കോണ്‍വാള്‍: ചൈനയെ പിന്തള്ളാന് ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജി7 നീക്കം. ലോകത്തിലെ ശക്തവും സമ്പന്നവുമായ ജനാധിപത്യരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 രാഷ്ട്രങ്ങളുടെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു ഈ പദ്ധതിയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്. ചൈന വികസ്വര രാഷ്ട്രങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ തയ്യാറാക്കിയ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകര്‍ഷകമായ അടിസ്ഥാന സൗകര്യവികസനപദ്ധതിയാണ് ജി7 അവതരിപ്പിക്കുക. ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ് എന്ന പേരിലായിരിക്കും ഈ പദ്ധതി നടപ്പാക്കുക.
ചൈന 2013ല്‍ ആരംഭിച്ച ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയില്‍ പെടുത്തുന്ന പദ്ധതിയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങള്‍ ചൈനയുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടി വരും. ഇതിന് ഉദാഹരണമാണ് ശ്രീലങ്കയുടെ 660 ഏക്കര്‍ ഭൂമിയിലുള്ള ഹംബന്‍ടോട്ട തുറമുഖം ചൈന കയ്യടക്കിയത്. ചൈനയുടെ വായ്പയിലാണ് ഈ തുറമുഖം പണിതത്. പക്ഷെ വായ്പ തിരിച്ചടയ്ക്കാതായപ്പോള്‍ ചൈന തനിനിറം പുറത്തെടുത്തു. തുറമുഖം സ്ഥിതിചെയ്യുന്ന 660 ഏക്കറും ഇപ്പോള്‍ ചൈനയുടെ പരമാധികാരത്തിലാണ്. ഇവിടെ ചൈന അവര്‍ക്കായി ഒരു പുതു നഗരം പണിതുയര്‍ത്തുകയാണ്.
എന്നാല്‍ ചൈനയുടെ ഈ കുത്സിത ലക്ഷ്യങ്ങളില്ലാതെ, എല്ലാ രാജ്യങ്ങളിലും അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ നടപ്പാക്കുകയാണ് ജി7 രാജ്യങ്ങള്‍ ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡിലൂടെ ഉദ്ദേശിക്കുന്നത്.
വികസ്വര രാഷ്ട്രങ്ങള്‍ക്കായി 40 ട്രില്ല്യണ്‍ ഡോളര്‍ ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിനായി കൂടുതല്‍ പണം ചെലവാക്കും. പരിസ്ഥിതി, കാലാവസ്ഥ, തൊഴില്‍, സുതാര്യത, അഴിമതിയില്ലായ്മ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും ധനസഹായം നല്‍കുക. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മൂന്നാം ദിവസമായ ഞായറാഴ്ച ഉണ്ടായേക്കും.
ഇതുവഴി ചൈനയുടെ മുന്നേറ്റത്തിന് തടയിടാനാകുമെന്ന് കരുതുന്നു. ഇപ്പോള്‍ ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും കൂടുതല്‍ രാഷ്ട്രങ്ങളെ പിന്‍വലിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആസ്ത്രേല്യ ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോഴും ഇറ്റലിയും യൂറോപ്യന്‍ യൂണിയന് അംഗമായ ഗ്രീസും ചൈനയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. യുഎസ്, കാനഡ, ബ്രിട്ടന്, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന് എന്നിവ ഉള്‍പ്പെട്ടതാണ് ജി7 രാഷ്ട്രങ്ങള്‍. ഇവയ്ക്ക് പുറമെ യൂറോപ്യന്‍ യൂണിയനും അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: