ന്യൂദല്‍ഹി: ഇന്ത്യയില്‍ ലഭ്യമായിരുന്ന നിയമപരിരക്ഷ ട്വിറ്ററിന് നഷ്ടമായി. പുതിയ വിവരസാങ്കേതിക വിദ്യ(ഐടി) നിയമം പാലിക്കാത്തത്തിനെ തുടര്‍ന്നാണിത്. നിയമങ്ങള്‍ അനുസരിക്കാത്ത ഒരേയൊരു മുഖ്യധാരാ സമൂഹമാധ്യമം ട്വിറ്റര്‍ മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍ മീഡിയറി പദവി നീക്കിയെങ്കില്‍ ട്വിറ്ററിനെ പ്രസാധകനായി പരിഗണിക്കും. നിയമവിരുദ്ധമായ ഉള്ളടക്കത്തിന് കേസ് എടുത്താല്‍ ഏത് നിയമപ്രകാരവുമുള്ള ശിക്ഷ സ്വീകരിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടായിരിക്കും.
ഇതോടെ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പൊലീസ് ചോദ്യം ചെയ്യലിനും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള നടപടിയും നേരിടണം. ട്വിറ്റര്‍ ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. ലോണിയില്‍ ഒരാളെ മര്‍ദിച്ച് താടിമീശ മുറിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വസ്തുതകള്‍ പരിശോധിക്കാതെ സംഭവത്തിന് സാമുദായിക നിറം നല്‍കുകയായിരുന്നുവെന്നും വീഡിയോ വൈറലാകുന്നത് തടയാന്‍ ട്വിറ്റര്‍ ഒന്നും ചെയ്തില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അതിനിടെ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചുവെന്ന അവകാശവാദവുമായി ട്വിറ്റര്‍ രംഗത്തെത്തി. ഉടന്‍തന്നെ ഇതിന്റെ വിശദാംശങ്ങള്‍ ഐടി മന്ത്രാലയത്തിന് നല്‍കുമെന്നും ട്വിറ്റര്‍ പറയുന്നു.
പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്. ഉടനടി പ്രധാനപ്പെട്ട നിയമനങ്ങള്‍ നടത്താന്‍ ട്വിറ്റര്‍ വിസമ്മതിച്ചതോടെയായിരുന്നു അവസാന അവസരമായി പരിഗണിക്കണമെന്ന് മുന്നറിയിപ്പ് നല്കി ഐടി മന്ത്രാലയം ട്വിറ്ററിന് നോട്ടിസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: