പറങ്കിമാമ്പഴത്തിന്റെ കറയും ചവര്‍പ്പും മധുരവും നുണയുന്ന അവധിക്കാലത്തിന്റെ അറുതിയിലാണ് ഇടവം പെയ്യുന്നത്… കാലവര്‍ഷത്തില്‍ നനഞ്ഞീറനായ പറങ്കിമാവുകളുടെ ചുവട്ടില്‍ നിറയെ കാണുമായിരുന്നു നിറഞ്ഞ ചിരിയോടെ ഇതള്‍ വിടര്‍ത്തി വരുന്ന ആ പുതുനാമ്പുകള്‍…. മണ്ണില്‍ വീണ്, നീണ്ടകാലം സമാധിയിലാണ്ട് പുതിയ പുലരിയിലേക്ക് കണ്ണ് മിഴിക്കുന്ന പറങ്കിമാം തൈകള്‍…. ഒഴിവുകാലത്തില്‍ നിന്ന് പള്ളിക്കൂടത്തിരക്കിലേക്ക് ഓടിക്കയറുന്നതിനിടയില്‍ നിക്കറിന്റെ പോക്കറ്റിലുണ്ടാകും കുരിപ്പണ്ടികള്…. കശുവണ്ടി മുളച്ചുവരുമ്പോള്‍ തളിരിനെ പൊതിഞ്ഞ് വിരിയുന്ന പരിപ്പിന് നാട്ടിന്പുറത്തുകാര് വിളിച്ചുപോരുന്നതാണ് ഈ കുരിപ്പണ്ടി എന്ന വാക്ക്… വലിയ പറങ്കിമാവിനെ തങ്ങള്ക്കുള്ളിലൊളിപ്പിച്ച് പ്രാണന് നല്കി മണ്ണിലേക്ക് എത്തിക്കുന്ന മണിച്ചെപ്പുകള്‍.. പാവപ്പെട്ടവന്റെ അണ്ടിപ്പരിപ്പുകള്‍….. കാലമെത്ര പോയി…. എന്നിട്ടും ഇപ്പോഴും ആ പറങ്കിമാംചുവടുകള് ഒരു ഹരമാണ്… അടര്‍ന്നുവീണ് കിളിര്‍ത്ത പുതുമരത്തൈകളില് നിന്ന് തളിര് പോല്‍ മൃദുലമായ പരിപ്പുകള്‍ അടര്‍ത്തി വായിലേക്കിടുമ്പോള്‍ ഓര്‍മ്മകളില്‍ ആ മഴക്കാലം ഓടിയെത്തും. മഴ പെയ്ത് തീര്‍ന്നാലും തോരാതെ പെയ്യുന്ന പറങ്കാംതോപ്പുകള് വല്ലാത്ത കുളിരേകും….
ഒരു വര്‍ഷം മുമ്പാണ്… ഇതുപോലെ ഒരു അടച്ചിരിപ്പിന്റെ കാലത്ത്… പണ്ട് കൊതി കൊണ്ടും പിന്നെ കൗതുകം കൊണ്ടും ആര്‍ത്തിയോടെ ഓടിപ്പോയി അടര്ത്തിയെടുക്കുമായിരുന്ന ആ പരിപ്പിന് കുരിപ്പുകള് പുതിയ രൂപത്തില്‍ മുന്നിലേക്കെത്തിയത്. ആളാകെ മാറിയിരിക്കുന്നു. പായ്ക്കറ്റില്‍, കൊറിയറില്‍ രാജകീയമായാണ് വരവ്…. മ്മടെ കുരിപ്പണ്ടിക്ക് കാഷ്യൂ സ്പ്രൗട്സ് എന്നാണത്രേ പുതിയ പേര്…. വല്ലാണ്ട് മേനി പറഞ്ഞ് വലിയവരുടെ തീന്മേശയില് കുടിപ്പാര്പ്പുറപ്പിച്ചിരുന്ന അണ്ടിപ്പരിപ്പിനേക്കാള്‍ പ്രൗഢിയിലാണ് കാഷ്യൂ സ്പ്രൗട്സിന്റെ പുത്തന്‍ വിശേഷങ്ങള്‍….
- ഉള്ളിലിരിപ്പിന്റെ കാലത്ത്
”ലോക്ഡൗണൊക്കെയല്ലേ, നമ്മള് ഒരു പരീക്ഷണത്തിലാണ്…” കൂട്ടുകാരന് ബൃജിത് കൃഷ്ണയുടെ അന്നത്തെ വിളിയില്‍ വിരിഞ്ഞതാണ് ഈ കുരിപ്പണ്ടിയുടെ വിജയഗാഥ. ബൃജിത്തിന്റെ പറമ്പില്‍ അടര്‍ന്ന് വീണ് കിളിര്‍ത്തവ… വില്ക്കാനാകാതെ കൂടിക്കിടന്ന പഴകിയ പറങ്കിമാങ്ങകള്ക്ക് ഒന്ന് പൂ
ക്കാന്‍ കൊതിച്ചപ്പോള്‍ ബൃജിത്തിന് തോന്നിയ കൗതുകങ്ങളിലൊന്ന്…. അണ്ടിപ്പരിപ്പ് ഇത്ര മേല്‍ പോഷകസമൃദ്ധമാണെങ്കില് കുരിപ്പണ്ടിക്ക് അതെത്രയുണ്ടാകും എന്ന അന്വേഷണത്തില്‍ നിന്നായിരുന്നു തുടക്കം.
ലോക്ഡൗണില്‍ കേരളം ചക്കയ്ക്ക് പിന്നാലെ പരക്കം പാഞ്ഞപ്പോളാണ് ഇരിട്ടിക്കാരന് ബൃജിത് പറമ്പിലേക്കിറങ്ങിയത്. അന്വേഷണത്തിന്റെ തുടക്കത്തെക്കുറിച്ച് ബൃജിത് കുറിച്ച എഫ്ബി പോസ്റ്റില്‍ അത് രസകരമായി വിവരിച്ചിട്ടുണ്ട്,
”കശുവണ്ടിപ്പരിപ്പ് വില്‍പ്പനക്ക്………
കാര്‍ഷികമേഖല രക്ഷപ്പെടാന്‍ കാര്ഷികോല്പന്നങ്ങള് മൂല്യവര്‍ധിത വസ്തുക്കള്‍ ആകണമെന്ന് കുറേക്കാലമായി പറയുന്നു. ഈ ലോക് ഡൗണ്‍ കാലത്ത് പലരും പരീക്ഷണം നടത്തിയത് ചക്കയില്‍ ആയിരുന്നു. ഞാന്‍ തുടക്കംമുതലേ കശുവണ്ടിയിലാണ് ശ്രദ്ധിച്ചത്. കശുവണ്ടിപ്പരിപ്പിന് സുമാര്‍ 800 രൂപ വരെ വിലയുണ്ട്. ശരാശരി 200 രൂപയെങ്കിലും കശുവണ്ടിക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതാണ്. ലോക്ഡൗണിന് മുന്‍പുവരെ 130 രൂപ വിലയുണ്ടായിരുന്നു. ഇപ്പോള്‍ പകുതി പോലുമില്ല. അപ്പോഴാണ് കശുവണ്ടി മൂല്യവര്‍ദ്ധിത ഉത്പന്നം ആലോചന തുടങ്ങിയത്.
നല്ല രുചിയാണ്, മുളപ്പിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമെന്നും പോഷകസമൃദ്ധം ആകുമെന്നും പലരും പറയുന്നു. ഈ പോസ്റ്റ് കണ്ട് എത്ര ആവശ്യക്കാര്‍ ഉണ്ടോന്ന് നോക്കിയിട്ടാണ് ഞാന്‍ ഇത് മുന്നോട്ടു കൊണ്ടു പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഒരു കിലോ കശുവണ്ടിയില്‍ നിന്നും 600 ഗ്രാം പരിപ്പ് കിട്ടും. അപ്പോള്‍ ഒരു 300 രൂപ ഒരു കിലോ മുളപ്പിച്ച പരിപ്പിന് ലഭിച്ചാല്‍ തന്നെ കൃഷി ലാഭകരം. ഇരിട്ടി കശുവണ്ടി ആണെങ്കില്‍ ലോകത്തിലെ ഏറ്റവും നല്ല കശുവണ്ടിയുമാണ്. മുളച്ചു പൊങ്ങുന്ന പ്രായത്തില്‍ വേര് അതില്‍ ബാക്കി വെച്ച് കഴിഞ്ഞാല്‍ മൂന്നോ നാലോ ദിവസം വരെ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.
അതുകൊണ്ട് എല്ലാവരും മൂപ്പിച്ചാല്‍ ഞാന്‍ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കും, ഇല്ലെങ്കില്‍ ഞാന്‍ തന്നെ ഈ മുളപ്പിക്കാന്‍ വെച്ചത് കറി വെച്ച് കഴിക്കും.
അല്‍- അണ്ടി മുതലാളി”
തമാശയില്‍ പൊതിഞ്ഞ് ബൃജിത്ത് മുന്നോട്ടുവച്ച ഈ ആശയം മണ്ണുത്തിയിലെ കാര്ഷികവിദഗ്ധര്ക്ക് ഇഷ്ടമായി. അവര്‍ ബൃജിത്തുമായി ബന്ധപ്പെട്ടു. എന്ത് കൊണ്ട് ഒരു അല്‍ അണ്ടിമുതലാളി ആയിക്കൂടായെന്ന ഗൗരവമുള്ള ചോദ്യത്തിലേക്കും തുടര്‍ന്നുള്ള അന്വേഷണത്തിലേക്കും ബൃജിത്ത് കടക്കുകയായിരുന്നു.
- ബൃജിത്തിന്റെ വഴി
കൗതുകത്തോടെയാണ് ബൃജിത്തിനെ ഞാന്‍ നോക്കിയിരുന്നത്. ബൃജിത്തിനെ മാത്രമല്ല, പറമ്പില്‍ കിളിര്‍ത്ത് പൊലിഞ്ഞുപോയ എല്ലാ കുരിപ്പണ്ടികളെയും…. നിന്ന നില്പില് എല്ലാം മാറുകയാണ്. ബൃജിത്ത് കൃഷ്ണ എന്ന വിവരാന്വേഷകന്, കമ്പ്യൂട്ടര്‍ ടെക്നോളജിസ്റ്റ്, ഒപ്പം നടന്ന് രാഷ്ട്രീയത്തിലെ ശ്ലീലാശ്ലീലങ്ങള്‍ കൊറിച്ചിരുന്ന ചെറുപ്പക്കാരന്, രഹസ്യങ്ങളുടെ കലവറയ്ക്ക് പിന്നാലെ അതിസാഹസികമായി അലഞ്ഞിരുന്ന യുവാവ് പൊടുന്നനെ മറ്റൊരു രൂപത്തില്‍….
ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബൃജിത്ത് എനിക്ക് കൂട്ടാവുന്നത്. പിന്നെപ്പിന്നെ രഹസ്യങ്ങള്‍ ഉള്ളില്‍ കുമിഞ്ഞുകൂടി പൊട്ടിത്തെറിക്കുമാറാകുമ്പോള് ഒരു വിളിയെത്തും..,,, കറണ്ട് ബില്‍ കൂടുന്നതിലെ കബളിപ്പിക്കലിനെ പറ്റി, സര്‍ക്കാര്‍ കരാറുകളിലെ അവ്യവസ്ഥകളെപ്പറ്റി, കേരളാ ബാങ്കിന് പിന്നിലെ നിഗൂഢനീക്കങ്ങളെപ്പറ്റി….. അങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ, രാഷ്ട്രീയ ചര്‍ച്ചകളിലൂടെ ബൃജിത്ത് എന്റെ വര്‍ത്തമാനങ്ങളുടെ ഭാഗമായി…. തെരഞ്ഞുപിടിച്ച് കൊണ്ടുവരുന്ന വിഷയങ്ങളെക്കുറിച്ച് ആവേശത്തോടെ, അതിലേറെ ആധികാരികമായി അയാള്‍ എഴുതി. ജന്മഭൂമിയുടെ എഡിറ്റ് പേജില്‍ ബൃജിത്ത് പല തവണ പ്രത്യക്ഷപ്പെട്ടു….
- അതിജീവനം ആത്മനിര്‍ഭരം
കോവിഡ് എല്ലാവരെയും മാറ്റി… അന്തരീക്ഷത്തെ മാറ്റി. ബൃജിത്തിനെയും മാറ്റി…. കാലം ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള കുതിപ്പിന്റേതായിരുന്നു. രാജ്യം സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആഹ്വാനം ചെവിക്കൊള്ളുകയായിരുന്നു. രാജ്യത്തെവിടെ നിന്നും സമാനമായ ആത്മവിശ്വാസത്തിന്റെതായ വര്‍ത്തമാനങ്ങള്‍ ഉയര്‍ന്നു. മനസ്സിന്റെ വര്‍ത്തമാനങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരം വിജയഗാഥകള്‍ ലോകത്തിന് മുന്നില്‍ വിളിച്ചു പറഞ്ഞു. സാധാരണക്കാരനെ അസാധാരണക്കാരനാക്കി വളര്‍ത്തുന്ന മനസ്സിന്റെ വര്‍ത്തമാനം ആകെത്തകര്‍ന്ന നാടിന് ആശ്വാസം പകരുന്ന കാലത്താണ് ബ്രിജിത്ത് എന്ന യുവസംരഭകന് പിറക്കുന്നത്….
കരിയില വീണ് മൂടിക്കിടക്കുന്ന വിസ്മയച്ചെപ്പില്‍ നിന്ന് ബൃജിത്ത് മുളപ്പിച്ചെടുത്തതാണ് ഗ്രീന്‍ കാഷ്യൂ…. ചെറിയ ചിന്തയില്‍ വിരിഞ്ഞ വിസ്മയം… മണ്ണുത്തിയിലെ കാര്‍ഷികസര്‍വകലാശാലയുടെ അംഗീകാരം പ്രചോദനമാക്കി ബൃജിത്ത് കളത്തില്‍ കാലുറപ്പിച്ചു. വീടിനോട് ചേര്‍ന്ന് ബൃജിത്ത് കുരിപ്പണ്ടി സംസ്കരണം തുടങ്ങി. ഭാര്യ ശ്രീഷ്മയും മക്കള്‍ നചികേതും ജ്ഞാനേഷും ഒപ്പം കൂടി…. ഒരു സംരംഭകന്റെ പിറവി…. തൊഴിലാളിയും മുതലാളിയും വിതരണക്കാരനും എല്ലാം ഒറ്റയാള്‍…..
മാധ്യമങ്ങളില്‍ ബൃജിത്തും ഗ്രീന്‍ കാഷ്യൂവും വാര്‍ത്തയായി… വ്യവസായികള്‍ സാധ്യതകള്‍ തേടി ബൃജിത്തിനെ വിളിച്ചു. ഇരുപത് കിലോ വരെ മുളപ്പിച്ച കശുവണ്ടി ദിനംപ്രതി ഉണ്ടാക്കാറുണ്ട് ഇപ്പോള്‍ ബൃജിത്ത്. സീസണലായിരുന്നു കുരിപ്പണ്ടിയുടെ വരവെങ്കില്‍ ബൃജിത്തിന്റെ വരവോടെ വര്‍ഷം മുഴുവന്‍ അത് ലഭിക്കുമെന്നായി. കഥ അവിടെ അവസാനിച്ചില്ല… കേന്ദ്രസര്‍ക്കാരിന്റെ കൃഷി വികാസ് യോജന- റമ്യൂണറേറ്റീവ് അപ്രോ
ച്ചസ് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് അലൈഡ് സെക്ടര്‍ റിജുവനേഷന്‍ (ആര്‍കെവിവൈ-ആര്‍എഎഫ്ടിഎഎആര്‍) പദ്ധതിയിലേക്ക് ബൃജിത്തിന്റെ കണ്ടെത്തല്‍ കടന്നുകയറി. ആത്മനിര്‍ഭര്‍ ഭാരതിന്റെ പട്ടികയിലേക്ക് ഒരിനം കൂടി… രാജ്യം വിഭവശാലിയാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഇരിട്ടിയില്‍ നിന്നുള്ള മറുപടി…. ഫെബ്രുവരി, 26, 27 തീയതികളില്‍ ഗോവയില്‍ നടന്ന നാഷണല്‍ കാഷ്യൂ സെമിനാറിലേക്ക് ബൃജിത്ത് നടന്നുകയറിയത് ഈ കണ്ടെത്തലിന്റെ കരുത്തിലായിരുന്നു.
- കൊറിക്കാനും കഴിക്കാനും
വെറുതെ കൊറിക്കാന്‍ മാത്രമല്ല രുചികരമായ ചേരുവകളുമായി പുത്തന്‍ കറിക്കൂട്ടുകളായും മ്മടെ ഈ അണ്ടിക്കുരിപ്പ് മാറി. മുന്തിയ ഇനം തീന്മേശകളില്, വിഐപി കോണ്‍ഫറന്‍സുകളില്‍ ,
കോട്ടും സ്യൂട്ടുമിട്ട് ബൃജിത്തിന്റെ ഗ്രീന്‍ കാഷ്യു നിരന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ വിഐപി
മെനുവില്‍ കൂടുതല്‍ ആരാധകരുള്ള വിഭവമായി അവന് മാറുകയായിരുന്നു.
അണ്ടി കുക്കുറു പക്കോഡ
സ്പ്രൗട് കാട്ജു പനീര്‍ മസാല
ക്രഷ്ഡ് ഗ്രീന്‍ കാഷ്യൂ ബിസ്കറ്റ്
കാഷ്യൂ നട് മില്‍ക്ക് ഷേക്ക്
കാഷ്യൂ സ്പ്രൗട്സ് പിക്കിള്‍….. വറത്തും പൊരിച്ചും മസാലയായും മഞ്ചൂരിയനായുമൊക്കെ ഗ്രീന്‍ കാഷ്യൂ പ്രിയങ്കരനായി….
അണ്ടിപ്പരിപ്പില്‍ നിന്ന് മാത്രമല്ല അണ്ടിക്കുരിപ്പില് നിന്നും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാമെന്ന ബൃജിത്തിന്റെ പരീക്ഷണമാണ് ക്രഷ്ഡ് ഗ്രീന്‍ കാഷ്യൂ ബിസ്കറ്റിലേക്കും അച്ചാറിലേക്കുമൊക്കെ എത്തിച്ചത്. കശുവണ്ടിവികസന കോര്‍പ്പറേഷനും കാപ്പക്സുമൊക്കെ കണ്ടുപഠിക്കണം, പാഴെന്ന് കരുതി പറങ്കാംചോട്ടില് ചവിട്ടിത്തേച്ചുകളഞ്ഞിരുന്ന അണ്ടിക്കുരിപ്പുകള്‍ വിമാനമേറിപ്പറക്കുന്ന പുതിയ വര്‍ത്തമാനങ്ങള്‍.
- ഒപ്പമുണ്ട് കേന്ദ്രസര്‍ക്കാര്‍
ഈ മാറ്റം രാജ്യത്തെ ഏതൊരാള്‍ക്കും സാധ്യമാണെന്ന് തെളിയിക്കുന്നതാണ് തന്റെ ചുവടുവയ്പ്പെന്ന് ബൃജിത്ത് സാക്ഷ്യപ്പെടുത്തുന്നു. യുവസംരംഭകരെ വളര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതികള്‍, സംരംഭകരോട് സൗഹൃദം പുലര്‍ത്തുന്ന കേന്ദ്രസമീപനം…സാഹചര്യം അനുകൂലമാണ്. വഴികള്‍ സുതാര്യമാണ്. ഇടനിലക്കാരില്ലാതെ പ്രധാനമന്ത്രിയിലേക്ക് വരെ എത്താവുന്ന വഴികള്‍ സാധാരണക്കാരന് പ്രാപ്യമായ കാലത്തിന്റെ വിജയമാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍പോലും സമ്പന്നന്റെ തീന്മേശയിലെ പ്രിയവിഭവമായി നമ്മുടെ പറമ്പില്‍ കരിയില മൂടിക്കിടന്ന ഈ അണ്ടിക്കുരിപ്പുകളെ മാറ്റിയെടുത്തത്.
പരീക്ഷണം സമൂഹം അംഗീകരിക്കുന്നതിന്റെ ത്രില്ലിലാണ് ബൃജിത്ത്. വാങ്ങി ഉപയോഗിക്കുന്നവര്‍, ഹോട്ടലുകളിലെ ഉപയോക്താക്കള്‍… എല്ലാവര്ക്കും നല്ല അഭിപ്രായം…. മുന്നേറാന്‍ നൂറ് വഴികള്‍ തുറന്നിട്ട് കേന്ദ്രസര്‍ക്കാര്‍ യുവാക്കള്‍ക്കൊപ്പം ഉള്ളപ്പോള്‍ മടിച്ചുനില്ക്കാതെ കൂടുതല്‍ ആളുകള്‍ ഇത്തരം രംഗങ്ങളിലേക്ക് എത്തണമെന്ന അഭ്യര്‍ത്ഥനയുണ്ട് ബൃജിത്തിന്. നമ്മുടെ വിഭവങ്ങളില്‍ നിന്ന് നമുക്ക് ജീവിക്കാനും നാടിന്റെ സാമ്പത്തികസ്ഥിതിക്ക് മുന്നേറ്റമുണ്ടാക്കുന്നതില്‍ സഹായിക്കാനും കഴിയും… ഈ വഴിയില്‍ മുന്നേറാന്‍ തയ്യാറുള്ളവരെ സഹായിക്കാനും ബൃജിത്ത് സന്നദ്ധമാണ്…. ഗ്രീന്‍ കാഷ്യൂവിന് കൂടുതല്‍ ഇടങ്ങളില്‍ വിതരണക്കാരും വില്‍പ്പനക്കാരും വേണം… കൂടുതല്‍ യുവാക്കള്‍ സംരംഭകരായി രംഗത്തുവരണം…. ഒരു വിളിപ്പുറത്ത് വിജയത്തിന്റെ കഥയുമായി ബൃജിത്തുണ്ട്.
ബൃജിത്ത് കൃഷ്ണയുടെ നമ്പര്‍
നമ്പര്‍: 9447178995
പ്രതികരിക്കാൻ ഇവിടെ എഴുതുക: