നാളെ എന്‍ ഗീതമേ എങ്കും ഉലാവുമേ
എന്‍ട്രും വിഴാവേ എന്‍ വാനിലേ
(നാളെ എന്റെ ഗാനങ്ങള്‍ ലോകം മുഴുവന്‍ പരക്കും. എന്റെ ആകാശത്ത് എന്നും ഉത്സവമായിരിക്കും) ഉദയഗീതം (1985) എന്ന ചിത്രത്തിലെ സംഗീതമേഘം… എന്ന ഗാനത്തിലെ വരികള്‍ മുത്തുലിംഗം എഴുതിയത് ഇളയരാജയെ മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം. ഇതുപോലെ പല ഗാനരചയിതാക്കളും ഇളയരാജയെ ഉദ്ദേശിച്ച് പല പാട്ടുകളിലും രാജ എന്ന പദം ചേര്‍ത്തിട്ടുണ്ട്. ജനപ്രിയസംഗീതത്തിലൂടെ ഭാരതത്തിന്റെ ശ്രേഷ്ഠത ലോകത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു ഇളയരാജ തന്റെ പാട്ടുകളിലൂടെ.
ഒന്‍പതാം നൂറ്റാണ്ടിലെ ശൈവഭക്ത കവി മാണിക്യവാസഗര്‍ രചിച്ച തമിഴ് ഭക്തികാവ്യം ആധാരമാക്കി ഹംഗേറിയന്‍ ബുഡാപെസ്റ്റ് ഓര്‍ക്കസ്ട്ര ഉപയോഗിച്ച് 2005 ല്‍ ഇളയരാജ ഒരു സിംഫണി (തിരുവാസകം) ഒരുക്കി. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയ ഈ ദ്രാവിഡ നാദം ലോകത്തിന്റെ നെറുകയില്‍ ചിരപ്രതിഷ്ഠ നേടി. പുരാതന കൃതിയുടെ അടിസ്ഥാനതാളം പാശ്ചാത്യ ഹാര്‍മണിയുടെ അകമ്പടിയോടെ അവതരിപ്പിച്ച ഈ ശിവസ്തുതി ലോകം മുഴുവന്‍ മുഴങ്ങി. രമണ മഹര്‍ഷിയെ ആരാധിക്കുന്ന ഈ സംഗീതഋഷി തന്റെ സംഗീത ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ആത്മീയതയിലേക്ക് കേന്ദ്രീകരിച്ച് സംഗീതത്തിന്റെ സര്‍വ്വജ്ഞപീഠം കയറി.
സംഗീതലോകത്ത് ഇസൈജ്ഞാനി, മാസ്‌ട്രോ എന്ന പേരുകളില്‍ അറിയപ്പെടുന്ന ഇളയരാജ ആദ്യ സംഗീതം നല്‍കിയ അന്നക്കിളി (1976) എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ജനസമ്മതി നേടിയിരുന്നു. മച്ചാനെ പാത്തിങ്കളാ…, അന്നക്കിളി ഉന്നൈ തേട്‌തേ…, സ്വന്തമില്ലൈ ബന്ധമില്ലൈ… എന്നീ ഗാനങ്ങള്‍ തമിഴകത്തെ കാര്‍ഷിക സംസ്‌കൃതി വെളിവാക്കുന്നവയായിരുന്നു.
തമിഴ് സിനിമയില്‍ അതുവരെ ഫോക് സംഗീതം ഉപയോഗിച്ചിരുന്നത് ക്ലാസിക്കല്‍ ചുവയോടെയായിരുന്നു. അന്നക്കിളിയുടെ വരവോടെ മണ്ണിന്റെ മണവും തനിമയുമുള്ള ഗാനങ്ങളുടെ ഉത്ഭവമായിരുന്നു.
ഭരതന്‍ സംവിധാനം ചെയ്ത തേവര്‍മകനിലെ പൊട്രി പാടടി പെണ്ണേ…, ഇഞ്ചി ഇടുപ്പളകാ… എന്നീ ഫോക് ഗാനങ്ങള്‍ പിന്നീട് റീമിക്‌സിലൂടെ പല വെര്‍ഷനുകളും വന്നു.
തൊഴിലാളികളും ഗ്രാമീണരും ഉള്‍പ്പെട്ട വലിയൊരു വിഭാഗത്തിനെ പ്രതിനിധീകരിക്കുന്ന പാട്ടുകളായിരുന്നു ഇളയരാജയുടേത്. അവരുടെ ദുഖം, ഭക്തി, വിരഹം, താരാട്ട്, പോരാട്ടങ്ങള്‍ എന്നിവ രാജയുടെ പാട്ടില്‍ യാഥാര്‍ത്ഥ്യമായി. ചേരിനിവാസികളും ഗ്രാമീണരും നഗരവാസികളും ഒരേപോലെ രാജയുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റി.
1979 ല്‍ കവിക്കുയില്‍ എന്ന ചിത്രത്തില്‍ ബാലമുരളീകൃഷ്ണ പാടിയ ചിന്നക്കണ്ണന്‍ അഴയ്‌ക്കിറാന്‍… എന്ന ഗാനം രാഗാടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയതാണ്. തായേ മൂകാംബിക എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ രാജയുടെ കര്‍ണ്ണാടക സംഗീതത്തിലുള്ള അഗാധ ജ്ഞാനം വ്യക്തമാക്കുന്നതാണ്. ബാലമുരളീകൃഷ്ണ, ശീര്‍കാഴി ഗോവിന്ദരാജന്‍, ടി.എം. സൗന്ദര്‍രാജന്‍ എന്നിവര്‍ ഒരുമിച്ചുപാടുന്ന രാഗമാലികയും എസ്. ജാനകി, പി. സുശീല, എം. എസ് രാജേശ്വരി എന്നീ ത്രയങ്ങള്‍ മത്സരിച്ച് പാടുന്ന ഇശൈ അരശി… എന്ന രാഗമാലികയും ദക്ഷിണേന്ത്യയിലെ മികച്ച ക്ലാസിക്കല്‍ ഗാനങ്ങളാണ്.
പത്തുവര്‍ഷംകൊണ്ട് തമിഴ് ചലച്ചിത്രലോകത്തെ സംഗീതവ്യാകരണങ്ങളെ ഇളയരാജ മാറ്റിമറിച്ചു. പാട്ടുകള്‍ക്ക് പുതിയ മാനം കൈവന്നു. ദക്ഷിണേന്ത്യ മുഴുവനും ഈ ശൈലിയിലുള്ള ഗാനങ്ങള്‍ പിറന്നു. എസ്. പി. ബാലസുബ്രഹ്മണ്യം, എസ്. ജാനകി, കെ. ജെ. യേശുദാസ് എന്നീ മൂന്ന് താരങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഉദയം ചെയ്തു. കൂടാതെ മലയാളികളായ കെ. എസ്. ചിത്ര, ജെന്‍സി, കൃഷ്ണചന്ദ്രന്‍, ഉണ്ണിമേനോന്‍, മിന്‍മിനി, ഉണ്ണികൃഷ്ണന്‍ എന്നീ പുതിയ ഗായകരെ അവതരിപ്പിച്ചു.
സിന്ദൂരപ്പൂവേ…(പതിനാറ് വയതിനിലെ-1977), ഇദയം പോകുതേ… (അക്കരൈ ചീമ-1978), പൊന്‍മേഘങ്ങളേ… (പുതിയവാര്‍പ്പുകള്‍-1979), ദൈവികരാഗം… (ഉല്ലാസപ്പറവൈ-1980) എന്നീ ഗാനങ്ങള്‍ പുതിയ ട്രെന്റുകള്‍ സൃഷ്ടിച്ചു.
എംജിആര്‍, ശിവാജി എന്നീ താരങ്ങള്‍ മങ്ങി. കമല്‍ഹാസന്‍, രജനീകാന്ത്, ഭാഗ്യരാജ് എന്നീ പുതിയ താരങ്ങള്‍ ഉദയം ചെയ്തു. ഇവരുടെ താരസിംഹാസനങ്ങള്‍ ഉറപ്പിക്കാന്‍ ഇളയരാജയുടെ ഈണങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. മുരളി, മോഹന്‍, രാമരാജന്‍ എന്നീ പുതുമുഖ താരങ്ങള്‍ രാജയുടെ പാട്ടുകളോടൊപ്പം ഇന്നും ജീവിക്കുന്നു. സകലകലാവല്ലഭന്‍ (1984) എന്ന ചിത്രത്തിലെ ഇളമൈ ഇതോ ഇതോ… എന്ന ഡിസ്‌കോ ഗാനം ഒരു തരംഗവും ഉത്തേജകവുമായി മാറി.
എണ്‍പതുകളിലെ ഇലക്‌ട്രോണിക് വിപ്ലവം, കീബോര്‍ഡ്, സിന്തസൈസര്‍ എന്നിവയുടെ ഉപയോഗം പാശ്ചാത്യശൈലിയിലുള്ള ഇമ്പമുള്ള പാ
ട്ടുകളുണ്ടാവാന്‍ സഹായിച്ചു. കോളാമ്പി പാട്ടുകള്‍ മാറി ബോക്‌സ് പാട്ടുകളും, പിന്നീട് കാസറ്റു/സിഡികളും നിലവില്‍ വന്നു. വിക്രം എന്ന സിനിമയിലൂടെ കമ്പ്യൂട്ടര്‍ മ്യൂസിക്കും ആസ്വാദകരെ വിസ്മയിപ്പിച്ചു. പ്രവാസികള്‍ക്ക് ഇളയരാജ ഗാനങ്ങള്‍ ഗൃഹാതുരത്വവും ഉത്സവവുമായിരുന്നു.
പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, തമിഴ് നാടോടി സംഗീതം എന്നീ വ്യത്യസ്ത ഘടകങ്ങളുടെ സമന്വയമായിരുന്നു രാജയുടെ പാട്ടുകള്‍. അതുവരെ അജ്ഞാതമായിരുന്ന ഓര്‍ക്കസ്‌ട്രേഷന്‍ (വാദ്യവൃന്ദം) സംവിധാനമായിരുന്നു രാജയുടെ പ്രധാന സംഭാവന. നാടന്‍ താളവാദ്യങ്ങള്‍ അദ്ദേഹം റെക്കോഡിങ്ങില്‍ പരീക്ഷിച്ചു.
ദേശീയ അംഗീകാരം ലഭിച്ച കാതല്‍ ഓവിയം (1982), സലങ്കൈ ഒലി (1985), സിന്ധുഭൈരവി (1986), രുദ്രവീണ (1988) എന്നീ ചിത്രങ്ങള്‍ ഇളയരാജ എന്ന ജീനിയസിന്റെ സാക്ഷ്യപ്പെടുത്തലുകളാണ്. കാല്‍ നൂറ്റാണ്ട് തമിഴ് സിനിമക്കു പകരമായിരുന്നു ഇളയരാജ. സംഗീത സൗരയൂഥത്തിലെ സൂര്യനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാറായി തിളങ്ങി. നിര്‍മാതാക്കള്‍ അദ്ദേഹത്തിന്റെ ഡേറ്റിനുവേണ്ടി കാത്തുകിടന്നു. സിനിമാവ്യവസായത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി.
നൂറാമത്തെ ചിത്രം മൂടുപനി (1980), നാനൂറ് പൂര്‍ത്തിയാക്കിയ നായകന്‍ (1987), അഞ്ഞൂറു പൂര്‍ത്തിയാക്കിയ അഞ്ജലി (1990), ആയിരം തികയ്‌ക്കുന്നത് താരായ് തപ്പട്ടായ് (2016) ഇവ രാജാഗാനങ്ങളുടെ നാഴികക്കല്ലുകളാണ്.
ഒരു സിനിമയുടെ ഭാഷ നിര്‍ണയിക്കുന്നത് അതില്‍ ഉപയോഗിക്കുന്ന പശ്ചാത്തല സംഗീതമാണ്. ഇളയരാജയുടെ സംഗീതത്തിലൂടെ തിരശ്ശീലയിലെ പുല്‍ക്കൊടികള്‍ക്കും കിളികള്‍ക്കും പുഴയിലെ കുഞ്ഞോളങ്ങള്‍ക്കുവരെ പ്രത്യേകം പ്രാധാന്യം ലഭിക്കുന്നു. നായികയുടെ സൗന്ദര്യം സംഗീതം വരുമ്പോള്‍ വര്‍ദ്ധിക്കുന്നു. ദൃശ്യാനുഭവങ്ങള്‍ക്ക് സംഗീതത്തിലൂടെ ശക്തി പകരുന്നു. കല്ലുകൊണ്ടൊരുപെണ്ണ്, സമ്മോഹനം എന്നീ മലയാള ചിത്രങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ലോകത്തിലെ പ്രധാന 25 സംഗീത സംവിധായകരില്‍ രാജയും ഇടം നേടി. ഹോളിവുഡിലെ നൈനോ റോട്ട (ഗോഡ്ഫാദര്‍), ബര്‍ണാഡ് ഹെരെമന്‍, ഇനിയോ മോറികോണ്‍ എന്നിവര്‍ക്കു തുല്യനാണ് നമുക്ക് ഇളയരാജയും. ഗീതാഞ്ജലി, ക്യാപ്റ്റന്‍ പ്രഭാകരന്‍, ഇദയം, ദളപതി, തേവര്‍മകന്‍, പിതാമഹന്‍ ഇത്രയും ചിത്രങ്ങളിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറിലൂടെ ഇന്ത്യയിലെ മറ്റ് സംഗീത സംവിധായകരേക്കാളും ഓര്‍ക്കസ്ട്ര കണ്ടക്ടറായി വളര്‍ന്നതില്‍ നമുക്ക് അഭിമാനിക്കാം.
പല ചിത്രങ്ങളിലെയും ശീര്‍ഷക ഗാനങ്ങള്‍ ഇളയരാജ പാടിയിട്ടുണ്ട്്. ജനനി ജഗം (തായേ മൂകാംബികേ), പൊന്നോവിയം (കഴക്), പൂമാലൈ (പാഗല്‍ നിലാവ്), ഏയ് ഇന്ത താലാട്ട് (ഉതിര്‍പൂക്കള്‍), തെന്‍പാണ്ടി ചീമയിലെ (നായകന്‍), തെന്‍ട്രല്‍ വന്ത് തീണ്ടും പോത് (അവതാരം), രാജാധി രാജനിന്ദ്ര (അഗ്നിനക്ഷത്രം) കൂടാതെ കണ്ണൂര്‍ രാജന്റെ സംവിധാനത്തില്‍ അരുവികള്‍ ഓളം തുള്ളും എന്ന മലയാള ഗാനവും, ടോമിന്‍ തച്ചങ്കരിയുടെ സത്യം വിശൈ്വക മന്ത്രണം എന്ന ഭക്തിഗാനവും ഇളയരാജയുടെ ഗ്രാമ്യഗന്ധമുള്ള ശബ്ദത്തില്‍ കേള്‍ക്കാം.
പ്രകൃതിയെ തന്റെ സംഗീതത്തിലേക്ക് ആവാഹിക്കാനുള്ള കഴിവ് അപാരമാണ്. നിലാവേ വാ… കല്യാണ തേന്‍നിലാ… എന്നീ രാത്രിഗാനങ്ങളും കാലക്കുയില്‍കളെ… എന്ന പ്രഭാതഗീതവും ഉദാഹരണങ്ങളാണ്. കിളികളുടെ ശബ്ദം ഉപയോഗിക്കുന്നതില്‍ പ്രത്യേക മികവ് കാണിക്കാറുണ്ട്. അന്നക്കിളിയിലെ സ്വന്തമില്ലൈ…, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന മലയാള ചിത്രത്തിലെ കൊഞ്ചിക്കരയല്ലേ… എന്നീ പാട്ടുകളില്‍ കിളികളുടെ ശബ്ദം സംഗീതത്തിന്റെ ഭാഗമായി ഉപയോഗിച്ചിരിക്കുന്നു.
2010ല്‍ അദ്ദേഹത്തിന് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും 2018ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആ സംഗീത പ്രതിഭയെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: