Categories: Samskriti

‘തസ്മൈ ശ്രീ ഗുരവേ നമഃ…’

ഗുരുവിനെ നീയൊന്നൊരു

മൊഴി ചൊന്നാല്‍

ഗുരുവധം ചെയ്ത ഫലം വരുമെടോ!

മനസ്സാ കര്‍മ്മണാ വചസ്സാ നിന്ദിച്ചാല്‍

വധിപ്പതിനെക്കാള്‍ വലുതടോ സഖേ!

ഗുരു ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും പരബ്രഹ്മവുമാണെന്ന് ഭാരതീയര്‍ പഠിപ്പിക്കുന്നു.’ഗു’ എന്നാല്‍ ഇരുട്ട് (അജ്ഞത) എന്നും രു എന്നാല്‍ അതിനെ നിരോധിക്കുന്നത് എന്നും അര്‍ത്ഥം കല്‍പിക്കുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് ഗുരു. മനസില്‍ അന്ധകാരം (അജ്ഞത) നിറഞ്ഞവര്‍ മൃഗസമാനരാണ്.

ചിന്താരത്‌നത്തില്‍ എഴുത്തച്ഛന്‍ ‘ഗുരുവിന്‍ കൃപാവശാല്‍, ത്രിഗുണഭേദത്തിനാല്‍ വരുമീശ്വര ജീവ ജഗത്‌ഭേദങ്ങളെല്ലാം’ എന്നു തുടക്കത്തില്‍ ഗുരുവിനെ അനുസ്മരിക്കുന്നു. ‘വാഗര്‍ത്ഥാ വിവ സംപൃക്തൗ വാഗര്‍ത്ഥ പ്രതിപത്തയേ, ജഗദ  

പിതരൗ വന്ദേ പാര്‍വ്വതീ പരമേശ്വരൗ’ എന്ന രഘുവംശത്തില്‍ കാളിദാസന്‍ ജഗത് പിതാക്കളെ ആദ്യം സ്തുതിക്കുന്നു. ജ്ഞാനപ്പാനയില്‍ പൂന്താനം ‘ഗുരുനാഥന്‍ തുണ ചെയ്ക സന്തതം…’ എന്ന് ഗുരുസ്മരണ നടത്തുന്നു.

സദ്കര്‍മ്മങ്ങള്‍ ആരംഭിക്കുമ്പോള്‍ ഗുരുവന്ദനം നടത്തുന്നു. വിദ്യാരംഭത്തില്‍ വിഘ്‌നങ്ങള്‍ മാറാന്‍ ഗണപതിയേയും വിദ്യാദേവതയായ സരസ്വതിയേയും വന്ദിക്കുന്നു. ഏകലവ്യന്‍ മനസാ ദ്രോണരെ ഗുരുവായി സങ്കല്‍പിച്ചുകൊണ്ടാണ് അസ്ത്രവിദ്യ ആരംഭിച്ചുതുടങ്ങിയത്. ഗുരു ആവശ്യപ്പെടുന്നതെന്തും ഗുരുദക്ഷിണയായി നല്‍കണമെന്നാണ് വിധി. ദ്രോണര്‍ ഗുരുദക്ഷിണയായി അര്‍ജ്ജുനനോട് ആവശ്യപ്പെട്ടത് പാഞ്ചാലനെ ബന്ധിച്ച് തന്റെ മുമ്പില്‍ സമര്‍പ്പിക്കണമെന്നായിരുന്നല്ലോ. അത് അപ്രകാരം നടന്നു. ഏകലവ്യനോട് ദ്രോണര്‍ ആവശ്യപ്പെട്ടത് പെരുവിരല്‍ വേണമെന്നായിരുന്നു. അതും നടന്നു.

ഗുരുശാപത്തിന്റെ കഥകളുമുണ്ട്. ദൈനംദിന ജീവിതത്തിലും ഗുരു, ഗുരുത്വം, ഗുരുത്വക്കേട്, എല്ലാം വരുന്നു. മൂന്നക്ഷരം കൊടുത്ത് അഞ്ചക്ഷരം വാങ്ങുക എന്നൊരു ശൈലിയുമുണ്ട്. പൂജിക്കേണ്ടവരെ പൂജിക്കാതിരിക്കുന്നത് ശ്രേയസ്സിന് തടസ്സം സൃഷ്ടിക്കുമെന്ന് കാളിദാസന്‍. മാതാവും പിതാവും ഗുരുവും നമുക്ക് പ്രത്യക്ഷ ദൈവങ്ങളാണ്. സുബ്രഹ്മണ്യന്‍ മയിലിന്റെ പുറത്തേറി ലോകം ചുറ്റാന്‍ പോയപ്പോള്‍ ഗണപതി മാതാപിതാക്കളെ വലംവെച്ച് സമ്മാനം നേടി.

ഗുരുവിനെ നീയെന്ന് അവജ്ഞയോടെ വിളിച്ചാല്‍ ഗുരുവിനെ വധിച്ച ഫലം വരും. പ്രവൃത്തികൊണ്ട് മാത്രമല്ല മനസുകൊണ്ടും വാക്കുകൊണ്ടും ഗുരുവിനെ നിന്ദിച്ചാല്‍ അതും ഗുരുവിനെ വധിച്ച ഫലം തന്നെയാണ്.

കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നു. ഇരുകൂട്ടരുടേയും സൈന്യങ്ങള്‍ മുഖാമുഖം നില്‍ക്കുന്നു. ആളുകളെ അമ്പരപ്പിച്ചുകൊണ്ട് യുധിഷ്ഠിരന്‍ നിരായുധനായി മുന്നോട്ട് ചെന്ന് ഭീഷ്മരുടെ പാദത്തില്‍ നമസ്‌ക്കരിക്കുന്നു. അദ്ദേഹം പറഞ്ഞു: മകനെ നീ വന്നത് നന്നായി. അല്ലെങ്കില്‍ നിന്നെ ഞാന്‍ ശപിക്കുമായിരുന്നു… പിന്നെ പാണ്ഡവരെല്ലാം മുറയനുസരിച്ച് ഗുരുവന്ദനം നടത്തി.

മറ്റൊരു സന്ദര്‍ഭം നോക്കാം. ദുര്യോധനന്‍ കര്‍ണ്ണന്റെ അഭിമാനം സംരക്ഷിക്കാന്‍ അംഗരാജ്യത്തിന്റെ അധിപനായി അഭിഷേകം ചെയ്തു. സന്തോഷമറിയിക്കാന്‍ കര്‍ണ്ണന്‍ വേഗം ഓടിച്ചെന്ന് തന്റെ വളര്‍ത്തച്ഛനായ അധിരഥന്റെ പാദത്തില്‍ വീണ് നമസ്‌ക്കരിച്ചു. കൂനിക്കൂനി വിറച്ച് വിറച്ച് വടിയുമൂന്നി നില്‍ക്കുകയായിരുന്നു അധിരഥന്‍.

കര്‍ണ്ണനോട് ഏറ്റുമുട്ടാന്‍ കഴിവുള്ളയാള്‍ അര്‍ജ്ജുനനാണ്. കര്‍ണ്ണവധം നടക്കാത്തതുകൊണ്ട് യുധിഷ്ഠിരന്‍ പരിഭവം പറഞ്ഞു: ‘വില്ല് കൃഷ്ണന് കൊടുത്ത് നീ തേരാളിയാവുക.  ‘അര്‍ജ്ജുനന്‍ കോപത്തോടെ ജ്യേഷ്ഠനെ വധിക്കാന്‍ വാളോങ്ങി. വേഗം കൃഷ്ണന്‍ തടഞ്ഞു. ഗാണ്ഡീവം മറ്റൊരുവന് കൊടുക്കാന്‍ പറയുന്നവനെ വധിക്കുമെന്ന് പ്രതിജ്ഞയുണ്ടത്രേ. സമനില വീണ്ടെടുത്തപ്പോള്‍ അര്‍ജ്ജുനന് വിഷാദമായി. ഇനി പരിഹാരം എന്തുള്ളു. കൃഷ്ണന്‍ പറഞ്ഞു: ‘നീ യുധിഷ്ഠിരനെ പണ്ടേ കൊന്നുകളഞ്ഞല്ലോ. ഗുരുവിനെ നീയെന്ന് വിളിപ്പിച്ചില്ലേ, ഇനി പ്രത്യേകം കൊല്ലേണ്ടതില്ല. ജ്യോഷ്ഠനെ നീ കൊന്നിരുന്നുവെങ്കില്‍ എന്തുമാത്രം ദുഃഖിക്കുമായിരുന്നു. ഇനി നിന്റെ ജോലിയില്‍ മുഴുകുക.’ തസ്മൈ ശ്രീ ഗുരവേ നമഃ

എസ്.ബി. പണിക്കര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക