കേരളത്തില്‍ ആയുര്‍വേദത്തിന്റെ പര്യായമായി അറിയപ്പെടുന്ന സ്ഥാപനമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. ആ മഹാ സ്ഥാപനം ഇന്നു വളര്‍ന്നു വികസിച്ച് വിശ്വവ്യാപകമായിക്കഴിഞ്ഞുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഔഷധനിര്‍മാണത്തിലും പ്രയോഗത്തിലും ആര്ഷത്തനിമ കൈവിടാതെ ആധുനികമായ പ്രയോഗങ്ങള്‍, നടത്തുന്നതിലും അവര്‍ മുന്‍പന്തിയിലാണുതാനും ആയുര്‍വേദത്തെയും ആധുനിക ചികിത്സാ രീതികളുടെ യോജിക്കുന്ന ഭാവങ്ങളെയെല്ലാം ഇണക്കിക്കൊണ്ടുപോകാനും അവര്‍ ശ്രമിച്ചുവരുന്നു. ഒരളവുവരെ അതിനും ആ മഹാസ്ഥാപനമാകുന്നു മുന്നില്‍. ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ സാന്ത്വനം ആഗോളതലത്തില്‍ ലഭ്യമാക്കുന്നതില്‍ ആ സ്ഥാപനത്തിന്റെ പങ്ക് അതുല്യമാണ്. ആയുര്‍വേദത്തിനു പുറമേ, കേരളീയ കലയുടെ പ്രോത്സാഹനത്തിലും അവരുടെ പങ്ക് നിസ്തുലമാണ്. പിഎസ്വി നാട്യസംഘത്തിന്റെ കഥകളി യോഗം സുപ്രസിദ്ധമാണല്ലൊ. പഠനകാലത്ത് അക്കാലത്തെ വിദ്യാര്‍ത്ഥികളുടെ സഹജമായ പെരുമാറ്റമനുസരിച്ച് സ്വാതന്ത്ര്യസമരത്തിലും, കുറച്ചുകാലം വിപ്ലവപ്രസ്ഥാനങ്ങളിലുമൊക്കെ സജീവമായശേഷം ജ്യേഷ്ഠന്റെ ആകസ്മികമായ വിമാനാപകടമരണത്തെത്തുടര്ന്നു, ആര്യവൈദ്യശാലയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കേണ്ടി വന്ന പി.കെ. വാര്യര്‍ക്ക് അതിലും സവ്യസാചിത്വം കൈവരിക്കാനായി. അതുല്യനായ ചികിത്സകനും സമര്‍ത്ഥനായ സംഘാടകനും സംയോജകനുമാണ് താനെന്നു തെളിയിച്ചു. ജീവനക്കാരും മാനേജുമെന്റുമായുള്ള ബന്ധം ഇത്ര സുഗമമായി നിലനിര്‍ത്തിയ സ്ഥാപനങ്ങളും ചുരുക്കമാണ്. പി.കെ.വാര്യരുമായി ബന്ധപ്പെടുവാനുള്ള ചില അവസരങ്ങളുണ്ടായത് സൂചിപ്പിക്കുകയാണീ പ്രകരണത്തില്‍.
ഞാന്‍ സംഘപ്രചാരകനായി കണ്ണൂരിലെത്തിയ സമയത്ത് ജില്ലാ പ്രചാരകനായിരുന്നത് വി.പി. ജനാര്‍ദ്ദനനായിരുന്നു. കുറേക്കഴിഞ്ഞദ്ദേഹം കോഴിക്കോട് ജില്ലാ പ്രചാരകനായി. കണ്ണൂരിലുള്ളപ്പോള്‍ അദ്ദേഹം കോട്ടയ്ക്കലെ ആയുര്‍വേദ ചികിത്സയ്ക്കായി പോയി പി.കെ. വാര്യരെ കണ്ടു. സംഘത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രയത്നിച്ചതിനാല്‍ വന്ന അസുഖങ്ങള്‍ ഭേദമാകാന്‍ ആയുര്‍വേദ ചികിത്സ തേടിയാണ് പോയത്. ഉഴിച്ചില്‍ ചികിത്സയാണ് വാര്യര്‍ നിര്‍ദ്ദേശിച്ചതില്‍ മുഖ്യം. അതിനായി രജിസ്റ്റര്‍ ചെയ്തുപോന്നു. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഊഴം ലഭിച്ചത്. അതു നടക്കുന്നതിനിടെ ഒരിക്കല്‍ ഞാന്‍ പോയി കണ്ടതാണ് ആദ്യ സന്ദര്‍ശനം. ഉഴിച്ചിലും നല്ലിരിക്കയും കഴിഞ്ഞ് പൂര്‍വാധികം ഊര്‍ജസ്വലനായി പ്രവര്‍ത്തനത്തില്‍ മുഴുകുകയും പിന്നെ തിരുവനന്തപുരത്തേയ്ക്കു നിയുക്തനാകുകയും ചെയ്തു. കോട്ടയ്ക്കല്‍ വഴി ബസ്സില്‍ പോയാല്‍ കിലോമീറ്ററുകളകലെത്തന്നെ ഔഷധങ്ങള്‍ തയ്യാറാക്കുന്നതിന്റെ മണം ആസ്വദിക്കാമെന്ന് പത്രങ്ങളില്‍ വായിച്ചതും കേട്ടതും അനുഭവിക്കുകയുണ്ടായി.
ഭാരതീയ ജനസംഘത്തിന്റെ ചുമതല ലഭിച്ച കാലങ്ങളിലാണ് പി. കെ. വാര്യരരെ കാണുവാനും സംസാരിക്കാനും അവസരം ലഭിച്ചത്. ഭാരതീയ ചികിത്സാ രീതികളുടെ അവസ്ഥ പഠിച്ച്, അവയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി പാര്‍ലമെന്റംഗങ്ങളുടെ ഒരു പ്രതിനിധി സംഘം നിയോഗിക്കപ്പെട്ടിരുന്നു. 1970 ലോ 71 ലോ ആണ്. അവരില്‍ ജനസംഘം രാജ്യസഭാംഗമായിരുന്ന ഡോ. ഭായി മഹാവീറും ഉള്‍പ്പെട്ടിരുന്നു. മുഖ്യമായും തിരുവനന്തപുരവും ചെറുതുരുത്തിയും കോട്ടയ്ക്കലുമാണ് അവരുടെ സന്ദര്‍ശന പരിധിയില്‍പ്പെട്ടിരുന്നത്. കോട്ടയ്ക്കലുപോയി മഹാവീര്‍ജിയെ കണ്ട് അദ്ദേഹത്തിനെന്തെങ്കിലും സൗകര്യങ്ങള്‍ ചെയ്യാന്‍ ആവശ്യമുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്ന് പരമേശ്വര്‍ജി നിര്‍ദ്ദേശിച്ചിരുന്നു.
നിര്‍ദ്ദിഷ്ട ദിവസത്തിനു ഒരാഴ്ച മുന്‍പ് തന്നെ കോട്ടയ്ക്കല്‍ പോയി പി.കെ. വാര്യരെ കണ്ട് സംഘത്തിന്റെ സന്ദര്‍ശനത്തെപ്പറ്റി അന്വേഷിച്ചു. അവര്‍ക്ക് ദല്‍ഹിയില്‍ നിന്ന് അറിയിപ്പു കിട്ടിയെന്നും പ്രതിനിധിസംഘത്തെ സ്വീകരിക്കാനും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പാണെന്നും അദ്ദേഹം അറിയിച്ചു. ‘ചങ്കുവെട്ടി’യില്‍ പ്രവര്‍ത്തിച്ചുവന്ന ആയുര്‍വേദ കോളജിലാണ് അവര്‍ക്ക് വിശ്രമം സജ്ജമാക്കിയത് എന്നറിഞ്ഞു. നിശ്ചിത ദിവസം നേരത്തെ അവിടെ ചെന്നപ്പോള്‍ എംപി
മാര്‍ യാത്ര കഴിഞ്ഞു അവിടെ വിശ്രമത്തിലാണ്. മഹാവീര്‍ജിയെ കണ്ടപ്പോള്‍ മധുലിമയേ ‘ഇവിടെയും നിങ്ങളുടെ ആള് എത്തിയോ!’ എന്നത്ഭുതം കൂറി. മഹാവീര്‍ജി എംപിമാരെയൊക്കെ പരിചയപ്പെടുത്തി. കേരളത്തില്‍നിന്ന് മൂവാറ്റുപുഴ എംപി: പി.പി. എസ്തോഡ് ആയിരുന്നു സിപിഎം അംഗം. ഞാന്‍ തൊടുപുഴക്കാരനാണെന്നറിയിച്ചപ്പോള് അദ്ദേഹവും കുശലം പറഞ്ഞു.
ഉച്ചഭക്ഷണം അവരോടൊപ്പം വാര്യരുടെ വസതിയായ കൈലാസ മന്ദിരത്തിലായിരുന്നു. അതിന് മുമ്പായിരുന്ന സിറ്റിങ് സമിതിയുടെ നേതാവ് ഒരു കോണ്‍ഗ്രസ്സ് എംപിയായിരുന്നു. അദ്ദേഹം ആയുര്‍വേദത്തിന്റെ ഭാവി വളര്‍ച്ചയ്ക്കാവശ്യമായ ചട്ടങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ കേന്ദ്ര നിര്‍ദ്ദേശമുണ്ടെന്ന് വിശദീകരിച്ചു. നാട്ടുവൈദ്യ സമ്പ്രദായത്തില്‍ ഔപചാരികമായ ശിക്ഷണം ലഭിച്ചവരെ മാത്രമേ തുടര്‍ന്ന് ചികിത്സകരായി അംഗീകരിക്കാവൂ എന്ന സര്‍ക്കാരിന്റെ ഉദ്ദേശത്തെ പ്രായോഗികമാക്കുമ്പോള്‍, കേരളത്തിലെ അഷ്ടവൈദ്യന്മാരുടെയും പാരമ്പര്യ വൈദ്യന്മാരുടെയും മറ്റും ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ വാര്യര്‍ പറയുകയുണ്ടായി. അദ്ദേഹം ഒരു സമഗ്രമായ പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പാര്‍ലമെന്റ് സംഘത്തിന്റെ അന്വേഷണ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ മഹാവീര്ജിയെയാണ് അവര്‍ ചുമതലപ്പെടുത്തിയതെന്നു തോന്നുന്നു, മറ്റാരും ചര്‍ച്ചയില്‍ സംസാരിച്ചു കാണില്ല.
‘ഹോര്‍ത്തുസ് മലബാറിക്കുസ്’ എന്ന് ഇട്ടി അച്ചുതന് വൈദ്യരുടെ സഹായത്തോടെ ഡച്ചുകാര്‍ തയ്യാറാക്കിയ ഔഷധ വിവരണ ഗ്രന്ഥവും അവിടെ പരാമര്‍ശിക്കപ്പെട്ടു. രണ്ടുമൂന്നു മണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പിഎസ്വി നാട്യ സംഘത്തിന്റെ ഒരരങ്ങ് കളിയും കണ്ടാണ് അവര്‍ മടങ്ങിയത്. കളി കാണാന്‍ നില്‍ക്കാതെ അവസാന ബസ്സിന് ഞാന്‍ കോഴിക്കോട്ടേക്കു പോന്നു.
പിന്നെ അവിസ്മരണീയമായ കോട്ടയ്ക്കല്‍ സന്ദര്‍ശനമുണ്ടായി. അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്. ശകുന്തളാ നായര്‍ പാര്‍ലമെന്റംഗമായിരുന്നു. അവരുടെ ഭര്‍ത്താവ് കെ. കരുണാകരന് നായര്‍ക്ക് (അയോധ്യയില്‍ ബാബര്‍ നിര്‍മിച്ച പള്ളിയുടെ താഴു തുറക്കാനും ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനും അനുവാദം നല്കിയ ഫൈസാബാദ് കളക്ടര്‍ കെ.കെ. നായര്‍ തന്നെ) ആയുര്‍വേദ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ വരേണ്ടിയിരുന്നു. അവിടെ വിഐപി സൗകര്യങ്ങളാണ് ഒരുക്കപ്പെട്ടത്. ശകുന്തളാജി പരോള്‍ വാങ്ങി ഭര്തൃശുശ്രൂഷയ്ക്കായി ഒപ്പമുണ്ട്. സംഘനിര്‍ദ്ദേശമനുസരിച്ച് ഏതാനും സ്വയംസേവകര്‍ പ്രബന്ധകരായും ചേര്‍ന്നു. ഒരു ദിവസം മുന്നറിയിപ്പില്ലാതെ അവരെ കാണാന്‍ ചെന്നു. എന്നെ ശകുന്തളാജിയ്ക്കറിയാമായിരുന്നതിനാല് പരിഭ്രമം കൂടാതെ സംസാരിക്കാന്‍ കഴിഞ്ഞു. കെ.കെ. നായരുമായി മലയാളത്തില്‍ തന്നെ സംസാരിച്ചു. അദ്ദേഹത്തിന് എഴുത്തച്ഛന്റെ അധ്യാത്മ രാമായണവും ഭാഗവതവും വേണം. കോഴിക്കോട്ടെത്തിയശേഷം അതിനേര്‍പ്പാടു ചെയ്തു. നഴ്സിങ് ഹോമില്‍നിന്നു പുറത്തിറങ്ങി വന്നപ്പോള്‍ പി.കെ. വാര്യരെ കണ്ടു ‘വിഷ്’ മാത്രം ചെയ്തു പോന്നു.
ജന്മഭൂമി കോഴിക്കോട് സായാഹ്ന പത്രമായി തുടങ്ങിയപ്പോള്‍ അതിനൊരു സ്ഥിരം പരസ്യം ആര്യവൈദ്യശാലയുടെതായി കിട്ടിയാല്‍ നന്നായിരിക്കുമെന്നു കരുതി അദ്ദേഹത്തെ ചെന്നു കണ്ടു. മാസത്തില്‍ ഒരു പരസ്യം വച്ചു തരാം എന്നുപറഞ്ഞ് അപ്പോള്‍ത്തന്നെ ഓര്‍ഡര്‍ ഫോമും മാറ്ററും തയ്യാറാക്കിച്ചു തന്നു. പക്ഷേ അതു മൂന്നുപ്രാവശ്യം വേണ്ടിവന്നില്ല. അപ്പോഴേക്കും അടിയന്തരാവസ്ഥ മൂലം ഞാന്‍ ജയിലിലായി. പത്രം മുടങ്ങുകയും ചെയ്തു.
ആശയപരമായി ജന്മഭൂമിയുമായി അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരിക്കാം. പക്ഷേ പെരുമാറ്റത്തിലും സമീപനത്തിലും ഒരിക്കലും പുഞ്ചിരിയല്ലാതെ അദ്ദേഹത്തില്‍നിന്ന് ദുര്‍മുഖം കാണേണ്ടി വന്നിട്ടില്ല. വിശ്വപ്രസിദ്ധമായ ഒരാരോഗ്യ മഹാ സ്ഥാപനത്തിന്റെ കുലപതിയായി വിലസുന്ന പി.കെ. വാര്യരുടെ ശതായുസ്സില്‍ സന്തുഷ്ടരും പുളകിതരുമാകാത്തവര് ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: