ബെംഗളൂരു: പവര്‍ ബാങ്ക് നിക്ഷേപത്തിന്റെ പേരില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കുകയും, പണം തട്ടിപ്പ് നടത്തുകയും ചെയ്ത മലയാളിയും, വിദേശികളും ഉള്‍പ്പടെ ഒമ്പത് പേരെ കര്‍ണാടക സിഐഡിയിലെ സൈബര്‍ ക്രൈം വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
മലയാളിയും, വ്യവസായിയുമായ അനസ് അഹമ്മദ് ആണ് മുഖ്യപ്രതി. പ്രതികളില്‍ രണ്ടു പേര് ചൈനാക്കാരും രണ്ടു പേര് ടിബറ്റന്‍ വംശജരുമാണ്. ഗെയിമിങ്, ഇ- കൊമേഴ്സ് വിഭാഗങ്ങളില്‍ വ്യവസായം നടത്തുന്നുവെന്ന പേരില്‍ റേസര്‍ പേ സോഫ്ട്വെയര് പ്രൈവറ്റ് ലിമിറ്റഡില്‍ രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് സാങ്കേതിക സഹായത്തോടെ കമ്പനിയെ വഞ്ചിക്കുകയുമായിരുന്നു.
റേസര്‍ പേ സോഫ്ട്വെയര് ആണ് കര്‍ണാടക സിഐഡിയെ സമീപിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പവര്‍ബാങ്ക് എന്ന ആപ്ലിക്കേഷനില്‍ നിന്ന് പേയ്മെന്റുകള്‍ അനധികൃതമായി പ്രതികള്‍ ശേഖരിച്ചുവെന്നും പരാതിയില്‍ റേസര്‍ പേ പറഞ്ഞു. പവര്‍ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിദിനമോ, പ്രതിവാരമോ നിശ്ചിത തുക പ്രതികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപം സ്വീകരിച്ച ഇവര്‍ പലിശ നല്‍കിയില്ല. മുതലും ഇവര്‍ തടഞ്ഞുവെച്ചു.
അനസിനു ചൈനീസ് ഹവാല ഇടപാടുകാരുമായി അടുത്ത ബന്ധമുള്ളതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാള്‍ വിവാഹം ചെയ്തത് ചൈനീസ് വംശജയെ ആണ്. ഇയാള്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയത് ചൈനയിലാണ്. അനസിന്റെ മാത്രം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 290 കോടി രൂപയുടെ വരവ് കണ്ടെത്തി. ഈ തുക മരവിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: