എല്ലാം കഴിഞ്ഞ് ക്ഷേത്രത്തിലാണിപ്പോള് കൈവെച്ചിരിക്കുന്നത്. സര്‍വരുടെയും ആരോഗ്യം നോക്കുന്ന നേരത്ത് സ്വന്തം ആരോഗ്യം നോക്കാന്‍ പറ്റാത്തതിന്റെ ദേഷ്യം ക്ഷേത്രമുറ്റത്താവാം – അതും ശിവ ക്ഷേത്രമുറ്റത്താവാം എന്നത്രേ കെ.കെ.ശൈലജ (അതേന്ന് ചിലരൊക്കെ ടീച്ചറമ്മ എന്നു വിളിക്കുന്ന ടിയാള്‍ തന്നെ. ജനിക്കുമ്പോള്‍ ടീച്ചറല്ലാത്തതിനാല് ആ വിളിക്ക് അത്ര പ്രസക്തിയില്ല) യുടെ നിലപാട്.
ലോകത്തിലെ സകലമാന സംഗതികളെക്കുറിച്ചും ബോധ്യമുള്ളതിനാല്‍ ശൈലജയ്ക്ക് എന്തും പറയാന്‍ അവകാശവും അധികാരവും ഉണ്ടെന്ന് മൂത്ത സഖാക്കള്‍ കട്ടായം പറയുന്നു. പക്ഷേ, ഹിന്ദുക്കളും അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടവയുമായി മാത്രമേ പറയാന്‍ പാടുള്ളൂ. അങ്ങനെയല്ലാതെ വന്നാല്‍ സംഗതി കഠിനാല്‍ കഠിനമായിരിക്കും.
നിയമസഭയില്‍ ശൈലജ പറഞ്ഞ ഒരു കാര്യം ശിവക്ഷേത്രദര്ശനത്തെക്കുറിച്ചാണ്. തികഞ്ഞ അന്ധവിശ്വാസമാണത്രേ അത്. അന്ധവിശ്വാസം എന്നത് അന്ധന്മാരുടെ വിശ്വാസമെന്നോ വിശ്വാസത്തിന്റെ അന്ധതയെന്നോ സമാസിക്കാനൊന്നും ശൈലജ മിനക്കെട്ടിട്ടില്ല. അത് അന്ധവിശ്വാസമാണ്, അത്ര തന്നെ!
മേപ്പടി സഭയില്‍ ഇടതിലും വലതിലും ഇരിക്കുന്നവര്‍ക്ക് ഇക്കാര്യത്തിലെ ന്യായാന്യായതകളൊന്നും പ്രശ്നമല്ല. ഹിന്ദുക്കളുടെ കാര്യം വരുമ്പോള്‍’ ഞങ്ങളൊന്നും ഇന്നാട്ടുകാരല്ല’ എന്ന സ്റ്റൈലിലാണ്. ഹിന്ദുക്കള്‍ക്കും അവരുടെ വിശ്വാസ- ആദര്‍ശങ്ങള്‍ക്കും വേണ്ടി രണ്ടു വാക്കു പറയാന്‍ ആരുമില്ല. അതിനാല്‍ തന്നെ ശൈലജയ്ക്കും കൂട്ടര്‍ക്കും എന്തും പുലമ്പാം.
നാളിന്നോണം ക്ഷേത്രമെന്താണ്, അതിന്റെ നിര്‍മിതി, അതിന്റെ സംസ്കാരം, സ്വാധീനം ഇത്യാദികളെക്കുറിച്ച് അജ്ഞയായ ശൈലജ പാര്‍ട്ടി ഓഫീസു പോലുള്ള ഒരിടം ആണ് അതെന്നാണ് കരുതിയിരിക്കുന്നത്. (തെരഞ്ഞെടുപ്പു കാലത്തെ സ്ഥിതി വേറെ)
പാര്‍ട്ടി ഓഫീസിലെ തിസീസും ആന്റി തിസീസും എന്താണെന്ന് നാം ഷൊര്‍ണൂരില്‍ നിന്നു കണ്ടു. ഒരുപാടു ശശിമാരുടെ ലീലാവിലാസങ്ങള്‍ കേട്ടറിഞ്ഞ ശൈലജയുടെ നിരീക്ഷണത്തില്‍ ശിവക്ഷേത്രങ്ങളില്‍ (എല്ലാ ക്ഷേത്രങ്ങളിലും) ഇങ്ങനെയാവാനാണ് തരമെന്ന് കണക്കുകൂട്ടി.
എന്നാല്‍ ഭഗവത് ഗീതയില്‍ ഭഗവാന് കൃഷ്ണന് അര്ജുനനോട് എന്താണ് ക്ഷേത്രമെന്ന് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. അത് ഇപ്രകാരമാണ്:’ ഇദം ശരീരം കൗന്തേയ / ക്ഷേത്രമിത്യഭിധീയതേ / ഏതദ്യോ വേത്തി തം പ്രാഹു:/ ക്ഷേത്രജ്ഞ ഇതി തദ്വിദ:/
അര്‍ജുന, ഈ ശരീരത്തെ ക്ഷേത്രമെന്നു വിളിച്ചു പോരുന്നു. ഈ ശരീരത്തെ അറിയുന്നവനെ ക്ഷേത്രേജ്ഞനെന്നും അതിനെപ്പറ്റി അറിവുള്ളവര്‍ പറയുന്നു. ഇത് അര്ജുനനോട് മാത്രമായി പറഞ്ഞതല്ല. ലോകത്തിന്റെ വെളിച്ചമെന്ന് ജര്‍മനിയും ജപ്പാനും ഫ്രാന്‍സുമുള്‍പ്പെടെ വിശേഷിപ്പിക്കുന്ന ഭഗവത്ഗീതയില്‍ വ്യക്തമാക്കിയതാണ്. ഭാരതത്തിന്റെ മടിത്തട്ടില്‍ പിറന്ന ജ്ഞാനത്തെ തിരിച്ചറിയാത്തവര്‍ ഇന്നും അന്ധവിശ്വാസമെന്നും അനാചാരമെന്നും കപട അനുഷ്ഠാനമെന്നും പറഞ്ഞു നടക്കുമ്പോള്‍ ആര്‍ക്കാണ് യഥാര്‍ഥ കാഴ്ചപ്പാടുള്ളതെന്ന് തിരിച്ചറിയണം. ശൈലജയുടെ മുന്‍ഗാമിയായ ശ്രീമതി ഒന്നുകൂടി മ്ലേച്ഛമായ നിരീക്ഷണം നടത്തിയത് ഇത്തരുണത്തില്‍ ഓര്‍ക്കണം. സ്ത്രീകള്‍ അമ്പലക്കുളത്തില്‍ മുങ്ങിനിവര്‍ന്ന് ദര്‍ശനം നടത്തുന്നതിനെ കഴുകദൃഷ്ടിയില്‍ കണ്ടതാണല്ലോ ആ മഹതിയുടെ മേന്മ. പാര്‍ട്ടി ഓഫീസിന്റെ പരിഹാസ്യതയിലേക്കാണ് ഇരുവരും അവരുടെ ഒത്താശക്കാരും അറിയാതെ വിരല്‍ ചൂണ്ടിയതെന്ന് വ്യക്തം.
ഏറ്റവും ഉത്തമത്തിലുള്ളതും ശാസ്ത്രീയവുമാണ് ക്ഷേത്രത്തിന്റെ നിര്‍മിതി. അത് വെറുമൊരു കൂടാരമോ വീടോ ആലയമോ അല്ല. അവിടെ പോയാല്‍ , അതിന്റെ പ്രതലത്തിലൂടെ നടന്നാല്‍ ശാരീരിക, മാനസിക, ആത്മീയ ,ഭൗതിക, ആരോഗ്യമാണ് തനിയേ വന്നുഭവിക്കുക. ക്ഷേത്രത്തില്‍ നില നില്ക്കുന്ന അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ അഭൗമമായ ഒരു ഊര്‍ജം ഭക്തനെ വലയം ചെയ്യുകയാണ്. പ്രദക്ഷിണത്തിലൂടെ രക്തസമ്മര്‍ദ്ദ പ്രശ്നങ്ങള്‍ ഇല്ലാതാവുന്നു. സൂര്യരശ്മിയിലൂടെ വിറ്റാമിന്‍ ഡി സമൃദ്ധമായി കിട്ടുന്നു. ഏറ്റവും മികച്ച പ്രതിരോധമാണ് ശരീരത്തിന് അതു വഴി കിട്ടുന്നത്. ഓക്സിജന്‍ സമൃദ്ധമായി കിട്ടുന്ന മറ്റൊരു സ്ഥലമാണ് ക്ഷേത്രത്തിലെ ആല്‍മരച്ചുവട്. ഏഴു തവണ ആല്‍മരപ്രദക്ഷിണം വിഭാവനം ചെയ്തതു തന്നെ അത്രയും ഓക്സിജന്‍ ശരീരത്തിനു കിട്ടാന്‍ വേണ്ടിയാണ്. അതുവഴി സപ്തര്‍ഷികളെയും സപ്തമാതാക്കളെയും സപ്തസ്വരങ്ങളെയും … മറ്റും മറ്റും ഓര്‍ക്കാന്‍ സാധിക്കുന്നു. അറിയാതെ ബുദ്ധിയും വളരുന്നു. ശിവലിംഗത്തിന്റെ രൂപം
തന്നെ പ്രപഞ്ചത്തിന്റെ ആകൃതിയിലാണ്. ആചാര്യന്മാര് ബ്രഹ്മാണ്ഡം എന്നു പറഞ്ഞത് ഏതെങ്കിലും പരിഹാസ്യ മുദ്രാവാക്യം പോലെയല്ല. ന്യൂട്രോണും പ്രോട്ടോണും ഇലക്ട്രോണും ചേര്‍ന്ന ആറ്റത്തിന്റെ ഘടനാവിശേഷത്തിന്റെ ഉള് പ്പൊരുളിലേക്കുള്ള കണ്ണോട്ടമാണ് ആത്യന്തികമായി അവിടെ സംഭവിക്കുന്നത്. താളം തെറ്റാത്ത ജീവിതത്തിന്റെ ‘ശിവാ ‘വസ്ഥയിലേക്കുള്ള ഉയര്‍ന്നു പറക്കല്‍ ഓരോ പ്രദക്ഷിണത്തിലും സംഭവിക്കുന്നു.ആ ശിവം ഇല്ലാതായാല്‍ ‘ശവം ‘ ആയി. ഇതെല്ലാം അറിഞ്ഞിട്ടാണോ ക്ഷേത്രദര്‍ശനം നടത്തുന്നത് എന്നാവും ശൈലജയും പ്രഭൃതികളും ചോദിക്കുക. അറിഞ്ഞില്ലെങ്കിലും അങ്ങനെയൊക്കെ സംഭവിക്കും. കാരണം ഋഷീശ്വരന്മാര് അനുഭവസ്ഥലികളില്‍ നിന്ന് ആത്മ നിര്‍വൃതിയോടെ രൂപപ്പെടുത്തിയതാണ്.
മറ്റുള്ളവനെ കൊല്ലാനും വോട്ടു നേടാനുള്ളചതിപ്രയോഗത്തിന് അരങ്ങൊരുക്കാനും ഉപയോഗിക്കുന്ന പാര്‍ട്ടിഓഫീസുകളുടെ ക്രൗര്യവും കാടത്തവും ക്ഷേത്രങ്ങളില്‍ ഉണ്ടെന്ന് കരുതുന്നുവെങ്കില്‍ അതൊരു ഹിമാലയന്‍ വിഡ്ഢിത്തമാണ്. ക്ഷേത്രത്തെയും അവിടത്തെ സംസ്കാരത്തെയും അറിയുന്നവര്‍ വലിയ പ്രകാശഗോപുരമാവുന്നു. അത്ര അറിയാത്തവര്‍ ആ പ്രകാശം കണ്ട് വഴിനടക്കുന്നു. അത്യാവശ്യം അറിവുള്ളവരും വിശ്വാസികളും ദര്‍ശനത്തിന് പോകാത്തവരും അങ്ങനെയൊരു വെളിച്ചമുള്ളത് നന്മയ്ക്കെന്ന് കരുതുന്നു. ശൈലജയെ പോലുള്ളവര്‍ ആ വെളിച്ചത്തിനു നേരെ ഓരിയിടുന്നു. അത്തരക്കാരോട് ഭഗവാന് ഇതാ ഇങ്ങനെ പറയുന്നു: ‘ ഞാനറിയുന്നു, ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്നിങ്ങനെയുള്ള ഭാവം ഓരോരുത്തര്‍ക്കുമുള്ളതാണ്. ഈ ‘ഞാന്‍’ ഭാവത്തെയാണ് അഹങ്കാരമെന്നു വിളിക്കുന്നത്. അഹങ്കാരത്തോടൊപ്പം വരുന്നതാണ് മമകാരം – ‘എന്റേത് ‘ എന്ന ഭാവം. ഇവിടെ ക്ഷേത്രദര്ശനത്തിലേക്ക് അരിവാളു വീശിയ ശൈലജയും സംഘവും മറ്റ് ആലയങ്ങളെ ‘വിശുദ്ധ’ മാക്കി വെക്കും. അത് എന്തുകൊണ്ടാണെന്ന തിരിച്ചറിവ് പതിയെപ്പതിയെ എല്ലാവര്ക്കും ഉണ്ടാവുന്നുണ്ട്. ഇനി അറിഞ്ഞാലും ഇല്ലെങ്കിലും വിശ്വസിച്ചാലും ഇല്ലെങ്കിലും ‘നമശ്ശിവായ’ എന്നു ജപിച്ചു കൊള്ളുക. കമ്യൂണിസ്റ്റ് കാട്ടാളത്തം അലിഞ്ഞലിഞ്ഞ് ‘തീര്‍ഥ’ സമാനമാവും.
(ക്ഷേത്രം സംബന്ധിച്ച ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ഉദിത് ചൈതന്യയോട് കടപ്പാട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: