ജറുസലെം: ഇസ്രയേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു ഭരണത്തിന് അവസാനമായി. പ്രതിപക്ഷകക്ഷികള്‍ രൂപവല്‍ക്കരിച്ച ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ 59നെതിരെ 60 വോട്ടുകള്‍ക്ക് വിശ്വാസവോട്ട് നേടി അധികാരത്തിലെത്തിയതോടെയാണിത്.
വലതുപക്ഷനേതാവും യമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി വൈകാതെ ചുമതലയേല്‍ക്കും. 2023 സപ്തംബറിന് ശേഷം ഈ സഖ്യകക്ഷിയിലെ മറ്റൊരു അംഗമായ യേഷ് അതിഷ് പാര്‍ട്ടി നേതാവ് യായിര്‍ ലാപിഡ് പ്രധാനമന്ത്രിയാകും. അതുവരെ ഇദ്ദേഹം ഇസ്രയേല്‍ വിദേശകാര്യമന്ത്രിയായി തുടരും.
എട്ട് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷപാര്‍ട്ടിയില്‍ റാം (അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടി) പാര്‍ട്ടിയും അംഗമാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇസ്രയേലിലെ 20 ശതമാനം വരുന്ന അറബ് വംശജരെ പ്രതിനിധീകരിക്കുന്ന ഒരു അറബ് പാര്‍ട്ടി ഇസ്രയേല്‍ ഭരണത്തില്‍ പങ്കാളിയാകുന്നത്. ഇപ്പോഴത്തെ ഭരണകക്ഷികളിലെ എട്ട് പാര്‍ട്ടികളും ഒറ്റക്കാര്യത്തിലാണ് യോജിക്കുന്നത്- ഏത് വിധേനെയും ബെഞ്ചമിന്‍ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ ലിക്കുഡ് പാര്‍ട്ടിയെയും അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതില്‍.
അവസാനനിമിഷം വരെ അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നു. പലസ്തീന്‍ വംശജര്‍ക്കെതിരായ ശക്തമായ ആക്രമണത്തോടെ നെതന്യാഹു വീണ്ടും അധികാരത്തില്‍ തുടരുമെന്ന് കരുതിയെങ്കിലും അവസാനനിമിഷത്തിലെ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിന് മുന്നില്‍ നെതന്യാഹുവിന് തലകുനിയ്‌ക്കേണ്ടി വന്നു.
പക്ഷെ പുതിയ ഭരണം പലസ്തീന്‍ വിഷയം എങ്ങിനെ കൈകാര്യം ചെയ്യുമെന്നത് വലിയ ചോദ്യമാണ്. ഇതില്‍ പിഴച്ചാല്‍ വീണ്ടും ഈ സര്‍ക്കാരും നിലംപൊത്തും. അത് വീണ്ടും നെതന്യാഹുവിന് വീണ്ടും അധികാരത്തില്‍ വരാന്‍ വഴിയൊരുക്കും. പക്ഷെ വ്യത്യസ്ത അഭിപ്രായങ്ങളുള്ള ഘടകകക്ഷികള്‍ തമ്മില്‍ യോജിപ്പോടെ മുന്നേറുമെന്നാണ് നഫ്താലി ബെന്നറ്റിന്റെ വാദം. നഫ്താലി ബെന്നറ്റ് പലസ്തീന്‍കാര്‍ക്ക് വേറെ രാജ്യം വേണ്ട എന്ന അഭിപ്രായക്കാരനാണ്. ഈ വിഷയത്തില്‍ നെതന്യാഹുവിനേക്കാള്‍ തീവ്രവാദി. പക്ഷെ ഇക്കാര്യത്തില്‍ മിതവാദിയായ യായില്‍ ലാപിഡിന്റെ പിന്തുണ പുതിയ സര്‍ക്കാരിന് ബലമാകും. പുതിയ സര്‍ക്കാരിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ അറബ് പാര്‍ട്ടിയായ റാം പാര്‍ട്ടിക്കെതിരെ ഇസ്രയേലിലും പലസ്തീനിലും വന്‍ പ്രതിഷേധമാണ്. പക്ഷെ നെതന്യാഹുവിനോടുള്ള വെറുപ്പാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് റാം പാര്‍ട്ടി പറയുന്നു.
അഴിമതിക്കേസുകളില്‍ വിചാരണ നേരിടാനുള്ള നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള നാളുകള്‍ അഗ്നിപരീക്ഷയുടേതാണ്. ഈ കേസുകളില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഒരു പക്ഷെ 12 വര്‍ഷത്തോളം ഇസ്രയേലിനെ കൈവെള്ളയിലൊതുക്കിയ ഈ രാഷ്‌ട്രീയ നേതാവിന് ഒരു തിരിച്ചുവരവുണ്ടാകില്ല. അതിനായിരിക്കും പ്രതിപക്ഷപാര്‍ട്ടികളുടെ ഈ ഐക്യസര്‍ക്കാര്‍ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: