കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ഇത് നടപ്പാക്കിവരികയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഗുണഭോക്താക്കളെ സഹായിക്കാനായി ‘അടിയന്തരമായി’ പദ്ധതി നടപ്പാക്കണമെന്ന് കഴിഞ്ഞദിവസം ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മമതയുടെ പ്രതികരണം. ‘ ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടുകളൊന്നുമില്ല. നടപടിക്രമങ്ങള്‍ നടന്നുവരികയാണ്’- മമതാ ബാനര്‍ജി എഎന്‍ഐയോട് പറഞ്ഞു.
ഗുണഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് അതിഥിത്തൊഴിലാളികള്‍ക്ക് സബ്സിഡിയുള്ള ഭക്ഷണം ലഭിക്കാനായി, വെള്ളിയാഴ്ച ആക്ടിവിസ്റ്റുകള്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ട് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടിയെങ്കിലും ഒരു ഒഴിവ്കഴിവും പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് പദ്ധതി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പദ്ധതി ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.
ദല്‍ഹി, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളും ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജി കേള്‍ക്കവേ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി നിലവില്‍ വന്നുവെന്ന് ദല്‍ഹിയുടെ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: