അമിതാഭ് കാന്ത്
സിഇഓ നിതി ആയോഗ്
രുചിയുള്ള ഭക്ഷണം ആളുകളെ മാത്രമല്ല, ചിലപ്പോള്‍ രാജ്യങ്ങളെ പോലും ഒന്നിപ്പിക്കും. കഴിഞ്ഞ ശൈത്യകാലത്ത് കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ കരിനെല്ലു വിളയുന്ന ചന്ദൗളി എന്ന കൊച്ചു ഗ്രാമത്തിലെ ഹൃദ്യമായ ഒരു സാംസ്കാരിക വിനിമയ പരിപാടിയ്ക്കിടെ, തീന്മേശകളില് ഒമാനിലെയും ഖത്തറിലെയും പൗരന്മാരെ ഒരുമിച്ചു കാണാന്‍ സാധിച്ചു. ‘വികസനം കാംക്ഷിക്കുന്ന ജില്ല’ എന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 112 ജില്ലകളില്‍ ഒന്നാണ് പൂര്‍വ്വാഞ്ചലിന്റെ കലവറ എന്നറിയപ്പെടുന്ന ചന്ദൗളി. മേഖലയിലെ നെല്‍കൃഷിക്കു കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി ജില്ലാ ഭരണകൂടം കാര്‍ഷികോല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടത്തുന്നതിന് തീരുമാനിച്ചു. രാസവളങ്ങള്‍ ഒഴിവാക്കി ജൈവരീതിയില്‍ കരിനെല്ല് കൃഷി ചെയ്യുന്നതിന് അധികൃതര്‍ കൃഷിക്കാരെ പ്രോത്സാഹിപ്പിച്ചു. പരീക്ഷണം സമ്പൂര്‍ണ വിജയമായിരുന്നു. ചന്ദൗളിയില്‍ ഉത്പാദിപ്പിക്കപ്പെട്ട കറുത്ത അരി ഓസ്ട്രേലിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തു. ഇതോടെ കരിനെല്ലിന്റെ ആഗോള വിപണിയിലേയ്ക്ക് ചന്ദൗളി ഗ്രാമത്തിന്റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു.
വികസനം കാംക്ഷിക്കുന്ന ജില്ല എന്ന പദ്ധതി രാജ്യത്തെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലവിഭവം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ വികസന വെല്ലുവിളി നേരിടുന്ന 112 ജില്ലകളിലാണ് ഊന്നല്‍ നല്‍കുന്നത്. 2018 ജനുവരിയിലായിരുന്നു പദ്ധതിക്കു തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് അതിനു നേതൃത്വം നല്‍കിയത്. സംസ്ഥാന ഗവണ്മെന്റുകളോടും ജില്ലാ ഭരണകൂടങ്ങളോടും ചേര്‍ന്ന് അതിന്റെ സജീവ പങ്കാളിത്ത നിയന്ത്രണം നിതി ആയോഗിനായിരുന്നു. വിദൂര മേഖലകളായ നാഗാലാന്റിലെ കിഫൈര്‍, മണിപ്പൂരിലെ ഛന്ദല്, ബിഹാറിലെ ജമുയി, രാജസ്ഥാനിലെ സിരോഹി തുടങ്ങി ജില്ലകളിലടക്കം ഇത് അതിജീവനത്തിന്റെ പുതിയ കഥകള്‍ രചിച്ചു. ഏകോപനം, സഹകരണം, മത്സരം എന്നീ മൂന്നു സ്തൂപങ്ങളെ ആധാരമാക്കി മുന്നേറിയ പദ്ധതി വികസനരംഗത്തെ രജതരേഖയായി, രാജ്യത്തെ 27 സംസ്ഥാനങ്ങളിലായി രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം ഭാഗഭാക്കുകളായ ബഹുജന വിപ്ലവമായി ഇത് മാറി. ചന്ദൗളിയിലെ കരനെല്‍ കൃഷിക്ക് സമാനമായി പുതിയ തുടക്കങ്ങളും വിജയ ഗാഥകളും ഈ ജില്ലകളില്‍ നിന്നുണ്ടായി.
അടിസ്ഥാന മൂല്യങ്ങളെ പോലെ തന്നെ പദ്ധതിയുടെ നിര്‍വഹണ പദ്ധതിയും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അഭിനന്ദനം പിടിച്ചു പറ്റി. 2021 ജൂണില്‍ ഐക്യരാഷ്ട്ര സഭയുടെ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഇന്ത്യന്‍ ഘടകം ( യുഎന്‍ഡിപി) പദ്ധതിയെ കുറിച്ച് ഒരു സ്വതന്ത്ര അഭിനന്ദന കുറിപ്പ് പുറത്തിറക്കി. ‘വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ പദ്ധതി: ഒരു വിലയിരുത്തല്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ റിപ്പോര്‍ട്ട് പ്രാദേശിക തലത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നതിന്റെ ആഗോള മാതൃകയാണ് എന്നു വിശേഷിപ്പിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ബ്യൂറോക്രസിയെയും സംയോജിപ്പിച്ച് ഗുണഭോക്ത പങ്കാളിത്തത്തോടെയാണ് ഇത് ഉറപ്പാക്കിയതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ മാതൃകയാക്കാവുന്ന പദ്ധതിയാണ് ഇതെന്ന് റിപ്പോര്‍ട്ട് അടയാളപ്പെടുത്തി. പദ്ധതിയുടെ വിജയത്തിന് ആദ്യം ലഭിക്കുന്ന അന്തര്‍ദേശീയ അംഗീകാരമല്ല ഇത്. 2020 സെപ്റ്റംബറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കേംപെറ്റിറ്റിവ്നെസ് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ‘വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ പദ്ധതി: ഒരു വിലയിരുത്തല്‍’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലെ പ്രൊഫസര്‍ മൈക്കില്‍ ഇ പോര്‍ട്ടര്‍, എം ഐടി പ്രൊഫസര്‍ സ്കോട്ട് സ്റ്റം എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഇതിന്റെ ആമുഖത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഉപയോഗിച്ച് ഓരോ ജില്ലകളിലും വിവിധ തലങ്ങളിലെ ഭരണ സംവിധാനത്തിന്റെ സജീവ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയെ പ്രശംസിച്ചിട്ടുണ്ട്. ഫലപ്രാപ്തികേന്ദ്രീകൃതമായ അളവുകളും വസ്തുതകളും ഉപയോഗിച്ച് പങ്കാളിത്ത കേന്ദ്രീകൃത സമീപനത്തിലൂടെ ഉണ്ടായ നേട്ടം ഈ രണ്ട് പ്രമുഖ അക്കാദമിക സ്ഥാപനങ്ങളും വളരെയേറെ പ്രശംസിച്ചു.
ഗുണത്തിലും അളവിലും കരുത്തുറ്റ ഗവേഷണ രീതി ശാസ്ത്രം യുഎന്‍ഡിപിയുടെ അഭിനന്ദനം പിടിച്ചു പറ്റി. ജില്ലാ കലക്ടര്‍മാര്‍, മേല്‍നോട്ട ഉദ്യോഗസ്ഥര്‍, അക്കാദമിക-വികസനപങ്കാളികള്‍, ജില്ലയിലെ സമിതി അംഗങ്ങള്‍ എന്നിവരുമായി നടത്തിയ അടിസ്ഥാന ആശയവിനിമയം ഗവേഷണത്തിന്റെ നിര്‍ണ്ണായക ഭാഗമായി. പദ്ധതി നടപ്പാക്കുന്ന ജില്ലകള്‍ക്കു പുറത്തുള്ള ജില്ലാ മജിസ്ട്രേറ്റുമാരുമായും താരതമ്യ അവലോകനത്തിനായി അഭിമുഖം നടത്തിയിരുന്നു. അടിസ്ഥാന തലത്തില്‍ പദ്ധതിയുടെ സജീവ ഘടകമായി നില കൊണ്ടത് ഭൂരിഭാഗവും പങ്കാളികളായ യുവ ഗുണഭോക്താക്കള്‍ തന്നെ. ഈ ഗുണഭോക്താക്കളുടെ ഏകോപനവും സഹകരണവും പദ്ധതി നിര്‍വഹണത്തിനുള്ള കൂട്ടായ പരിശ്രമങ്ങളെയും അതിവേഗഫലപ്രാപ്തിയേയും ഉറപ്പാക്കി. ‘ചാമ്പ്യന്‍സ് ഓഫ് ചെയിഞ്ചി’ന്റെ അഞ്ചു പ്രധാന മേഖലകളിലെ 19 സൂചകങ്ങളുടെയും കൃത്യമായ നിരീക്ഷണം നടന്നു. ഇതില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ജില്ലകളുടെ സ്ഥാനം മാസം തോറും അടയാളപ്പെടുത്തിയത് പദ്ധതിക്ക് മത്സര സ്വഭാവം കൂടി നല്കി. ഇത,് മറ്റുള്ളവരെക്കാള്‍ മികച്ച പ്രകടനം നടത്തുന്നതിന് ഓരോ ജില്ലയെയും പ്രേരിപ്പിച്ചു.
വികസനത്തിന് ഊന്നല്‍ നല്കുന്ന മേഖലകളിലുടനീളം വികസനത്തിനും നവീകരണത്തിനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിന് പദ്ധതി ഉപയുക്തമായി. ഈ സൂചകങ്ങളുടെ പ്രസക്തിയേയും രാജ്യത്തെമ്പാടും സൃഷ്ടിക്കപ്പെട്ട വിജയകഥകളെയും പുതിയ രീതികളെയും യുഎന്‍ഡിപിയുടെ അഭിന്ദനം മനോഹരമായി അടയാളപ്പെടുത്തുന്നുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യവും പോഷകാഹാരവും ലഭ്യമാക്കുന്നതിനായി മാതൃകാ അംഗനവാടികള്‍ ജില്ലയില്‍ ഉടനീളം സ്ഥാപിക്കപ്പെട്ടു. സ്ഥാപനങ്ങളിലൂടെയുള്ള വിതരണം പുരോഗമിച്ചതോടെ ശിശുക്കളിലുള്ള ഗുരുതരമായ പോഷകാഹാരകുറവിന്റെ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി. കുട്ടികളുടെ ഉയരവും തൂക്കവും അളക്കുന്നതിലുള്ള മാനദണ്ഡങ്ങള്‍ ഇപ്പോള്‍ ക്രമീകരിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയില്‍ ആവിഷ്കരിച്ച പോഷണ്‍ ആപ് ഈ രംഗത്ത് മാതൃകാപരമായ തുടക്കമാണ്. ജില്ലയിലെ ശിശുആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് പോഷകാഹാരക്കുറവ്, കുട്ടികളുടെ വളര്‍ച്ചാ പട്ടിക, ചികിത്സാ കേന്ദ്രങ്ങളിലെ കിടക്കകളുടെ ലഭ്യത എന്നിവ സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ എന്നിവ ഓണ്‍ലൈനായി ലഭിക്കുന്നതിനുള്ള സൗകര്യം ഈ ആപ്പിലൂടെ സൃഷ്ടിക്കപ്പെട്ടു. ആരോഗ്യ കേന്ദ്രങ്ങളിലെ കിടക്കകളുടെ ലഭ്യതാ നിരക്ക് 90 ശതമാനത്തിലധികം വര്‍ദ്ധിക്കാന്‍ ആപ്പ് ഉപകരിച്ചു.
ഈ ജില്ലകളിലൂടനീളം വിദ്യാഭ്യസരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമാണ്. വിദ്യാഭ്യാസ മേഖലയില്‍ മാറ്റത്തിന്റെ മൂലക്കല്ലായത് നവീകരണവും കമ്പ്യൂട്ടര്വത്ക്കരണവുമാണ്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ സാധിക്കുന്നതിന് പല ജില്ലകളും അവരുടെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടി. ഇതിലെ മാതൃകാപരമായ ഉദാഹരണമാണ് അരുണാചല്‍ പ്രദേശിലെ വിദൂര ഗ്രാമമായ നമശായിലെ ‘ഹമാരാ വിദ്യാലയ്’. നിരീക്ഷണത്തിനും വിലയിരുത്തലിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും ജില്ലയിലെ ഓരോ സ്കൂളിനും ഒരു മേല്‍നോട്ടക്കാരനെ നിശ്ചയിച്ചു.
സാങ്കേതിക പങ്കാളിയായ എക്കോവേര്ഷന് വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ സംവിധാനമായ ‘യഥാസര്വം’ എന്ന പ്രോഗ്രാമിലൂടെ പ്രതികരണങ്ങള്‍ മൊബൈലിലൂടെ രേഖപ്പെടുത്താനായി. ഇതിന്റെ ഫലമായി നമശായ് സ്കൂള്‍ പഠനമികവിലും സമഗ്രമായ പഠനരീതികളിലും ഏറെ മുന്നേറ്റം അടയാളപ്പെടുത്തി ചന്ദൗളിയിലെ കരിനെല്കൃഷിയായിരുന്നു മൂന്നാമത്തെ മാതൃക. കൃഷി, ജലസ്രോതസ് എന്നീ രംഗങ്ങളില്‍ വലിയ പ്രോത്സാഹനമാണ് ജില്ലക്ക് ലഭിച്ചത്. ജലസേചനവും ഉല്പാദനവും മെച്ചപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം വലിയ ഊന്നല്‍ നല്കി. കൃഷിക്കാരുടെ വിദ്യാഭ്യാസത്തിനും വിപണന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നിരവധി പുത്തന്‍ മാര്‍ഗ്ഗങ്ങളാണ് രൂപീകൃതമായത്. അസാമിലെ ഗോള്‍പാറ എന്ന ജില്ല ഗോള്മാര്ട്ട് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടല്‍ വികസിപ്പിച്ചു. ജില്ലയില്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളും പരമ്പരാഗത ഗാര്‍ഹിക ഉല്‍പ്പന്നങ്ങളും രാജ്യ-രാജ്യന്തര വിപണി.യില്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന വികസനത്തിലൂടെ ഈ ജില്ലകളുടെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിനും മുന്‍ഗണന നല്കി. പല ജില്ലകളും ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടവയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലകള്‍ ഇത് ഉപയോഗിച്ച് ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കി. ഛത്തിസ്ഗഡിലെ ബിജാപ്പൂര്‍, ഒഡിഷയിലെ മല്‍ക്കാന്‍ഗിരി എന്നീ ജില്ലകളില്‍ റോഡുകളുടെ സ്ഥിതി വളരെ മെച്ചപ്പെടുത്തുകയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ വന്‍ പുരോഗതി കൈവരിക്കുകയും ചെയ്തു.
സാമ്പത്തിക ഉള്‍ക്കൊള്ളല്‍, നൈപുണ്യ വികസനം എന്നിവയില്‍ മഹാരാഷ്ട്രിയിലെ ഗഡ്ചിറോളി അമ്പരപ്പിക്കുന്ന മാതൃകയായി മുന്നില്‍ നില്ക്കുന്നു. സ്ത്രീകള്‍ക്കും സ്വാശ്രയ സംഘാംഗങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനായി ജില്ലയിലുടനീളം മൈക്രോ എടിഎം ആരംഭിച്ചു.ഓരോ ഇടപാടിനും ഇവര്‍ക്കു കമ്മിഷന് ഉണ്ട്. നേരിയ സിഗ്നലില്‍ പ്രവര്‍ത്തിക്കുന്ന ഈ എടിഎമ്മുകള്‍ പണം പിന്‍വലിക്കല്‍, മൊബൈല്‍ ചാര്‍ജിങ്, പണം നിക്ഷേപിക്കല്‍ എന്നിവയ്ക്ക് ഉപയോഗപ്പെടുന്നു. ‘വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ പദ്ധതി’ യിലെ ഈ നേര്‍സാക്ഷ്യങ്ങള്‍ കേന്ദ്ര- സംസ്ഥാന- ജില്ലാതല ഭരണകൂടങ്ങളുടെ വിജയമാണ്. ഒപ്പം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശാക്തീകരണ ദര്‍ശനത്തിന്റെയും. വിജ്ഞാനവികസന പങ്കാളികളുടെയും സാമൂഹ്യസംഘടനകളുടെയും തുടര്‍ച്ചയായ പിന്തുണയോടെയാണ് ഈ ജില്ലകളില്‍ പരിവര്‍ത്തനാത്മകമായ ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യയുടെ വികസന മുന്നേറ്റങ്ങളോട് മുഖം തിരിഞ്ഞു നില്ക്കുന്നവരുടെ മനോഭാവത്തെ ഇത് പുനര്നിര്വ്വചിക്കുയാണ്. ഒന്നിനു പുറകെ മറ്റൊന്നായി പുരോഗതിയുടെ നാഴിക കല്ലുകള്‍ പിന്നിടുമ്പോള്‍ ഇത് തുടര്‍ച്ചയായ അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: