നോട്ടുബുക്കിന്റെ പേജുകളില്‍ കഥകള്‍ കുറിച്ചിട്ട ബാല്യം. കഥാകാരിയുടെ ദാവണി ചുറ്റിയ കൗമാരം. വിവാഹം കഴിഞ്ഞ് 38 വര്‍ഷത്തെ പ്രവാസം. അബുദാബിയിലെ ജോലിത്തിരക്കുകള്‍ക്കിടയില്‍ നിലച്ചുപോയ എഴുത്തിന്റെ ആകാശം തേടുകയാണ് കേരളാദിത്യപുരം സനുഷില് ഷംസ് ആബ്ദിന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഷംസുന്നിസ്സ സൈനുല്‍ ആബ്ദിന്‍.
ഈ രണ്ടാം വരവില്‍ ഒരു വ്യത്യാസം മാത്രം, ആ തൂലികയില്‍ നിന്ന് ഇപ്പോള്‍ പിറക്കുന്നത് കഥകളല്ല. എഴുപതാം വയസ്സില്‍ ഷംസ് ആബ്ദിന്‍ പറന്നിറങ്ങിയത് പാട്ടുവഴിയോരത്താണ്. കടയ്ക്കല്‍ ചിങ്ങേലി തോട്ടത്തില്‍ വീട്ടില്‍ അബ്ദുള്‍ റസാഖ്-അസുമാബീവി ദമ്പതികളുടെ മകളായി പിറന്ന ഷംസുന്നിസ്സ എന്ന അടുത്തറിയുന്നവരുടെ മണി കുട്ടിക്കാലം മുതല്‍ എഴുതിക്കൂട്ടിയത് നൂറുകൂട്ടം കഥകള്‍. കോളജ് പഠനകാലത്ത് എഴുതിയ ‘എല്ലാം വിധിയാണ്’ എന്ന കഥ ആകാശവാണി പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചു. കഥ അവതരിപ്പിക്കാന്‍ ആകാശവാണിയില്‍ നിന്ന് ക്ഷണം കിട്ടിയ ദിവസമായിരുന്നു ഷംസുന്നിസ്സയും കൊല്ലം പരവൂര്‍ സ്വദേശിയും, അബുദാബി എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനുമായ സൈനുല്‍ ആബ്ദിനും തമ്മിലുള്ള വിവാഹം. പിന്നീട് ആ കഥ മറ്റൊരാളിന്റെ ശബ്ദത്തില്‍ റേഡിയോയിലൂടെ ഷംസ് ആബ്ദിന്‍ കേട്ടു.
വിവാഹശേഷം 1975 ല്‍ ഇരുവരും അബുദാബിയിലേക്ക്. കഥയുടെ ലോകത്തുനിന്ന് ദാമ്പത്യത്തിന്റെ, ജോലിയുടെ തിരക്കുകളിലേക്ക് പറിച്ചുനടപ്പെട്ടു. ഗള്‍ഫിലെ കലാ സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായി. 2012 ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഷംസുന്നിസ്സയും ഭര്‍ത്താവും നാട്ടില്‍ തിരിച്ചെത്തുന്നത്. ഷംസുന്നിസ്സയുടെ നാലു മക്കളും മരുമക്കളും പേരക്കുട്ടികളും ഖത്തറിലും യുകെയിലും യുഎസ്സിലുമാണ്. നാട്ടിലെത്തിയെങ്കിലും വീണ്ടും ഏഴ് വര്‍ഷക്കാലം ഷംസുവും ഭര്‍ത്താവും യാത്രകളിലായിരുന്നു. മക്കള്ക്കരികിലേക്കും, വിവിധ രാജ്യങ്ങളിലേക്കുമൊക്കെ ജീവിതം ആഘോഷമാക്കിയ സഞ്ചാരങ്ങള്‍. ഒടുവില്‍ 2020ലെ ലോക്ഡൗണ്‍ കാലത്താണ് ഷംസ് ആബ്ദിന്‍ വീണ്ടും എഴുത്തുപുരയിലേക്ക് ചേക്കേറുന്നത്.
2020ലെ ഓണക്കാലത്ത് ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍ എഴുതിക്കൊണ്ട് പാട്ടുവഴിയിലേക്ക് എത്തി. പന്തളം ബാലന് പാടിയ ആ ഓണപ്പാട്ട് യൂ ട്യൂബിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. തുടര്‍ന്ന് ‘അള്ളാ നിന് തിരുനാമം തേടിക്കൊണ്ടെന്നും, ദിക്റോതിടുന്നു ഞങ്ങള്‍, ദസ്ബീഗ് നീക്കീടുന്നു…’ എന്നു തുടങ്ങുന്ന ഷംനാദ് ജമാല്‍ ഈണമിട്ട് പാടിയ റംസാന് ഗീതവും വന്‍ ഹിറ്റായി. പാട്ടുകേട്ട് സാക്ഷാല്‍ വിദ്യാധരന് മാസ്റ്റര്‍ പോലും ഷംസുവിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ‘കണ്ണാ നിന്നെ കാണാന്‍ നിറകണ്ണുമായ് ഇന്നും കാത്തിരിപ്പൂ…’ എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനമാണ് ഷംസ് ആബ്ദിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ആല്‍ബം. ജിനു സി.ആര് ഇല്ലത്താണ് ഈ പാട്ടിന്റെ സംഗീതവും ആലാപനവും. പിന്നെയും കുറേ പാട്ടുകളുണ്ട് പണിപ്പുരയില്‍. ഭര്‍ത്താവും മക്കളും മരുമക്കളും പേരക്കുട്ടികളും നല്കുന്ന പിന്തുണയാണ് ഈ എഴുത്തുകാരിക്ക് ഊര്‍ജ്ജമാകുന്നത്.
തനിക്കു ചുറ്റുമുള്ള നിരാലംബരുടെ കണ്ണീരൊപ്പാനും ഈ പാട്ടെഴുത്തുകാരി മറക്കുന്നില്ല. കൈനീട്ടിയെത്തുന്ന അര്‍ഹര്‍ക്ക്, അനാഥാലയങ്ങള്‍ക്ക് ഈ പ്രവാസി സഹായങ്ങളെത്തിക്കും, ആരേയും അറിയിക്കാതെ. ഷംസ് ആബ്ദിന്റെ വാക്കുകള്‍ കടമെടുത്താല്‍… ”ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആകസ്മികം. നാട്ടില്‍ നിന്ന് മറുനാട്ടിലേക്ക്, കഥാകാരിയില്‍ നിന്ന് പാട്ടെഴുത്തിലേക്ക്…, നാളെ…? ഈശ്വരനിയോഗം പോലെ മുന്നോട്ട്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: