തൃശൂർ: മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 78 വയസ്സുള്ള പിതാവിനെ വടികൊണ്ട് അടിച്ച് ക്രൂരമായി പരിക്കേല്പിച്ചും, കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊടുങ്ങല്ലൂർ ഏടവിലങ്ങ് വില്ലേജിൽ മണ്ണത്തറ ശിവരാമൻ മകൻ കണ്ണൻ എന്ന സാംജിത്ത് 32 വയസ്സ് എന്നവരുടെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ തള്ളി ഉത്തരവായി.
2021ജനുവരി 3 ന് രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്നുള്ള വൈരാഗ്യത്തെത്തുടർന്ന് മണ്ണത്തറ ശിവരാമൻ കൊല്ലപ്പെട്ടത്. വടി കൊണ്ട് അടിച്ചതിന്റെ ഭാഗമായി ഉണ്ടായ ഗുരുതരമായ പരിക്കുകളെത്തുടർന്നാണ് ശിവരാമൻ മരണപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്ത് കൊടുങ്ങല്ലൂർ മജിസ്‌ത്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതി നൽകിയ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെത്തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
ആറ് മാസത്തിലധികമായി പ്രതി വിയ്യൂർ സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞുവരികയാണ്. പ്രതി മൂന്ന് കൊലപാതകക്കേസുകൾ ഉൾപ്പെടെ മറ്റു പല കേസിലും പ്രതിയാണെന്നും, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും, സ്വന്തം പിതാവിനെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യമനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും യാതൊരുകാരണവശാലും പ്രതിക്ക് ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി ബാബുവിന്റെ വാദം സ്വീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: