ഇരിട്ടി : കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ശനിയാഴ്ച ഭഗവാന് സമര്‍പ്പിച്ചു. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിവേദനം ആരംഭിച്ചത്. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശര്‍ക്കരയും നെയ്യും ചേര്‍ത്താണ് സാധാരണ പായസം തയ്യാറാക്കുന്നത് .
എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കാല്‍വട്ടള പായസ നിവേദ്യമാണ് നടത്തിയത്. മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു. ഇന്ന് രണ്ടാമത്തെ പായസ നിവേദ്യമായ പുണര്‍തം ചതുശ്ശതം ഭഗവാന് സമര്‍പ്പിക്കും. വൈശാഖ മഹോത്സവത്തിലെ തൃക്കൂര്‍ അരിയളവും നടന്നു.
ഉച്ചയ്‌ക്ക് കോട്ടയം സ്വരൂപത്തിലെ സ്ത്രീകള്‍ക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വര്‍ണത്തളികയില്‍ പകര്‍ന്ന് നല്‍കുന്ന ചടങ്ങ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നടന്നില്ല. രാത്രി പൂജയ്‌ക്കുശേഷം നാലു തറവാട്ടിലെ സ്ത്രീകള്‍ക്ക് മണിത്തറയില്‍ അരിയും ഏഴില്ലക്കാര്‍ക്ക് പഴവും ശര്‍ക്കരയും നല്‍കി. തൃക്കൂര്‍ അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളൂ. ഒരു തറവാട്ടിലെ മൂന്നു പേര്‍ വെച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. 16 നാണ് മകം കലംവരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: