ഇരിട്ടി : അയ്യന്‍കുന്ന് പഞ്ചായത്ത് ഈന്തുംകരി വാഡിലെ ഏഴാംകടവില്‍ കുണ്ടൂര്‍പുഴക്ക് കുറുകേ പണിത പാലം നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. നിര്‍മ്മാണം നടക്കുന്ന പാലത്തിന്റെ ബീമുകളുടെ വാര്‍പ്പ് കഴിഞ്ഞപ്പോള്‍ കമ്പികള്‍ മുഴുവന്‍ പുറത്തായ നിലയിലാണ്. ഇതില്‍ വന്‍ അഴിമതി ആരോപിച്ചാണ് വാര്‍ഡ് അംഗം ജോസ് എ വണ്‍ അടക്കമുള്ള നാട്ടുകാര്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്കാന് ഒരുങ്ങുന്നത്.
പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ജില്ലാ പഞ്ചായത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തില്‍ ആണ് പാലം നിര്‍മ്മിക്കുന്നത്. 2019 ജനുവരിയില്‍ ആണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നത്. എന്നാല്‍ നിര്‍മ്മാണത്തില്‍ പുരോഗതി ഇല്ലാഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാരുടെ പരാതിയും മാധ്യമ വാര്‍ത്തകളുടെ സമ്മര്‍ദ്ദവും മൂലം രണ്ടര വര്‍ഷമാകുമ്പോഴാണ് ഇപ്പോള്‍ ഇതിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തി നടക്കുന്നത്.
3 ബീമുകളും സ്ലാബും ചേര്‍ന്ന ഈ ചെറിയ പാലത്തിന്റെ വാര്‍പ്പ് പണി നടന്നതും പൊതുജന സഹകരണത്തിലൂടെയായിരുന്നു. കോണ്ട്രാക്ടറുടെയും ഉത്തരവാദിത്വമില്ലാത്ത സമീപനം മൂലമാണ് പണികള്‍ നീണ്ടു പോകാന്‍ ഇടയായത് . മേല്‍നോട്ടം വഹിക്കേണ്ട എന്‍ജിനിയര്‍മാരുടെ ഭാഗത്തു നിന്ന് കടുത്ത അവഗണനയും ഉത്തരവാദിത്വമില്ലായ്മയും ഉണ്ടായിട്ടുണ്ടെന്നും, ഒരു വാര്‍പ്പിന് അതിലുപയോഗിക്കുന്ന കമ്പിക്ക് കവറിംഗ് ഉണ്ടായിരിക്കണമെന്ന സാമാന്യ നിയമം പോലും പാലിക്കാതെയാണ് വാര്‍പ്പ് നടത്തിയിരിക്കുന്നതെന്നും വാര്‍ഡ് മെമ്പര്‍ ജോസ് എ വണ്‍ പറഞ്ഞു. എന്‍ജിനിയര്‍മാരുടെ ഭാഗത്തു നിന്നും വലിയ വീഴ്ചതന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഉപയോഗിക്കുന്ന കമ്പിയുടെ വ്യാസത്തിന്റെ 3 ഇരട്ടിയാണ് കമ്പിയും ഷട്ടറിംഗ് ഉം തമ്മില്‍ ഉണ്ടായിരിക്കേണ്ട കവറിംഗ്. മിനിമം 2 ഇരട്ടി എങ്കിലും വേണം . എന്നാല്‍ ഈ അടിസ്ഥാന നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഈയൊരു പാലം പണിതീര്‍ത്തിരിക്കുന്നതെന്നാണ് ഒരു ബില്‍ഡിങ് ഡിസൈനര്‍ കൂടിയായ ജോസ് എ വണ്‍ പറയുന്നത്. സംഭവത്തില്‍ വിജലന്‍സ് അന്വേഷണം നടത്തണമെന്നും, ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും, കൃത്യ നിര്‍വഹണത്തില്‍ അലംഭാവം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വിജിലന്‍സില്‍ പരാതി നല്‍കുമെന്നും ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: