കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന വ്യക്തമാക്കി ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയില്‍. കഴിഞ്ഞ ദിവസം ഐഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് കോടതിയെ നിലപാട് അറിയിച്ചിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മാത്രമാണ് ഹാജരാകാന്‍ ഐഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐഷക്കെതിരെ ചുമത്തിയിട്ടുള്ള ദേശവിരുദ്ധ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണ്. ക്രിമിനല്‍ നടപടി ചട്ടം 41 പ്രകാരമാണ് നോട്ടിസ് നല്‍കിയിരിക്കുന്നഅറസ്റ്റു ചെയ്യപ്പെടുമെന്ന ആശങ്കയില്‍ പ്രസക്തിയില്ലെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു.
മീഡിയ ചര്‍ച്ചയ്‌ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ ദ്വീപ് വാസികള്‍ക്കെതിരേ കോവിഡ് എന്ന ജൈവായുധം പ്രയോഗിച്ചു എന്ന ആരോപണം ഐഷ ഉന്നയിച്ചത്.ഇതാണ് കേസിനാധാരമായത്. കേസ് നാളെ കോടതി പരിഗണിക്കും.
ഐഷാ സുല്‍ത്താനയോട് ഈ മാസം 20ന് കവരത്തി സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസാണ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്‌ക്ക് നല്‍കിയതെങ്കിലും കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ഐഷ സുല്‍ത്താന ഹര്‍ജിയില്‍ പറയുന്നത്. മീഡിയവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ആയിഷ സുല്‍ത്താന, ‘കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചു’ എന്ന പരാമര്‍ശം നടത്തിയിരുന്നു. കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന ഐഷ സുല്‍ത്താനയുടെ പരാമര്‍ശത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിലും പരാതി നല്‍കിയിരുന്നു. മറ്റിങ്ങളിലും യുവമോര്‍ച്ച നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ പരാതി പോകുകയും കോടതി അത് തള്ളുകയുംചെയ്ത സാഹചര്യത്തില്‍ അറിഞ്ഞു വെച്ചു കൊണ്ട് ഐഷ നടത്തിയ പരാമര്‍ശം മത- സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതും നീതിന്യായ വ്യവസ്ഥയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ലക്ഷ്യം വെച്ചിട്ടുള്ളതുമാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുവമോര്‍ച്ച പരാതിയില്‍ പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: