തയ്പേ: തായ് വാന്റെ വ്യോമപ്രതിരോധ മേഖലയ്ക്ക് മുകളിലൂടെ 28 യുദ്ധ വിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചു. സ്വയം ഭരണപ്രദേശമായ തായ് വാന്‍ നേരെ ചൈന നടത്തുന്ന ഏറ്റവും വലിയ അതിക്രമമാണിതെന്ന് തായ് വാന്‍ പ്രതിരോധമന്ത്രാലയം ആരോപിച്ചു. യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി അടുക്കുകയും ചൈനയെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്നതിനുള്ള ഒരു മുന്നറിയിപ്പായും ചൈനയുടെ ഈ നീക്കത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഏപ്രില്‍ 12ന് ചൈന ഇതിന് സമാനമായി 25 യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്നു. ഫൈറ്റര്‍ ജെറ്റുകള്‍, ബോംബര്‍ വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍ക്ക് എതിരെ ആക്രമണം നടത്തുന്ന ആന്റി സബ്മറൈന് വിമാനങ്ങള്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്.
തയ് വാന്‍ മുകളില്‍ പരമാധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ചൈന യുദ്ധവിമാനങ്ങള്‍ അവിടെ പറത്താന്‍ അവകാശമുണ്ടെന്ന് പറയുന്നു. പക്ഷെ കഴിഞ്ഞ ഏഴ് ദശകമായി ചൈനയും തായ് വാനും വ്യത്യസ്ത ഭരണകൂടങ്ങളുണ്ട്.
തായ് വാന്‍ നിരന്തരമായി ചൈനയുടെ മേധാവിത്വത്തെ ചോദ്യം ചെയ്തുവരികയാണ്. ഏറ്റവുമൊടുവില്‍ തായ് വാന്‍ ആവശ്യമായ കോവിഡ് വാക്സിന് യുഎസില്‍ നിന്നാണ് വാങ്ങിയത്. ചൈന വാക്സിന് നല്കാന് തയ്യാറായി മുന്നോട്ട് വന്നെങ്കിലും തായ് വാന്‍ അനുമതി നല്‍കിയില്ല. ജൂണ്‍ ആറിന് യുഎസിന്റെ ജെറ്റ് വിമാനത്തിലാണ് തായ് വാനില്‍ 75,000 ഡോസ് വാക്സിന് എത്തിച്ചത്. ഇത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
എന്തായാലും ഈ പ്രകോപനപ്പറക്കലിനെക്കുറിച്ച് ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: