ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാം ത്രില്ലറില്‍ പ്രതിരോധ താരം ഡെന്‍സല്‍ ഡെംഫ്രൈസ്് അവസാന നിമിഷങ്ങളില്‍ നേടിയ ഗോളില്‍ ഹോളണ്ടിന് മിന്നുന്ന വിജയം. യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ്പ് സി ഉദ്ഘാടന മത്സരത്തില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് ഉക്രെയ്നെ പരാജയപ്പെടുത്തി.
കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോഴാണ് ഡെന്‍സലിന്റെ വിജയഗോള്‍ പിറന്നത്. തുടക്കത്തില്‍ രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ഡെന്‍സലാണ് കളിയിലെ കേമന്‍. ഈ വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റ് ഹോളണ്ടിന് കിട്ടി.
കളിയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റുള്ളപ്പോള്‍ ഹോളണ്ട് 2-0 ന് മുന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ പേരാട്ടം മുറുക്കി ശക്തമായി തിരിച്ചുവന്ന ഉക്രെയിന് അഞ്ചു മിനിറ്റിനിടെ രണ്ട് ഗോളുകള്‍ അടിച്ച്് ഹോളണ്ടിന് ഒപ്പം എത്തി. 75-ാം മിനിറ്റില്‍ യാര്മോലെന്കോയും 79-ാം മിനിറ്റില്‍ യാരെംചുക്കുമാണ് ഗോളുകള്‍ നേടിയത്.
മത്സരം സമനിലയിലേക്ക് നീങ്ങവേ ഹോളണ്ട് ആരാധകരെ ആനന്ദത്തിലാറാടിച്ച വിജയഗോള്‍ പിറന്നു. 85-ാം മിനിറ്റില്‍ മിന്നുന്ന ഹെഡ്ഡറിലൂടെ ഡെന്‍സല്‍ പന്ത് ഉക്രെയ്നിന്റെ വലയിലാക്കി.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഏഴു മിനിറ്റിനുള്ളില്‍ ഹോളണ്ട് രണ്ട് ഗോള്‍ നേടി ലീഡ് എടുത്തു. 52-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജോര്‍ജിനോ വിജ്നാള്ഡമും 58-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ വെഗോര്സ്റ്റുമാണ് ഗോളുകള്‍ നേടിയത്.
2014 ലെ ലോകകപ്പ് സെമിഫൈനലിനുശേഷം ഇതാദ്യമായാണ് ഹോളണ്ട് ഒരു മേജര്‍ ടൂര്‍ണമെന്റ് കളിക്കുന്നത്.
ഈ വിജയത്തോടെ ഹോളണ്ട് ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഓസ്ട്രിയയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള അവര്‍ ഗോള്‍ വ്യത്യാസത്തില്‍ ഹോളണ്ടിനെക്കാള് മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: