ന്യൂഡല്‍ഹി: എട്ടാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തിയുടെ സമഗ്രതയും ബഹുമാനിച്ചുകൊണ്ട് ഇന്തോ-പസഫിക്കില്‍ തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ വ്യവസ്ഥയ്ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആഹ്വാനം ചെയ്തു.
ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്, ന്യൂസിലാന്റ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, അമേരിക്ക എന്നീ 10 ആസിയാന്‍ രാജ്യങ്ങളുടെയും പരസ്പര സഹകരണത്തിന് പ്രത്യേക താല്പര്യമുള്ള എട്ട് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ വാര്‍ഷിക യോഗമാണ് എ.ഡി.എം.എം പ്ലസ്. ഈ വര്‍ഷം എ.ഡി.എം.എം പ്ലസ് ഫോറത്തിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ബ്രൂണെ ആണ്
യുഎന്‍സിഎല്‍ഒ എസിന് അനുസൃതമായി രാജ്യാന്തര ജലമേഖലയില്‍ , നാവിഗേഷന്‍ സ്വാതന്ത്ര്യം, ഓവര്‍-ഫ്ലൈറ്റ്, എല്ലാവര്‍ക്കുമുള്ള തടസ്സമില്ലാത്ത വാണിജ്യം എന്നിവയ്ക്കുള്ള ഇന്ത്യയുടെ പിന്തുണ പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു.
ഈ ചര്‍ച്ചകളില്‍ പങ്കാളികളല്ലാത്ത രാജ്യങ്ങളുടെ നിയമാനുസൃത അവകാശങ്ങളും താല്‍പ്പര്യങ്ങളും ഹനിക്കപ്പെടാത്ത വിധത്തില്‍, അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി , പെരുമാറ്റചട്ട ചര്‍ച്ചകളുടെ ഫലങ്ങള്‍ ഉരുത്തിരിയുമെന്ന് പ്രതിരോധ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഭീകരതയും തീവ്രവാദവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച രാജ്നാഥ് സിംഗ് തീവ്രവാദ സംഘടനകളെയും അവരുടെ ശൃംഖലകളെയും പൂര്‍ണ്ണമായും തകര്‍ക്കാന്‍ കൂട്ടായ സഹകരണം ആവശ്യപ്പെട്ടു. തീവ്രവാദത്തെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും തീവ്രവാദികള്‍ക്ക് സങ്കേതം നല്‍കുകയും ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)അംഗമെന്ന നിലയില്‍ തീവ്രവാദത്തിനായുള്ള ധനസഹായത്തെ ചെറുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: