ക്ലീറ്റസിനെ കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും പ്രതിയുടെ കാറില്‍നിന്ന് വാറ്റ് ചാരായം ഉള്‍പ്പെടെ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: