കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരി ആദിവാസി യുവതിക്ക് ഗ്രാമവാസികളുടെ ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ആറുമാസം മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. വിവാഹേതര ബന്ധത്തെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞതെന്നും ഗ്രാമവാസികള്‍ പറയുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളില്‍ കുറച്ചുപേര്‍ സ്ത്രീയുടെ വീട്ടിലെത്തുകയും വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു.
യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം സ്ത്രീയെ കാണ്മാനില്ലായിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നതുവരെ ആരും പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് യുവതിയെ അസമിലെ മാതാപിതാക്കളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. അവിടെനിന്ന് ഭര്‍ത്താവെത്തി വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.
ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയമാക്കി. തുടര്‍ന്ന് യുവതി ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്കി. കേസില്‍ പ്രതികളായ അഞ്ചുപേര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: